ഖത്തര്‍ എയര്‍വേയ്‌സ് വിമാനം റദ്ദാക്കി; കോഴിക്കോട്-ദോഹ യാത്ര വൈകും, ബദല്‍ സംവിധാനം ഒരുക്കുന്നു
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പോകേണ്ടിയിരുന്ന വിമാനം റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് റദ്ദാക്കിയത്. ബദല്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് എന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാണ് യാത്ര റദ്ദാക്കിയതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഖത്തറിന്റെ ഔദ്യോഗിക വിമാനമാണ് ഖത്തര്‍ എയര്‍വേയ്‌സ്.
ഇന്ന് പുലര്‍ച്ചെ 3.30നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദോഹ വിമാനം പുറപ്പെടേണ്ടിയിരുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ വിമാനത്തില്‍ കയറുകയും ചെയ്തു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളാല്‍ യാത്ര തുടങ്ങാനായില്ല. 135 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇവരെ ഹോട്ടലിലേക്ക് മാറ്റുമെന്നും അവര്‍ അറിയിച്ചു.

ഖത്തറില്‍ നിന്ന് മറ്റൊരു ഖത്തര്‍ എയര്‍വേയ്‌സ് വിമാനം എത്തിക്കാനുള്ള ആലോചന നടക്കുന്നുണ്ട്. കോഴിക്കോടുള്ള വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമവും തുടരുകയാണ്. 10 മണിക്കൂറോളം യാത്ര വൈകുമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ഇന്ന് വൈകീട്ടോടെയാണ് ദോഹയിലേക്ക് വിമാനം പുറപ്പെടുക എന്നും യാത്രക്കാരില്‍ ചിലരെ അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. 80 പവന്‍ സ്വര്‍ണം വളകളുടെ രൂപത്തില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിനി ജോസിയാണ് അറസ്റ്റിലായിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇറ്റലിയില്‍ നിന്ന് ദോഹ വഴി നെടുമ്പാശ്ശേരിയിലെത്തിയതാണ് ജോസി.
ക്രീം ബോക്‌സിനകത്ത് നാല് വളകളാണ് കണ്ടൈടുത്തത്. ഓരോന്നും 20 പവന്‍ വീതമുണ്ടായിരുന്നു. ഗ്രീന്‍ ചാനല്‍ വഴി ഇവര്‍ പോകുമ്പോള്‍ സംശയം തോന്നിയാണ് പരിശോധിച്ചത്. 34 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നതെന്ന് കസ്റ്റംസ് അറിയിച്ചു. ജോസിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications