സാനിയ മിര്‍സ ആത്മീയ വഴിയില്‍; മദീനയില്‍ നിന്ന് ഫോട്ടോ, ഷുഹൈബ് എവിടെ എന്ന് നെറ്റിസണ്‍സ്

റിയാദ്: ടെന്നീസില്‍ നിന്ന് വിരമിച്ച പ്രശസ്ത താരം സാനിയ മിര്‍സ ആത്മീയ വഴില്‍. സൗദി അറേബ്യയിലെ മദീന സന്ദര്‍ശിച്ച ഫോട്ടോ അവര്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തു. പര്‍ദ ധരിച്ചുള്ള ചിത്രത്തില്‍ സര്‍വസ്തുതിയും അല്ലാഹുവിനാകുന്നു, അവന്‍ നമ്മുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കട്ടെ എന്നും കുറിച്ചിരിക്കുന്നു. സാനിയക്കൊപ്പം മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്, മാതാപിതാക്കളായ ഇംറാന്‍ മിര്‍സ, നസീമ മിര്‍സ, സഹോദരി ആനം മിര്‍സ, സഹോദരീ ഭര്‍ത്താവ് മുഹമ്മദ് അസദുദ്ദീന്‍ എന്നിവരാണ് സാനിയക്കൊപ്പം മദീനയിലെത്തിയത്.

സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ സാനിയ പങ്കുവച്ചിട്ടുണ്ട്. യാത്രയുടെ വിശദാംശങ്ങളും അവര്‍ സൂചിപ്പിക്കുന്നു. ഉംറ നിര്‍വഹിക്കാനാണ് സാനിയ സൗദിയിലെത്തിയത്. മക്കയില്‍ ഉംറ നിര്‍വഹിച്ച ശേഷം മദീനയിലെ പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവിയും സന്ദര്‍ശിച്ചു. രാത്രി സമയങ്ങളില്‍ ദൈവത്തോട് നടത്തുന്ന പ്രാര്‍ഥനകളാണ് ഏറെ മികച്ചതെന്നും ഇത്തവണത്തെ റമദാന് സമാധാനം നല്‍കാന്‍ സാധിക്കട്ടെ എന്നും സാനിയ കുറിക്കുന്നു.
അതേസമയം, ഫോട്ടോ പങ്കുവച്ച പിന്നാലെ പലരും ചോദിക്കുന്നത് ഭര്‍ത്താവ് ഷുഹൈബ് മാലിക് എവിടെ എന്നാണ്. കുടുംബാംഗങ്ങളെല്ലാം ഉണ്ടെങ്കിലും ഭര്‍ത്താവിനെ കാണുന്നില്ലല്ലോ എന്നാണ് പലരുടെയും കൗതുകം. സാനിയയും ഷുഹൈബും വിവാഹ മോചിതരാകാന്‍ പോകുന്നു എന്ന് കഴിഞ്ഞ വര്‍ഷം അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇത് സംബന്ധിച്ച് ഇരുവരുടെയും ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിരുന്നില്ല. സോഷ്യല്‍ മീഡിയയിലെ കുറിപ്പും ഫോട്ടോകളും അടിസ്ഥാനമാക്കിയാണ് വിവാഹ മോചന പ്രചാരണമുണ്ടായത്. എന്നാല്‍ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ പിന്നീട് പുറത്തുവന്നതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

സൗദിയില്‍ നിന്നുള്ള ഫോട്ടോയിലും ഷുഹൈബിനെ കാണാത്തതാണ് പലരും ചോദിക്കുന്നത്. അടുത്തിടെ ടെന്നിസില്‍ നിന്ന് വിരമിച്ച സാനിയ ഹൈദരാബാദില്‍ നടത്തിയ ഒരു പരിപാടിയില്‍ സിനിമാ രംഗത്തെയും കലാ-കായിക രംഗത്തെയും നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. എആര്‍ റഹ്മാന്‍, ദുല്‍ഖര്‍ സല്‍മാന്‍, ഹുമ ഖുറേഷി, ഫറാ ഖാന്‍, മഹേഷ് ബാബു തുടങ്ങിയ സാന്നിധ്യം സാനിയയുടെ പരിപാടിക്ക് ഏറെ ജനശ്രദ്ധ നല്‍കി.












Click it and Unblock the Notifications