പ്രവാസികള്‍ക്കിതാ ഒരു സന്തോഷ വാർത്ത: പോക്കറ്റ് കാലിയാകില്ല, പ്രഖ്യാപനവുമായി സലാം എയർ
ദുബായ്: അഞ്ച് ഇന്ത്യൻ നഗരങ്ങളെ ഉൾപ്പെടുത്തി റൂട്ടുകൾ വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി ഒമാനിലെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ . ഇതോടെ എയർലൈനിന്റെ ഇന്ത്യയിലേക്കുള്ള കണക്റ്റിവിറ്റി കൂടുതല്‍ ശക്തമാകും. മലയാളികള്‍ ഉള്‍പ്പെടേയുള്ള പ്രവാസികള്‍ നേരത്തെ വലിയ തോതില്‍ യാത്രകള്‍ക്ക് ആശ്രയിച്ചിരുന്ന കമ്പനിയായിരുന്നു സലാം എയർ.
കോഴിക്കോട്, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ഹൈദരാബാദ്, ജയ്പൂർ, ലഖ്‌നൗ തുടങ്ങിയ അഞ്ച് നഗരങ്ങളിലേക്കാണ് ഒമാന്‍ വിമാന കമ്പനി സർവ്വീസ് പുനഃരാരംഭിക്കുന്നത്. ഒമാന്‍ സുൽത്താനേറ്റിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) പിന്തുണയും ഒമാൻ എയറുമായുള്ള അടുത്ത സഹകരണവുമാണ് ഇന്ത്യൻ വിപണിയിലേക്കുള്ള ഈ വിപുലീകരണം സാധ്യമാക്കിയതെന്നാണ് എയർലൈനിൽ നിന്നുള്ള ഒരു പ്രസ് റിലീസ് വ്യക്തമാക്കുന്നത്.

നിലവിൽ സലാം എയർ 41 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. യു എ ഇയിലെ ഫുജൈറയിലേക്കും തിരിച്ചും ദുബായിലേക്കും നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളും എയർലൈനിനുണ്ട്. മസ്‌കറ്റ്, സലാല, സുഹാർ, ദുക്ം, മസീറ എന്നിവയുൾപ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിരവധി ആഭ്യന്തര സർവ്വീസുകളും കമ്പനി നടത്തുന്നു.
അതേസമയം, ഒമാൻ എയറും തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. സർവീസുകളുടെ എണ്ണം അധികം വൈകാതെ വർധിപ്പിക്കും. തിരുവനന്തപുരം-മസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാൻ എയർ. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഈ റൂട്ടിൽ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.
ഗള്‍ഫ് പ്രവാസികള്‍ക്ക് ചെലവ് കുറഞ്ഞ യാത്രയ്ക്ക് സൗകര്യം ഒരുക്കിയിരുന്ന കമ്പനിയാണ് സലാം എയർ. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും കമ്പനി നേരത്തെ നിർത്തി വെച്ചിരുന്നു. ഇന്ത്യയിലേക്കുള്ള റൂട്ടില്‍ വിമാനങ്ങള്‍ അനുവദിക്കുന്നതില്‍ പരിമിതിയുണ്ട് എന്ന പ്രതികരണമാണ് കമ്പനി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതേസമയം, പ്രവാസികള്‍ക്ക് ആശ്വാസമായി റാസല്‍ ഖൈമയില്‍ നിന്നും കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ യാത്രയ്ക്ക് അവസരം ഒരുക്കുന്ന എയര്‍ അറേബ്യ വിമാന കമ്പനിയാണ് സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വീസ്. ബുധന്‍, വെള്ളി, ഞായര്‍ എന്നിങ്ങനെ ഒന്നിടവിട്ട ദിവസങ്ങളിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്. റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടെത്തുന്ന വിമാനം അന്നു തന്നെ മടക്ക സര്‍വീസും നടത്തും.












Click it and Unblock the Notifications