സ്വസ്തിക ചിഹ്നം പുലിവാലായി; സൗദിയില്‍ ഇന്ത്യക്കാരന്‍ ജയിലില്‍... അയല്‍വാസി തെറ്റിദ്ധരിച്ചു
ജിദ്ദ: സ്വസ്തിക ചിഹ്നം ഒരു ഇന്ത്യന്‍ കുടുംബത്തിന് പുലിവാല് സൃഷ്ടിച്ചിരിക്കുകയാണ് സൗദി അറേബ്യയില്‍. അയല്‍വാസി തെറ്റിദ്ധരിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ഇന്ത്യക്കാരനെ ജയിലില്‍ അടച്ചു. യുവാവിന്റെ മോചനത്തിന് വേണ്ടി പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടിട്ടിട്ടുണ്ട്.
അടുത്തിടെ സൗദിയിലെത്തിയ തെലുഗ് കുടുംബമാണ് വെട്ടിലായത്. ഇവരുടെ ഫ്‌ളാറ്റിന്റെ കവാടത്തില്‍ സ്വസ്തിക ചിഹ്നം പതിക്കുകയായിരുന്നു. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ എഞ്ചിനിയറായി ജോലി ലഭിച്ചതായിരുന്നു അരവിന്ദിന്. ഗുണ്ടൂര്‍ സ്വദേശിയാണ് ഇദ്ദേഹം. ഇതേ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സ്വദേശിയാണ് സ്വസ്തിക ചിഹ്നം കണ്ട് തെറ്റിദ്ധരിച്ച് പരാതി നല്‍കിയത്.

ഈ ചിഹ്നം എടുത്തു മാറ്റണം എന്ന് സ്വദേശി അരവിന്ദനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അരവിന്ദന്‍ തയ്യാറായില്ല. സ്വസ്തിക ചിഹ്നത്തിന്റെ പ്രാധാന്യവും അരവിന്ദ് വിവരിച്ചുകൊടുത്തു. എന്നാല്‍ സ്വദേശി മനസിലാക്കിയത് ഇത് നാസി ചിഹ്നമാണ് എന്നാണ്. ഇയാള്‍ പോലീസില്‍ വിവരം അറിയിച്ചു. ഉടനെ പോലീസ് എത്തി അരവിന്ദനെ കസ്റ്റഡിയിലെടുത്തു.
അരവിന്ദിന്റെ ഭാര്യ ലീല കുമാരി ഇന്ത്യന്‍ എംബസിയെ സമീപിച്ചു. വിശദമായ പരാതി നല്‍കി. ഹൈദരാബാദിലെ സാമൂഹിക പ്രവര്‍ത്തകനായ മുസമ്മില്‍ ശൈഖും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രവാസി സംഘടനാ നേതാവായ നാസ് വൊക്കമും അരവിന്ദിന്റെ മോചനത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്. തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ കേസാണിത് എന്ന് അധികൃതരെ ബോധിപ്പിക്കാനുള്ള ശ്രമത്തിലാണിവര്‍.












Click it and Unblock the Notifications