സുനന്ദപുഷ്‌കര്‍ മാധ്യമപ്രവര്‍ത്തകനെഭീഷണിപ്പെടുത്തി
ദുബായ്: കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി. ദുബായിലെ ഒരു സ്വകാര്യ ചടങ്ങിനിടെ ശശി തരൂരിനെ അഭിമുഖം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ സുനന്ദപുഷ്‌കര്‍ ഭീഷണിപ്പെടുത്തിയെന്ന് ഗള്‍ഫ് മാധ്യമമായ ഖലീജ് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
സ്വകാര്യ ചടങ്ങിനിടെ തരൂരുമായി ഇന്ത്യന്‍ രാഷ്ട്രീയം സംസാരിക്കുകയായിരുന്ന ഖലീജ് പത്രത്തിന്റെ ലേഖകനോടാണത്രെ മന്ത്രിയുടെ ഭാര്യ അപമര്യാദയായി പെരുമാറിയത്. നിങ്ങള്‍ ഇത് ഇപ്പോള്‍ നിര്‍ത്തണമെന്ന് സുനന്ദ ആക്രോശിച്ചെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഇതുകൊണ്ടാണ് ഞാന്‍ മാധ്യമപ്രവര്‍ത്തകരെ വെറുക്കുന്നത്. അര്‍നബ് ഗോസ്വാമിയുടെ മുഖത്ത് ഞാന്‍ മദ്യം ഒഴിച്ചിട്ടുണ്ട്. അത് നിങ്ങളോടും ചെയ്യാനാവില്ലെന്ന് തോന്നുന്നുണ്ടോ' എന്ന് സുനന്ദ ചോദിച്ചത്രെ. ഇത്‌കേട്ട് തരൂര്‍ നിശബ്ദനായെന്നും പിന്നീട് അഭിമുഖം തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ പൂര്‍ണ ദൃശ്യം തങ്ങളുടെ പക്കലുണ്ടെന്നും പത്രം അവകാശപ്പെടുന്നു.
എന്നാല്‍ ഖലീജ് ടൈംസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പച്ചക്കള്ളമാണെന്ന് സുനന്ദ പുഷ്‌കര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പ്രതികരിച്ചു. വിവാഹ പാര്‍ട്ടിക്ക് വേണ്ടിയാണ് താനും തരൂരും പോയത്. രാത്രി 11.45 കഴിഞ്ഞിട്ടും അഭിമുഖം തുടരുന്ന സാഹചര്യത്തില്‍ ബാക്കി നാളെ സംസാരിക്കാമെന്നാണ് പറഞ്ഞതെന്ന് സുനന്ദ ട്വിറ്ററില്‍ എഴുതി. ഉചിതമായ സമയത്തു വേണം അഭിമുഖം നടത്താനെന്നും വിവാഹ സത്കാരമല്ല അതിനുള്ള വേദിയെന്നും പറഞ്ഞതായി അവര്‍ സമ്മതിക്കുന്നു.












Click it and Unblock the Notifications