ചീറിപ്പായും ഹറമൈന്‍ എക്‌സ്പ്രസ്; 300 കിലോമീറ്റര്‍ വേഗത, മക്ക-മദീന വെറും 2.20 മണിക്കൂര്‍
റിയാദ്: സൗദിയില്‍ തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കി ഹറമൈന്‍ എക്‌സ്പ്രസ്. മക്കയില്‍ നിന്ന് മദീനയിലേക്ക് 2 മണിക്കൂര്‍ 20 മിനുട്ടിനകം എത്താന്‍ സാധിക്കും. രാജ്യത്ത് ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വീണ്ടും സര്‍വീസ് ആരംഭിച്ചിരിക്കുകയാണ് ഹറമൈന്‍ എക്‌സ്പ്രസ്.
അഞ്ച് മണിക്കൂറോളം നീളുന്ന യാത്രയാണ് പകുതി സമയത്തില്‍ എത്താന്‍ സാധിക്കുന്നത്. തീര്‍ഥാടകര്‍ക്ക് തങ്ങളുടെ ലക്ഷ്യം വളരെ എളുപ്പമാക്കുന്ന ഹറമൈന്‍ എക്‌സ്പ്രസിന്റെ കൂടുതല്‍ സൗകര്യങ്ങള്‍ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം...

ടിക്കറ്റ് നിരക്ക് ഇങ്ങനെ
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലാണ് ഹറമൈന്‍ എക്‌സ്പ്രസിന്റെ യാത്ര. ഒരേ സമയം 400 ബിസിനസ്-ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് സൗകര്യമുണ്ട്. 40 റിയാലിനും 150 റിയാലിനുമിടയിലാണ് ടിക്കറ്റ് നിരക്ക്. ജിദ്ദയിലും കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലും സ്‌റ്റോപ്പുകളുണ്ട്.

പകുതി സമയം മതി
മക്കയില്‍ നിന്ന് മദീനയിലേക്ക് ബസില്‍ യാത്ര ചെയ്യാന്‍ അഞ്ച് മണിക്കൂറോളം ആവശ്യമാണ്. ടാക്‌സിയാണെങ്കില്‍ നാല് മണിക്കൂര്‍ ചുരുങ്ങിയത് വേണം. എന്നാല്‍ ഹറമൈന്‍ എക്‌സ്പ്രസ് വഴി രണ്ടര മണിക്കൂറിനകം എത്താന്‍ സാധിക്കുന്നത് തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസമാകും.

കുടുംബ വിസയിലെത്തിയവര്‍ക്കും...
ഉംറ-ഹജ്ജ് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുകയാണ് സൗദി ഭരണകൂടം. വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റി. മഖാം പ്ലാറ്റ്‌ഫോം വഴി ഉംറ തീര്‍ഥാടകര്‍ക്ക് യാത്ര സജീകരിക്കാം. ഉംറ ആപ്പിലൂടെ ബുക്ക് ചെയ്ത് കുടുംബ വിസയിലെത്തിയവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ സാധിക്കും.

ഒരു ലക്ഷം തീര്‍ഥാടകര്‍
കൊവിഡ് ചികില്‍സ കൂടി ഉള്‍പ്പെടുത്തി ആരോഗ്യ ഇന്‍ഷുറന്‍സ് ഉംറ തീര്‍ഥാടകര്‍ക്ക് അനുവദിക്കുന്നുണ്ട്. ആഗസ്റ്റില്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിയവരുടെ കണക്ക് കഴിഞ്ഞാഴ്ച പുറത്തുവന്നിരുന്നു. ഒരു ലക്ഷം ഉംറ തീര്‍ഥാടകരാണ് ഈ വിമാനത്താവളത്തിലെത്തിയത്.

മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക്
ഓരോ ദിവസവും ആയിരക്കണക്കിന് വിദേശികളാണ് തീര്‍ഥാടനത്തിന് എത്തുന്നത്. ഇവര്‍ക്കുള്ള സൗകര്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഹറമൈന്‍ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. ഇന്തോനേഷ്യയില്‍ നിന്നാണ് കൂടുതല്‍ തീര്‍ഥാടകര്‍ സൗദിയിലെത്തുന്നത്. ശേഷം പാകിസ്താന്‍, ഇന്ത്യ, ഇറാഖ്, യമന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications