സൗദി അറേബ്യയില്‍ ഫാഷന്‍ ഷോ: ഇങ്ങനെ ഒന്ന് ആദ്യം, റിയാദിലെ പരിപാടി കെങ്കേമമാകും!!
നേരത്തെ ദുബായില്‍ മാത്രമാണ് ഈ പരിപാടി നടന്നിരുന്നത്. റിയാദില്‍ നടക്കുന്നു എന്നത് കൊണ്ട് ദുബായിലെ പരിപാടി ഒഴിവാക്കില്ല.
റിയാദ്: സൗദി അറേബ്യ അടിമുടി മാറുകയാണ്. രാജ്യം ഇന്നുവരെ തുടര്‍ന്ന് പോന്ന പല കാര്യങ്ങളിലും മാറ്റം വന്നിരിക്കുന്നു. ഒട്ടനവധി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച ഭരണകൂടത്തിന്റെ നീക്കങ്ങള്‍ ആഗോള സമൂഹം ആശ്ചര്യത്തോടെയാണ് നോക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സൗദിയില്‍ ഫാഷന്‍ ഷോ നടക്കാന്‍ പോകുന്നത്. ഇങ്ങനെ ഒരു പരിപാടി ആദ്യമായിട്ടാണ് സൗദിയില്‍. വിദേശരാജ്യങ്ങളില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അതേ വഴിയില്‍ നീങ്ങുകയാണ് സൗദിയും. റിയാദില്‍ അടുത്ത മാസമാണ് ഫാഷന്‍ ഷോ നടക്കുക എന്ന് സംഘാടകര്‍ അറിയിച്ചു. എന്താണ് ഫാഷന്‍ ഷോ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...?

ഒരാഴ്ച നീളുന്ന പരിപാടി
അടുത്ത മാസം ഒരാഴ്ച നീളുന്ന പരിപാടിയാണ് സംഘടിപ്പിക്കുക. ദുബായ് കേന്ദ്രമായുള്ള അറബ് ഫാഷന്‍ കൗണ്‍സില്‍ ആണ് സംഘാടകര്‍. ഇവര്‍ ഇതുവരെ ദുബായില്‍ നടത്തിയ പരിപാടിയാണ് റിയാദില്‍ നടത്തുക.

സൗദിയില്‍ ആദ്യം
മാര്‍ച്ച് 26 മുതല്‍ 31 വരെയാണ് റിയാദിലെ ഫാഷന്‍ ഷോ. ഇത് സൗദിയില്‍ നടക്കുന്ന ആദ്യ ഫാഷന്‍ ഷോയാണ്. അടുത്ത ഘട്ടം ഒക്ടോബറില്‍ നടത്താനും തീരുമാനിച്ചുകഴിഞ്ഞു.

വമ്പിച്ച പ്രചാരണം
റിയാദിലെ പ്രകൃതി രമണീയമായ അപക്‌സ് സെന്ററിലാണ് ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്. ഇറാഖി-ബ്രിട്ടീഷ് ശില്‍പ്പി സാഹ ഹദീദ് ആണ് വേദി രൂപകല്‍പ്പന ചെയ്യുന്നത്. വമ്പിച്ച പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്.

സൗദി രാജകുമാരി നൂറ
റിയാദില്‍ മേഖലാ ഓഫീസ് തുറക്കാന്‍ അറബ് ഫാഷന്‍ കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നു. സൗദി രാജകുമാരി നൂറ ബിന്‍ത് ഫൈസല്‍ ആല്‍ സൗദിന്റെ പേരിലാണ് ഓഫീസ് വരിക. ഇവരായിരിക്കും ഇതിന്റെ പ്രസിഡന്റ്.

ലോകോത്തര നിലവാരം
ലോകോത്തര നിലവാരമുള്ള ഫാഷന്‍ ഷോ ആയിരിക്കും റിയാദില്‍ നടക്കുക എന്നാണ് സംഘാടകര്‍ പറയുന്നത്. വിനോദ സഞ്ചാരം, യാത്ര, വ്യാപാരം തുടങ്ങിയ വരുമാന മാര്‍ഗമുള്ള മേഖലകളുടെ ഒരു ഭാഗംതന്നെയാണ് ഫാഷന്‍ ഷോ എന്നു നൂറ രാജകുമാരി വ്യക്തമാക്കി.

