അഭിനയിക്കാതെ' രാമരാജ്; പറഞ്ഞത് യഥാര്‍ത്ഥ ജീവിതം!
ദുബായ്: ലോക തൊഴിലാളി ദിനത്തില്‍ ഭഒബ്‌സഷന്‍' ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിക്കുമ്പോള്‍ കഌനിംഗ് തൊഴിലാളി രാമരാജ് അതിരുകള്‍ മായ്ക്കുന്ന അഭിമാനത്തില്‍. തമിഴ്‌നാട് പെരുമ്പല്ലൂര്‍ സ്വദേശിയായ രാമരാജാണ് ചിത്രത്തിലെ നായകനായ രാമേട്ടനെ അവതരിപ്പിച്ചിരിക്കുന്നത്.
ഷാര്‍ജ നാഷനല്‍ പെയിന്റ്‌സിനടുത്തുള്ള ലേബര്‍ ക്യാമ്പില്‍ ഒമ്പത് വര്‍ഷമായി കഌനിംഗ് ജോലി ചെയ്യുന്ന രാമരാജിന് ലോക തൊഴിലാളി ദിനത്തിലെ ചിത്രത്തിന്റെ പ്രദര്‍ശനം മധുരം കൂട്ടുന്നു. നിരവധി അവാര്‍ഡുകള്‍ ഇതിനകം നേടിയ ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അബുദാബി ശക്തി അവാര്‍ഡ് രാമരാജിനായിരുന്നു.

സിനിമ കാണാന്‍ താല്‍പര്യമില്ലാത്ത, അഭിനയം വിദൂര ചിന്തയില്‍ പോലുമില്ലാതിരുന്ന രാമരാജ് ഒബ്‌സഷിലേക്കെത്തിപ്പെട്ടത് യാദൃച്ഛികം. ഷൂട്ടിംഗ് ലൊക്കേഷന്‍ കാണാന്‍ ലേബര്‍ ക്യാമ്പിലെത്തിയ സംവിധായകരായ സലീം റഹ്മാന്റെയും ഹര്‍ഷന്‍ ആന്ദ്രപ്പള്ളിയുടെയും മുന്നില്‍ രാമരാജ് വന്നു പെടുകയായിരുന്നു. മെയ്ക്കപ്പിലല്ലാതെ തന്നെ തങ്ങളുടെ സിനിമയിലെ രാമേട്ടന്റെ പ്രതിരൂപം രാമരാജില്‍ ഉറപ്പിക്കുകയായിരുന്നു ഇരുവരും. ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും ഇരുവരും നല്‍കിയ പിന്തുണയില്‍ അതിഭാവുകത്വമില്ലാത്ത അഭിനയത്തിലൂടെ രാമരാജ് രാമേട്ടന് ജീവന്‍ നല്‍കി.
ഏഴ് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെയാണ് രാമരാജ് അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത്. സ്വന്തം തൊഴിലിടമായ ലേബര്‍ ക്യാമ്പിലായിരുന്നു ഷൂട്ടിംഗെന്നതും ക്യാമറക്ക് മുന്നിലെ പ്രകടനം ആയാസ രഹിതമാക്കി. സിനിമയുടെ ബാലപാഠം പോലുമറിയാത്ത രാമരാജിനെ അഭിനയിപ്പിക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ലെന്ന് തങ്ങളുടെ പ്രഥമ സംരംഭമായ ഒബ്‌സഷന്റെ സംവിധായകര്‍ പറയുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് രാമരാജിന്റെ കുടുംബം.












Click it and Unblock the Notifications