ദുബായില്‍ വെച്ച് മകനേയും മമ്മൂട്ടിയേയും കണ്ട് പിണറായി; നാളെ കേരളത്തില്‍
അബുദാബി: യൂറോപ്യന്‍ പര്യടനത്തിന് ശേഷം യു എ ഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെ ജോലി ചെയ്യുന്ന മകന്‍ വിവേക് കിരണിനെ സന്ദര്‍ശിച്ചു. ഒക്ടോബര്‍ 12 നാണ് മുഖ്യമന്ത്രിയും കുടുംബവും യു എ ഇയിലെത്തിയത്.
സ്വകാര്യസന്ദര്‍ശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അബുദാബിയില്‍ എത്തിയത്. ദുബായില്‍ വെച്ച് ഓണ്‍ലൈന്‍ ആയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തത്.

അതേസമയം നടന്‍ മമ്മൂട്ടിയുമായും മുഖ്യമന്ത്രി ദുബായില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. സിനിമ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി ദുബായിലുണ്ട്. ദുബായ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ചാണ് നടന്‍ മമ്മുട്ടിയെ മുഖ്യമന്ത്രി കണ്ടത്. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കും. രാത്രി 9.30 നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ആണ് മുഖ്യമന്ത്രി മടങ്ങുന്നത്.

ശനിയാഴ്ച പുലര്‍ച്ചയോടെ മുഖ്യമന്ത്രിയും കുടുംബവും നാട്ടില്‍ എത്തും. ബുധനാഴ്ച രാവിലെ 6.30 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തിയത്. ഇവിടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഉള്ള പ്രതിനിധി എത്തിയിരുന്നു. ഭാര്യ കമല, മകള്‍ വീണ വിജയന്‍, കൊച്ചുമകന്‍ ഇഷാന്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ദുബായില്‍ എത്തിയത്.

യൂറോപ്യന്‍ സന്ദര്‍ശനത്തിന് ശേഷം പൊടുന്നനെ ആണ് മുഖ്യമന്ത്രി ദുബായ് സന്ദര്‍ശനം അറിയിച്ചത്. യു എ ഇയില്‍ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ഒക്ടോബര്‍ ഒന്ന് മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വിദേശ പര്യടനത്തിലായിരുന്നു. ഫിന്‍ലന്‍ഡ്, നോര്‍വേ, യു കെ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രിയും സംഘവും തീരുമാനിച്ചിരുന്നത്.

എന്നാല്‍ മുന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നു ഫിന്‍ലന്‍ഡ് യാത്ര ഒഴിവാക്കി മറ്റു രാജ്യങ്ങളാണ് മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചത്. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹ്മാന്‍, വീണാ ജോര്‍ജ്, വി ശിവന്‍കുട്ടി തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ യൂറോപ്യന്‍ പര്യടനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications