സ്‌പോണ്‍സര്‍ പണി തന്നോ? എട്ടിന്റെ പണി തിരിച്ചുകൊടുക്കാം... സൗദി അറേബ്യയില്‍ പുതിയ നിയമം
റിയാദ്: നിയമത്തില്‍ ഒട്ടേറെ ഇളവുകള്‍ വരുത്തുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. തൊഴിലാളികള്‍ക്ക് അനുകൂലമായ വകുപ്പുകളാണ് കൂട്ടിച്ചേര്‍ക്കുന്നത്. രാജ്യത്തിന്റെ മാനുഷിക വിഭവം കൃത്യമായി ഉപയോഗപ്പെടുത്തുന്നു, ചൂഷണം തടയുന്നു എന്ന് ഉറപ്പാക്കുകയാണ് സൗദി അറേബ്യ. വൈദഗ്ധ്യമുള്ള വിദേശികളെ സൗദിയിലേക്ക് ആകര്‍ഷിക്കാനും പദ്ധതിയൊരുക്കിയിട്ടുണ്ട്.
സൗദി അറേബ്യയില്‍ തൊഴില്‍ ചൂഷണം നടക്കുന്നു എന്ന് ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ സൗദി അറേബ്യ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഏറെ ജനപ്രിയമാണ്. അതിലൊന്നാണ് പ്രവാസികളുടെ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചുകൊടുക്കാതെ കൈവശം വയ്ക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്കെതിരായ നിയമം.

പ്രവാസികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്ന സ്‌പോണ്‍സര്‍ക്ക് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് പുതിയ നിയമം. 10 ലക്ഷം സൗദി റിയാല്‍ പിഴയും ചുമത്തും. പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും തിരിച്ചുകൊടുക്കാത്ത സ്‌പോണ്‍സര്‍ക്കെതിരെയാണ് കടുത്ത നടപടിയുണ്ടാകുക. മനുഷ്യക്കടത്ത് നിയമത്തിന്റെ പരിധിയിലാണ് ഇത്തരം സംഭവങ്ങള്‍ വരിക എന്ന് സൗദി അഭിഭാഷകന്‍ സയിദ് അല്‍ ഷഅലാനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സൗദിയിലെ തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമം. ഒട്ടേറെ പരിഷ്‌കാരങ്ങളാണ് അതിവേഗം സൗദി അറേബ്യ നടപ്പാക്കുന്നത്. 3.2 കോടിയിലധികം വരും സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍. ഇവരോടുള്ള ഇടപെടല്‍ സുതാര്യമാക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രതിഛായ മെച്ചപ്പെടുമെന്ന് സൗദി ഭരണകൂടം കണക്കുകൂട്ടുന്നു.
ഗോള്‍ഡന്‍ വിസ മാതൃക
അതേസമയം, സൗദിയിലേക്ക് കൂടുതല്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്ന പദ്ധതിക്ക് ഭരണകൂടം രൂപംനല്‍കി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് സൗദിയില്‍ ജോലി ചെയ്യാനും കുടുംബത്തോടൊപ്പം താമസിക്കാനുമുള്ള സൗകര്യമൊരുക്കുന്നതാണ് പുതിയ റസിഡന്‍സി പ്രോഗ്രാം. പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ 5 പുതിയ പദ്ധതികളാണ് സൗദി ആവിഷ്‌കരിച്ചിട്ടുള്ളത്.
പുതിയ റസിഡന്‍സി പ്രോഗ്രാം വഴി സൗദി അറേബ്യയില്‍ ജോലി ചെയ്യാനും ബിസിനസ് തുടങ്ങാനും വിദേശികള്‍ക്ക് സാധിക്കും. മാത്രമല്ല, വസ്തുക്കള്‍ വാങ്ങുകയും ചെയ്യാം. അനുമതി ലഭിക്കുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും തൊഴില്‍ ചെയ്യാനും അനുമതിയുണ്ടാകും. കിരീടവകാശിയുടെ വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ പരിഷ്‌കാരം.
യുഎഇ നടപ്പാക്കിയ ഗോള്‍ഡന്‍ വിസ മാതൃകയിലാണ് സൗദിയുടെ പുതിയ റസിഡന്‍സി പ്രോഗ്രാം. കഴിവുള്ളവരെ സൗദിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പ്രൊഫഷണലുകളെയും വിദ്യാസമ്പന്നരെയും ആകര്‍ഷിക്കുക വഴി വന്‍തോതില്‍ വിദേശ നിക്ഷേപം വരുമെന്നും രാജ്യം പുരോഗതി കൈവരിക്കുമെന്നും ഭരണകൂടം കണക്കുകൂട്ടുന്നു.












Click it and Unblock the Notifications