സൗദി അറേബ്യ യുഎഇക്ക് പഠിക്കുന്നു; അവധി 3 ദിവസമാക്കും... ഒമാനിലും വരുന്നു വന്‍ മാറ്റം
സൗദി അറേബ്യയും ഒമാനുമാണ് യുഎഇ മോഡല്‍ നടപ്പാക്കാന്‍ ആലോചിക്കുന്നത്. പുതിയ വാര്‍ത്ത പ്രവാസി തൊഴിലാളികള്‍ക്ക് സന്തോഷം നല്‍കുന്നതാണ്

ദുബായ്: തൊഴില്‍ രംഗത്ത് വമ്പിച്ച പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ യുഎഇയിലെയും ഖത്തറിലെയും നിയമത്തിലെ മാറ്റങ്ങള്‍ അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. വിസാ നടപടികള്‍, തൊഴില്‍ നിയമങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലെല്ലാം കാതലായ മാറ്റങ്ങളാണ് ജിസിസി രാജ്യങ്ങളില്‍ നടക്കുന്നത്. എന്നാല്‍ സൗദി അറേബ്യയില്‍ പുതിയ മാറ്റം വരുന്നത് സംബന്ധിച്ചാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍.
ആഴ്ചയിലെ അവധി ദിനങ്ങള്‍ മൂന്നാക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്ത. അല്‍ മദീന പത്രമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അറിയാം വിശദാംശങ്ങള്‍...

ആഴ്ചയില്‍ മൂന്ന് അവധി
ആഴ്ചയിലെ അവധി ദിനങ്ങള്‍ മൂന്നാക്കി മാറ്റാനാണ് സൗദി അറേബ്യ ആലോചിക്കുന്നത്. നിലവിലെ വെള്ളി, ശനി അവധി ദിനങ്ങളില്‍ ഞായറാഴ്ച കൂടി ഉള്‍പ്പെടുത്തിയേക്കും. സൗദി മാനവ വിഭവ ശേഷി-സാമൂഹിക വിസകന മന്ത്രാലയം ഇത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്നുവെന്നാണ് വാര്‍ത്ത. ബന്ധപ്പെട്ട ചോദ്യത്തിന് ട്വിറ്ററില്‍ മന്ത്രാലയം പ്രതികരിച്ചു. തൊഴില്‍ സംവിധാനത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ പഠനം നടത്തുന്നു എന്നാണ് മന്ത്രാലയത്തിന്റെ പ്രതികരണം.

സൗദിയുടെ ലക്ഷ്യം ഇതാണ്
കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുക, തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിപ്പിക്കുക, അന്താരാഷ്ട്ര തൊഴില്‍ വിപണിയുമായി കിടപിടിക്കുന്ന വിപണിയാക്കി സൗദിയെയും മാറ്റുക, സാമ്പത്തിക രംഗം മികവുറ്റതാക്കുക, കൂടുതല്‍ നിക്ഷേപത്തിന് അവസരമൊരുക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് പുതിയ പരിഷ്‌കരണത്തിലൂടെ സൗദി അറേബ്യന്‍ ഭരണകൂടത്തിനുള്ളത്.

യുഎഇയിലെ മാറ്റം
ജിസിസി രാജ്യങ്ങളില്‍ യുഎഇയാണ് തൊഴില്‍ ദിനങ്ങള്‍ വെട്ടിച്ചുരുക്കി ആദ്യം ചരിത്ര നീക്കം നടത്തിയത്. 2022 ജനുവരി ഒന്ന് മുതലാണ് യുഎഇയില്‍ പരിഷ്‌കരണം നടപ്പായത്. ആഴ്ചയില്‍ നാലര ദിവസം ജോലി, രണ്ടര ദിവസം അവധി എന്ന രീതിയിലേക്കാണ് യുഎഇ മാറിയത്. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയാക്കി. വെള്ളിയാഴ്ച പകുതി സമയം വരെ ജോലി എന്നതായിരുന്നു മാറ്റം.

അതിരാവിലെ ജോലി തുടങ്ങും
ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ വെള്ളിയാഴ്ചയായിരുന്നു പൊതു അവധി. എന്നാല്‍ യൂറോപിലെയും ഏഷ്യയിലേയും വിപണികളുമായി കിടപിടിക്കാന്‍ ഇതുമൂലം സാധിക്കുന്നില്ല എന്ന നിരീക്ഷണമാണ് പുതിയ മാറ്റത്തിന് യുഎഇയെ പ്രേരിപ്പിച്ചത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30-3.30 ആക്കി ജോലി സമയം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെ മാത്രമേ ജോലിയുണ്ടാകൂ. ഈ ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിയന്ത്രണത്തോടെ അനുമതി നല്‍കും.

ഒമാനിലെ മാറ്റം
ഒമാനിലും സമാനമായ രീതിയില്‍ തൊഴില്‍ നിയമത്തില്‍ മാറ്റം ആലോചിക്കുന്നുണ്ട്. മൂന്ന് ദിവസം ആഴ്ചയില്‍ അവധി നല്‍കുന്നതാണ് പരിശോധിക്കുന്നത്. മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയ വക്താവ് പ്രതികരിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസമാക്കണം എന്ന ശുപാര്‍ശ ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പഠനം നടത്തുന്നതിന് മന്ത്രിമാര്‍ ആരും തടസം നിന്നിട്ടില്ലെന്നും വക്താവ് പറഞ്ഞു.












Click it and Unblock the Notifications