സൗദി അറേബ്യ കൂടുതല്‍ ഇളവ് നല്‍കുന്നു; ഉംറ തീര്‍ഥാടകര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട
റിയാദ്: ഉംറ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ഇളവുമായി സൗദി അറേബ്യ. വിദേശത്ത് നിന്ന് ഉംറയ്ക്ക് എത്തുന്നവര്‍ കൊവിഡ് രോഗം ഇല്ലെന്ന് തെളിയിക്കുന്ന രേഖ കാണിക്കേണ്ടതില്ല. സൗദിയിലെ ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമില്ല. പുതിയ ഉംറ സീസണ്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് ചികില്‍സയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തീര്‍ഥാടകര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ അനുവദിക്കൂ എന്നും മന്ത്രാലയം പറയുന്നു.

ഉംറ വിസയില്‍ എത്തുന്നവര്‍ക്ക് സൗദിയില്‍ 90 ദിവസം മാത്രമേ താമസിക്കാന്‍ കഴിയൂ. മക്ക, മദീന, സൗദിയിലെ മറ്റു പുണ്യ നഗരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ക്ക് യാത്ര ചെയ്യാം. വിദേശ തീര്‍ഥാടകര്‍ക്ക് വേണ്ടി ഹജ്ജ് മന്ത്രാലയം ഓണ്‍ലൈന്‍ ഉംറ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ഈ പ്രോഗ്രാം ഇടനിലക്കാരില്ലാതെ നേരിട്ട് തിരഞ്ഞെടുക്കാവുന്നതാണ്. ഉംറ വിസയില്‍ എത്തുന്നവര്‍ക്കുള്ള ഇന്‍ഷുറന്‍സിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനും സാധിക്കും.
കൊവിഡ് രൂക്ഷമായ വേളയില്‍ വിദേശ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഹജ്ജ് വേളയിലും കടുത്ത നിയന്ത്രണമായിരുന്നു. പിന്നീട് ഘട്ടങ്ങളായി ഇളവുകള്‍ നല്‍കി. ഈ വര്‍ഷം ഹജ്ജിനാണ് വിദേശ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയത്. ആര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഹജ്ജ് കഴിഞ്ഞതോടെ ഉംറ സീസണ്‍ വീണ്ടും ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഇളവുകള്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ഉംറയ്ക്കായി സൗദിയിലേക്ക് പുറപ്പെടാനിരിക്കുകയാണ്.












Click it and Unblock the Notifications