സൗദിയുടെ നിര്‍ണായക തീരുമാനം; 10 ലക്ഷം പേര്‍ക്ക് ഹജ്ജിന് അവസരം
റിയാദ്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് 10 ലക്ഷം പേര്‍ക്ക് അവസരം നല്‍കാന്‍ സൗദി അറേബ്യയുടെ തീരുമാനം. കൊവിഡിന്റെ വരവിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും പേര്‍ക്ക് അവസരം ലഭിക്കുന്നത്. കൊവിഡ് ഭീതി അകന്ന സാഹചര്യത്തിലാണ് ഇളവ്. വിദേശികളും സ്വദേശികളുമടക്കമാണ് 10 ലക്ഷം പേര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുക എന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സുരക്ഷിതമായി പരമാവധി തീര്‍ഥാടകരെ ഹജ്ജിനും പ്രവാചക സന്നിധിയിലുമെത്തിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.
65 വയസിന് താഴെയുള്ളവര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം. മികച്ച ആരോഗ്യമുള്ളവരാകണം. രോഗങ്ങളോ ശാരീരിക അസ്വാസ്ഥ്യങ്ങളോ ഉണ്ടാകാന്‍ പാടില്ല. സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാകണം. കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖ കൈവശമുണ്ടാകണം. സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് പിസിആര്‍ ടെസ്റ്റ് ഫലമാണ് ആവശ്യം. 10 ലക്ഷം പേര്‍ക്ക് അനുമതി നല്‍കുമെങ്കിലും രോഗ വ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കാന്‍ കര്‍ശന നിയന്ത്രണമുണ്ടാകും. ഈ നിയന്ത്രണങ്ങള്‍ എല്ലാ തീര്‍ഥാകരും പാലിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

റമദാന്‍ തുടങ്ങിയതോടെ വിശ്വാസികളുടെ തിരക്കാണ് മക്കയിലെയും മദീനയിലെയും ഹറമുകളില്‍. തീര്‍ഥാടകരും സന്ദര്‍ശകരും നിരവധിയാണ്. തീര്‍ഥാടകരുടെ യാത്രയും മറ്റു അനുഷ്ടാനങ്ങളും വേഗത്തിലാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മാര്‍ച്ച് അഞ്ച് മുതല്‍ സൗദി ഭരണകൂടം ഇളവ് നല്‍കിയിരുന്നു. ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്കും ഇളവ് പ്രഖ്യാപിച്ചിരുന്നു. ഹറമില്‍ സാമൂഹിക അകലം പാലിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി. എന്നാല്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം.
ഇസ്ലാമിന്റെ അഞ്ച് നിര്‍ബന്ധ കാര്യങ്ങളില്‍ ഒന്നാണ് ഹജ്ജ്. ആരോഗ്യപരമായും സാമ്പത്തികമായും കഴിവുള്ളവര്‍ക്കാണ് ഹജ്ജ് നിര്‍ബന്ധം. ഒരു തവണയാണ് ഹജ്ജ് വിശ്വാസ പ്രകാരം നിര്‍ബന്ധമുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹജ്ജിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ അനുവദിച്ചിരുന്നില്ല. സൗദിയില്‍ താമസിക്കുന്ന വിദേശികളും സ്വദേശികളുമായ 10000 പേര്‍ക്ക് മാത്രമായിരുന്നു 2020ല്‍ അവസരം.
എന്നാല്‍ കൊവിഡ് അകന്ന സാഹചര്യത്തില്‍ ഇളവ് നല്‍കാന്‍ സൗദി തീരുമാനിച്ചു. മിക്ക വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ സൗദിയിലേക്ക് എത്താറുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യരംഗത്തെ നിയന്ത്രണം പൂര്‍ണമായും എടുത്തുമാറ്റാത്തത്. 2019ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 25 ലക്ഷം പേരാണ് ഹജ്ജിന് എത്തിയത്. അറബി മാസം ദുല്‍ഹജ്ജിനാണ് ഹജ്ജ കര്‍മം നിര്‍വഹിക്കുക. അറഫയിലെ സംഗമം ആണ് ഹജ്ജിന്റെ പ്രധാനം. അറഫ മൈതാനിയില്‍ ഹാജിമാര്‍ ഒന്നിക്കുന്നതാണ് ഈ ചടങ്ങ്.












Click it and Unblock the Notifications