ദുബായിലേക്ക് വിസിറ്റ് വിസയിൽ പോകാൻ പ്ലാനുണ്ടോ? നിയമങ്ങൾ മാറി..കൈയ്യിൽ 1.13 ലക്ഷം രൂപ വേണം, അറിയാം
ജോലിയെന്ന സ്വപ്നവുമായി മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പേരാണ് സന്ദർശക വിസയിൽ ഓരോ ദിവസം ദുബായിൽ എത്തുന്നത്. വലിയ ചിലവില്ലാതെ അവിടെ എത്താമെന്നതും കുറഞ്ഞ ചിലവിൽ ജീവിക്കാമെന്നതുമെല്ലാമാണ് ദുബായിലേക്ക് പറക്കാൻ പലരേയും പ്രേരിപ്പിക്കുന്നത്. എന്നാൽ ഇനി ദുബായിൽ വിസിറ്റ് വിസയിൽ പോകുന്നത് അത്ര എളുപ്പമായിരിക്കില്ല. സന്ദർശക വിസ സംബന്ധിച്ച നിയമങ്ങളിൽ പുതിയ മാറ്റം അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. വിശദമായി അറിയാം
വിസിറ്റ് വിസയിൽ യുഎഇയിലേക്ക് പോകുന്നവർക്ക് റിട്ടേൺ ടിക്കറ്റും വിസയും കൂടാതെ ഹോട്ടൽ ബുക്കിംഗിന്‍റെ രേഖകളും ചെലവുകൾക്കായി ഒരു നിശ്ചിത തുകയും കൈയ്യിൽ കരുതണമെന്നാണ് നിർദ്ദേശം. ഒരു മാസത്തെ വിസയ്ക്ക് 3000 ദിർഹവും (68,000 രൂപ) രണ്ട് മാസത്തെ വിസയ്ക്ക് 5000 ദിർഹവും (1.13 ലക്ഷം) യാത്രക്കാർ കരുതണം. ഇത് അക്കൗണ്ടിലോ ക്രെഡിറ്റ് കാർഡിലോ കരുതാം. നിയമങ്ങൾ പാലിക്കാത്തവർക്ക് 5000 ദിർഹം വീതം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പുള്ളത്.

മതിയായ രേഖകളില്ലാതെ യാത്രക്കാർ യുഎഇയിൽ ഇറങ്ങുകയാണെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം എയർലൈൻ കമ്പനികൾക്കായിരിക്കും. അതുകൊണ്ട് തന്നെ വിമാനക്കമ്പനികൾ ഇത് സംബന്ധിച്ചുള്ള പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രേഖകളില്ലാതെ എയർപോർട്ടിലെത്തിയ പലരുടേയും യാത്ര മുടങ്ങി. വീസയും വിമാന ടിക്കറ്റും മാത്രമായി എയർപോർട്ടിൽ എത്തിയ നൂറുകണക്കിന് പേരാണ് യാത്ര ചെയ്യാനാകാതെ വീട്ടിലേക്ക് മടങ്ങിയത്. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് ഇക്കൂട്ടത്തിൽ പലരും. കഴിഞ്ഞ ദിവസം കൊച്ചി എയർപോർട്ടിൽ മാത്രം 20 യാത്രക്കാരെയാണ് തടഞ്ഞത്. കോഴിക്കോട് എയർപോർട്ടിൽ 5 പേർക്കും യാത്ര ചെയ്യാൻ സാധിച്ചില്ല. ഇതുവരെ 30 ഓളെ യാത്രക്കാർക്ക് കോഴിക്കോട് നിന്ന് യാത്ര ചെയ്യാൻ സാധിക്കാതെ വന്നതായി അധികൃതർ അറിയിച്ചു.
ദുബായിൽ ഉള്ള ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കൃത്യമായ വിവരങ്ങളും മേൽവിലാസവുമെല്ലാം പങ്കുവെച്ചെങ്കിലും യാത്ര അനുവദിക്കില്ലെന്ന കർശന നിലപാടാണ് എയർപോർട്ട് അധികൃതർ സ്വീകരിച്ചത്. മാത്രമല്ല യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരിച്ച് നൽകാനോ പകരം മറ്റൊരു ദിവസം യാത്ര അനുവദിക്കാനോ വിമാനക്കമ്പനികൾ തയ്യാറായില്ല.
സന്ദർശകർക്കുള്ള മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
1.സന്ദർശനത്തിൻ്റെ ഉദ്ദേശ്യം, താമസ സൗകര്യങ്ങൾ, ചെലവുകൾക്കുള്ള ഫണ്ട് എന്നിവ സംബന്ധിച്ച് കൃത്യമായ പരിശോധന ഉണ്ടാകും.. മതിയായ രേഖകൾ ഇല്ലെങ്കിൽ യാത്രക്കാരെ തടഞ്ഞ് വെയ്ക്കും.
2.ടൂറിസ്റ്റ് വിസയിലുള്ള സന്ദർശകർക്ക് ജോലിയെടുക്കാനുള്ള അനുമതി ഉണ്ടായിരിക്കില്ല.
3.തൊഴിൽ വിസയിൽ എത്തുന്ന സന്ദർശകർ പ്രവേശനത്തിന് ശേഷം വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കണം
4.സന്ദർശകർ അവരുടെ ഹോട്ടൽ താമസം, റിട്ടേൺ ടിക്കറ്റുകൾ, ലഭ്യമായ ഫണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകണം
5.സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കുന്നവർ അവരുടെ ആതിഥേയരുടെ വിസയുടെയും പാസ്‌പോർട്ടുകളുടെയും പകർപ്പുകൾ, ബന്ധപ്പെടാനുള്ള വിശദാംശങ്ങളും താമസ വിവരങ്ങളും സഹിതം നൽകണം












Click it and Unblock the Notifications