യമനിലേക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട് നടത്തിയവരെ വിചാരണ ചെയ്യണം: ഐ.എസ്.എം
ജിദ്ദ: ഇറാന്റെ സൈനിക സാംസ്‌ക്കാരിക അധിനിവേശത്തിനെതിരെയുള്ള ചെറുത്ത് നില്‍പ്പാണു സൗദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളെന്നു ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ : എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇസ്‌ലാമിനെ വിഭാഗീയത കൊണ്ട് തകര്‍ക്കുകയെന്ന പേര്‍ഷ്യന്‍ തന്ത്രമാണു ഇറാനും ഹിസ്ബുല്ലയും ഹൂത്തികളും സിറിയയിലെ അലവികളും ഇറാഖിലെ ശിയാക്കളും ചെയ്തു കൊണ്ടിരിക്കുന്നത്. അറബ്ഇസ്‌ലാമിക ലോകത്ത് ശിയാ സംസ്‌ക്കാരം പടര്‍ത്തി ആധിപത്യം നേടാനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടികളാണു സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസേന നല്‍കിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ശിയാ വിരോധം മുതലെടുത്ത് ഐ.എസ്, അല്‍ ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകള്‍ മേഖലകളില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതും ആശങ്കാജനകരമാണെന്നും ഐ.എസും അല്‍ ഖ്വയ്ദയും ഇസ്‌ലാമിക വൃത്തത്തില്‍ നിന്നു പുറത്ത് പോയ ഖവാരിജുകളുടെ പിന്‍ ഗാമികളാണെന്നും ഐ.എസ്.എം സംസ്ഥാന സെക്രട്ടറി പി.കെ സകരിയ സ്വലാഹി പറഞ്ഞു.

യമനിലെ ദമ്മാജ് ദാറുല്‍ ഹദീസിന്റെ മറവില്‍ മലയാളികളെ അപകടത്തിലേക്ക് തള്ളി വിട്ട വ്യാജ ആത്മീയ വാദികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ദമ്മാജ് ചിന്താധാര പ്രചരിപ്പിച്ച് ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നവരെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം സാന്നിദ്ധ്യം സംശയത്തോടെ വീക്ഷിക്കുന്നതിനു കാരണമാകുന്ന ദമ്മാജ് ദാറുല്‍ ഹദീസ് വിഭാഗത്തിന്റെ യാഥാസ്ഥിക ചിന്തയുടെ അപകടം പണ്ഡിതര്‍ തിരിച്ചറിയണമെന്നും ഐ.എസ്.എം നേതാക്കള്‍ ആവശ്യപ്പെട്ടു.
മുഹമ്മദ് നബിയുടെ ജീവിതം സമൂഹത്തിനു അറിയിച്ച് കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള '' മുഹമ്മദ് നബി; മാനവരില്‍ മഹോന്നതന്‍'' എന്ന പ്രമേയത്തില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ നടത്തുന്ന കാംബയിനിന്റെ സൗദി തല ഉദ്ഘാടനം ഏപ്രില്‍ 17 വെള്ളിയാഴ്ച ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നടക്കുമെന്നും ഐ.എസ്.എം ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications