നന്നായി മലയാളം പറയണം; സൗദിയില്‍ ജോലി... 80000 രൂപ ശമ്പളം, കൂടെ ചില നിബന്ധനകളും
ഈ മാസം സൗദി അറേബ്യ ഇന്ത്യയില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ലക്ഷ്യങ്ങള്‍ കൂടിയാണ് ഇവിടെ വിശദീകരിക്കുന്നത്

റിയാദ്: മലയാളം നന്നായി പറയാനും എഴുതാനും കഴിയുമെങ്കില്‍ സൗദി അറേബ്യയില്‍ ജോലിയുണ്ട്. മാസം 80000ത്തോളം രൂപയാണ് ശമ്പളം. താല്‍ക്കാലികമായ നിയമനമാണ്. ഹജ്ജ് സീസണില്‍ മാത്രമാണ് ജോലി. ഇതിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 ആണ് അവസാന തിയ്യതി. അപേക്ഷ ഫോം ഈ വാര്‍ത്തയില്‍ ഇന്റര്‍ലിങ്ക് ചെയ്യുന്നുണ്ട്.
വ്യത്യസ്ത ഭാഷക്കാര്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിന് എത്തുന്നതിനാല്‍ മറ്റു ഭാഷകള്‍ അറിയുന്നവര്‍ക്കും ജോലി അവസരമുണ്ട്. നാല് വകുപ്പുകളിലേക്കാണ് നിയമനം. വിശദാംശങ്ങള്‍ അറിയാം...

ഏതൊക്കെ തസ്തികകള്‍
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് ജോലിക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇന്ത്യക്കാര്‍ക്കും സൗദി പൗരന്മാര്‍ക്കും അപേക്ഷിക്കാം. ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, ക്ലര്‍ക്ക്, ഡ്രൈവര്‍, സന്ദേശവാഹകര്‍ തുടങ്ങിയ നാല് വകുപ്പുകളിലാണ് നിയമനം. ഈ വര്‍ഷത്തെ ഹജ്ജ് സീസണിലാണ് ജോലി. ജൂണിലാണ് ഹജ്ജ്. അതിന് മുമ്പ് തന്നെ നിയമനം നടക്കും.

യോഗ്യത ഇതാണ്
18 വയസ് തികഞ്ഞവര്‍ക്കാണ് ജോലിക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. ഈ മാസം 28 (ചൊവ്വാഴ്ച) നാണ് അവസാന തിയ്യതി. പ്രത്യേക അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷയോടൊപ്പം ആവശ്യപ്പെടുന്ന രേഖകളും സമര്‍പ്പിക്കണം. ഹജ്ജ് സെക്ഷന്‍, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, പിഒ. ബോക്‌സ് നമ്പര്‍ 952, ജിദ്ദ-21421 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.

ശമ്പളം കൈ നിറയെ
മക്കയിലും മദീനയിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ക്ക് 3600 റിയാല്‍ ആണ് മാസ ശമ്പളം. അതായത് 79622 രൂപ. ഡ്രൈവര്‍മാര്‍ക്ക് 2880 റിയാല്‍ ലഭിക്കും. സന്ദേശവാഹകര്‍ക്ക് 1980 റിയാലും ശമ്പളമായി കിട്ടും. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവരാകണം അപേക്ഷകര്‍.

ബിരുദത്തിന് പുറമെ വേണ്ട യോഗ്യത
ബിരുദത്തിന് പുറമെ അറബി ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരാകണം. ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയും എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. ഈ യോഗ്യതയുള്ളവരെയാണ് പ്രധാനമായും ക്ലാര്‍ക്ക് തസ്തികയിലേക്ക് പരിഗണിക്കുക. ഡിപ്ലോമ അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് ഡാറ്റ എന്‍ട്രി ഓപറേറ്ററര്‍ തസ്തികയിലേക്ക് പരിഗണിക്കുക.

സമര്‍പ്പിക്കേണ്ട രേഖകള്‍
അപേക്ഷയ്‌ക്കൊപ്പം ചില രേഖകളും സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍, ഇഖാമ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, സ്‌പോണ്‍സറുടെ എന്‍ഒസി കത്ത്, ഏറ്റവും പുതിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. രേഖകള്‍ കൃത്യമല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും. അപേക്ഷ ഫോറം ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications