'ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ ജോലി, വിസയ്ക്ക് പണം വേണം'; നഷ്ടമായത് രണ്ടര ലക്ഷം
മുംബൈ: കേള്‍ക്കുമ്പോള്‍ നല്ല വാക്കുകളും വാഗ്ദാനങ്ങളുമായിരിക്കും. എന്നാല്‍ കുരുക്കാണെന്ന് മനസിലാകാന്‍ വളരെ വൈകും. അപ്പോഴേക്കും നമ്മുടെ പണവും മറ്റുമെല്ലാം നഷ്ടമായിട്ടുണ്ടാകും. ഒട്ടേറെ വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും കാണാം. വേഗത്തില്‍ അവരുമായി ബന്ധപ്പെടുന്നതിന് മുമ്പ് വിശദമായി അന്വേഷണം നടത്തുന്നത് നന്നാകും.
നല്ല ജോലിയും ഉയര്‍ന്ന ശമ്പളവും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. തൊഴില്‍ രഹിതര്‍ മാത്രമല്ല, നിലവില്‍ മാന്യമായ ജോലിയുള്ളവര്‍ വരെ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുമ്പോള്‍ പുതിയ ജോലിക്ക് ശ്രമിക്കുക സ്വാഭാവികമാണ്. എന്നാല്‍ ചതിക്കുഴികള്‍ മനസിലാക്കാതെ പെട്ടുപോയ വ്യക്തി ഇപ്പോള്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്. ഖത്തറില്‍ പ്രൊഫസല്‍ ജോലിയാണ് ഇയാള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്...

ഖത്തര്‍ യൂണിവേഴ്‌സിറ്റില്‍ പ്രൊഫസര്‍ തസ്തികയില്‍ ഒഴിവുണ്ടെന്നും മികച്ച ശമ്പളം ലഭിക്കുമെന്നുമായിരുന്നു ഓഫര്‍. ഫോണിലും ഇമെയിലിലുമായി ഉദ്യോഗാര്‍ഥികളെ ബന്ധപ്പെട്ട രണ്ടുപേരാണ് തട്ടിപ്പ് നടത്തിയത്. മഹാരാഷ്ട്രയിലെ താനെയിലുള്ള 32കാരനാണ് ഇവരുടെ കെണിയില്‍ വീണത്. റിക്രൂട്ടിങ് സ്ഥാപനം എന്ന പേരില്‍ വലിയ ഓഫീസ് മുംബൈയിലുണ്ടെന്ന് ഇവര്‍ കബളിപ്പിക്കുകയും ചെയ്തു.
കെട്ടിലും മട്ടിലും വിശ്വാസ്യത തോന്നിയതോടെയാണ് പണം നല്‍കാന്‍ യുവാവ് സമ്മതിച്ചത്. വിസ, വൈദ്യ പരിശോധന, രേഖകളുടെ പരിശോധന എന്നിവയ്‌ക്കെല്ലാമായി ചെലവുണ്ടെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. രണ്ടര ലക്ഷം രൂപയോളം ഇയാള്‍ റിക്രൂട്ടിങ് ഏജന്‍സിക്ക് നല്‍കി. കഴിഞ്ഞ ആഗസ്റ്റിനും ഒക്ടോബറിനുമിടയിലാണ് പണം കൈമാറിയത്.
പണം നഷ്ടപ്പെട്ട യുവാവ് ഇപ്പോള്‍ താനെയിലെ അംബര്‍നാഥ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഗൗതം നഗറിലെ യുവാവിനാണ് പണം നഷ്ടമായത്. രണ്ടുപേരാണ് ഖത്തറിലെ ജോലി വാഗ്ദാനം ചെയ്ത് ഫോണില്‍ ബന്ധപ്പെട്ടതെന്ന് ഇയാള്‍ പോലീസിന് നല്‍കിയ പരാതിയില്‍ വിശദീകരിക്കുന്നു. പണം കൈമാറിയ ശേഷം വിവരങ്ങള്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്.
സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്നാണ് പോലീസ് ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം. പ്രതികള്‍ ഏത് നാട്ടുകാരാണെന്ന് വ്യക്തമായിട്ടില്ല. മികച്ച ശമ്പളമുള്ള ജോലിക്ക് വിസയ്ക്ക് വേണ്ടി പണം ആവശ്യപ്പെടുമ്പോള്‍ തന്നെ സംശയം തോന്നേണ്ടതായിരുന്നു. പ്രതികളെ യുവാവ് നേരില്‍ കണ്ടിട്ടില്ലെന്നും ഫോണിലും ഇമെയിലിലുമാണ് ബന്ധപ്പെട്ടിരുന്നതെന്നും പോലീസ് സൂചിപ്പിക്കുന്നു.












Click it and Unblock the Notifications