ചിറകൊടിഞ്ഞ കിനാക്കള്‍; എയര്‍കേരള പദ്ധതി ഇല്ലെന്നു മുഖ്യമന്ത്രി!!!
ദുബായ്: ഗള്‍ഫ് മലയാളികള്‍ ഏറെ നാളായി സ്വപ്‌നം കണ്ട് നടക്കുന്ന എയര്‍കേരള പദ്ധതി ഈ സര്‍ക്കാറിന്റെ കാലത്ത് നടപ്പിലാകില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എയര്‍കേരള പദ്ധതി ഏതായാലും ഈ സര്‍ക്കാറിന്റെ അജണ്ടയില്‍ ഇല്ലെന്നു അദ്ദേഹം തുറന്നടിച്ചു സമ്മതിച്ചു. പ്രവാസി മലയാളികളുടെ ഏറെ കാലത്തെ ദുരിതമായ വിമാന യാത്രക്കൂലിയുടെ കാര്യത്തില്‍ കേരള സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു തന്നെ പിണറായിയുടെ മറുപടിയില്‍ നിന്നും വ്യക്തമാണ്. വിമാനയാത്രക്കൂലിയുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതും വിമാനകമ്പനികളുമായി ചര്‍ച്ച നടത്തേണ്ടതും കേന്ദ്ര സര്‍ക്കാരാണ്.

എന്നാല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ദയില്‍പ്പെടുത്തിയിട്ടു പോലും ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രിയേയും ഉദ്യോഗസ്ഥരേയും നേരില്‍ കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കി കൊടുത്തതാണ്. എന്നാല്‍ എല്ലാം വെറുതെ ഒരു ചടങ്ങുകള്‍ മാത്രമായി മാറിയന്നല്ലാതെ അതിന്റെ പ്രയോജനങ്ങള്‍ പ്രവാസികള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പിണറായി സമ്മതിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഉമ്മന്‍ചാണ്ടിയുടെ അവസാന ഗള്‍ഫ് സന്ദര്‍ശനത്തിലും എയര്‍കേരളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെ കുറെ മുന്നോട്ട് പോയിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതോടെ പദ്ധതി നടപ്പിലാകുമെന്നുമാണ് പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍ പ്രവാസികള്‍ക്ക് ഭരണകൂടത്തില്‍ നിന്നും ലഭിക്കുന്ന ഇത്തരത്തിലുള്ള വാക്കുകള്‍ പാഴ്‌വാക്കുകളായി മാറുന്ന കാഴ്ചയിലേക്ക് എയര്‍കേരള എന്ന സ്വപ്‌ന പദ്ധതിയും ഇടം നേടിയിരിക്കുകയാണ്.












Click it and Unblock the Notifications