ഹജ്ജിന് പോകുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക; പുതിയ നിര്‍ദേശം പാലിക്കണമെന്ന് ഖത്തര്‍
കൊറോണ വാക്‌സിനേഷന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം. ഇതിന്റെ രേഖ ഹജ്ജ് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം

ദോഹ: ഹജ്ജിന് പോകാന്‍ ഉദ്ദേശിക്കുന്ന ഖത്തറിലെ പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശവുമായി മതകാര്യ മന്ത്രാലയം. എല്ലാവരും കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തിരിക്കണം. ആദ്യ ഡോസും രണ്ടാമത്തെ ഡോസും സ്വീകരിച്ചതിന്റെ തിയ്യതി വ്യക്തമാക്കണം. വാക്‌സിനേഷന്‍ എടുത്തതിന്റെ തെളിവ് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. 40 വയസില്‍ കുറയാത്തവരായിരിക്കണമെന്ന നിബന്ധനയും പ്രവാസികള്‍ക്കുണ്ട്. പത്ത് വര്‍ഷം ഖത്തറില്‍ താമസിക്കുന്നവരുമാകണം. അതേസമയം, ഖത്തരികളായ ഹജ്ജ് അപേക്ഷകര്‍ക്ക് പ്രായപരിധി 18 ആണ്.
ഹജ്ജ് അപേക്ഷകര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കണം. കാര്‍ഡിന്റെ കാലാവധിയും വ്യക്തമാക്കണം. ഇക്കാര്യം ഹജ്ജ് വെബ്‌സൈറ്റില്‍ അറിയിക്കണം. ഇതോടൊപ്പം ഫോണ്‍ നമ്പറും നല്‍കണം. മൊബൈലിലേക്ക് ഒരു ലിങ്ക് മെസേജായി വരും. ഇതില്‍ കയറി പാസ്‌പോര്‍ട്ട്, ഇമെയില്‍, മറ്റു വിവരങ്ങള്‍ എന്നിവ നല്‍കണം.
കൂടെ മറ്റാരെങ്കിലും ഹജ്ജിന് വരുന്നുണ്ടെങ്കില്‍ അവരുടെ വിവരങ്ങളും സമര്‍പ്പിക്കണം. ശേഷമാണ് അപേക്ഷ സബ്മിറ്റ് ചെയ്യേണ്ടത്. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഒരു നമ്പര്‍ അപേക്ഷകന് ലഭിക്കും. അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഈ നമ്പര്‍ ആവശ്യമാണ്.
ഫെബ്രുവരി 12 മുതല്‍ വെബ്‌സൈറ്റില്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങും. മാര്‍ച്ച് 12 വരെ സ്വീകരിക്കും. ശേഷം 10 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കും. ഹജ്ജിന് ഏറ്റവും മാന്യമായ നിരക്ക് തന്നെ ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്ന് ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൗദി അറേബ്യന്‍ ഭരണകൂടം ഖത്തറിന് ഹജ്ജ് ക്വാട്ട അനുവദിച്ചിട്ടുണ്ട്. അത്രയും പേര്‍ക്കാണ് ഹജ്ജിന് അനുമതി ലഭിക്കുക.












Click it and Unblock the Notifications