അമൂല്യമായ കളക്ഷനുകള്‍
ഫ്രാന്‍സിലെ പാരീസിലും ഇറ്റലിയിലെ മിലാനിലും നടക്കുന്നതിന് സമാനമായ പരിപാടി തന്നെയാണ് റിയാദിലും നടക്കുക. അമൂല്യമായ കളക്ഷനുകള്‍ പ്രദര്‍ശനത്തിന് ഉണ്ടാകുമെന്ന് സംഘാടകര്‍ പറയുന്നു. എന്നാല്‍ എല്ലാ രീതിയിലുമുള്ള വസ്ത്രങ്ങളുടെ പ്രദര്‍ശനം ഇവിടെയുണ്ടാകുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

പാശ്ചാത്യ വസ്ത്രം
പാശ്ചാത്യര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് സൗദിയില്‍ വിലക്കുള്ളതാണ്. സ്ത്രീകള്‍ ശരീരം പുറത്തുകാണുന്ന തരത്തിലുള്ള വസ്ത്രം ധരിക്കരുതെന്നാണ് നിയമം. മുസ്ലിം രാജ്യങ്ങളില്‍ ഏറ്റവരും കര്‍ശനമായ വസ്ത്ര ചട്ടം നിലനില്‍ക്കുന്നതും സൗദിയിലാണ്.

മാന്യമായ വസ്ത്രം
സ്ത്രീകള്‍ അയഞ്ഞ വസ്ത്രമായ അബായ ധരിച്ചാണ് സൗദിയില്‍ പുറത്തിറങ്ങാറ്. എന്നാല്‍ കഴിഞ്ഞാഴ്ച സൗദി പണ്ഡിതന്‍ അബായ നിര്‍ബന്ധമില്ലെന്ന് തുറന്നുപറഞ്ഞിരുന്നു. മാന്യമായ വസ്ത്രം സ്ത്രീകള്‍ ധരിച്ചാല്‍ മതിയെന്നും അബായ നിര്‍ബന്ധമില്ലെന്നുമാണ് പണ്ഡിത സഭാ അംഗമായ ശൈഖ് അബ്ദുല്ല അല്‍ മുത്‌ലഖ് പറഞ്ഞത്.

ഇതിനെ കാണേണ്ടതില്ല
എന്നാല്‍ സ്ത്രീകളുടെ വസ്ത്രധാരണത്തിലുള്ള നിയന്ത്രണം ഒഴിവാക്കുന്നത് സംബന്ധിച്ച സൂചനയായി ഇതിനെ കാണേണ്ടതില്ല. പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവരുന്നതായി ഇതുവരെ വിവരങ്ങള്‍ പുറത്തുവന്നിട്ടുമില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് ഗുണകരമാകുന്ന നിരവധി പ്രഖ്യാപനങ്ങള്‍ സൗദിയില്‍ അടുത്തിടെ ഉണ്ടായിരുന്നു.

കളി കാണാം, ജോലി ചെയ്യാം
കളികള്‍ കാണുന്നതിന് സ്റ്റേഡിയത്തില്‍ വരാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയത് കഴിഞ്ഞമാസമാണ്. റെസ്‌റ്റോറന്റുകള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് കൂടുതല്‍ മേഖലകളില്‍ ജോലി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സൗദി യുവജനങ്ങളില്‍ പകുതിയിലധികം സ്ത്രീകളാണ്.

ലൈസന്‍സ് ജൂണില്‍
സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പരിശീലനം നല്‍കി വരികയാണ്. ജൂണ്‍ മുതല്‍ ലൈസന്‍സ് നല്‍കിത്തുടങ്ങും. സ്വകാര്യ മേഖലയ്ക്കും, സ്ത്രീ ശാക്തീകരണത്തിനുമാണ് സൗദി കിരീടവകാശി പ്രാധാന്യം നല്‍കുന്നത്.

ദുബായില്‍ പതിവ് പോലെ
ഈ സാഹചര്യത്തിലാണ് അറബ് ഫാഷന്‍ ഷോ റിയാദിലേക്ക് എത്തുന്നത്. നേരത്തെ ദുബായില്‍ മാത്രമാണ് ഈ പരിപാടി നടന്നിരുന്നത്. റിയാദില്‍ നടക്കുന്നു എന്നത് കൊണ്ട് ദുബായിലെ പരിപാടി ഒഴിവാക്കില്ല. ഫാഷന്‍ ഷോയുടെ ആറാം എഡിഷന്‍ മെയ് ഒമ്പതു മുതല്‍ 12 വരെ നടക്കും.












Click it and Unblock the Notifications