സൗദിയില്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധന ശക്തമാക്കി
ദുബായ്: സൗദിയില്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധന ശക്തമാക്കി. സൗദി സുരക്ഷാ വകുപ്പും തൊഴില്‍ മന്ത്രാലയവും സംയുക്തമായി ആരംഭിച്ച രണ്ടാം ഘട്ട റെയ്ഡില്‍ ദിവസേനെ ആയിരക്കണക്കിനു നിയമ ലംഘകരാണു പിടിയിലാകുന്നത്. 1500 ഓളം പേരാണു ദിവസവും മക്ക പ്രവിശ്യയില്‍ നിന്ന് മാത്രം പിടിയിലാകുന്നതെന്ന് മക്ക പ്രവിശ്യ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ സൗലി പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അസീര്‍ പ്രവിശ്യയില്‍ മാത്രം ആയിരത്തിലധികം പേര്‍ പിടിയിലായിട്ടുണ്ട്. റിയാദ്, തബൂക്ക് തുടങ്ങി രാജ്യത്തെ പ്രധാന പ്രവിശ്യകളിലും നഗരങ്ങളിലും നിന്ന് നിരവധി നിയമ ലംഘകര്‍ പിടിയിലാവുന്നുണ്ട്.

നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നു അധിക്യതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താമസ രേഖകളില്ലാത്തവരെ കൂടാതെ ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴില്‍ അല്ലാത്ത ജോലിയില്‍ ഏര്‍പ്പെടുന്നവരും യാചകരും ജോലിസ്ഥലത്ത് നിന്നു ഒളിച്ചോടിയവരും സ്‌പോണ്‍സര്‍ഷിപ്പ് മാറി ജോലി ചെയ്യുന്നവരും എല്ലാം പിടിയിലാകുന്നുണ്ട്. പിടിയിലായാല്‍ നാടു കടത്തലും കൂടാതെ കനത്ത പിഴയും തടവു ശിക്ഷയും ലഭിക്കുമെന്നുറപ്പാണ്. ഏതെങ്കിലും ഒരു ഗള്‍ഫ് രാജ്യത്ത് തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ മറ്റു അഞ്ചു ഗള്‍ഫ് രാജ്യങ്ങളിലെയും നിയമ ലംഘകരാക്കി കണക്കാക്കുമെന്നും സൗദി ജവാസാത്ത് മേധാവി നേരെത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബിനാമി ബിസിനസുകള്‍ക്ക് തടയിടാനുള്ള ശ്രമങ്ങളും ഇതോടൊപ്പം അധിക്യതര്‍ നടത്തുന്നുണ്ട്. സൗദി പൗരന്മാരുടെ പേരില്‍ വിദേശികള്‍ നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി ശേഖരിച്ചാണു വാണിജ്യ മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നത്. ഇത്തരം ബിസിനസുകള്‍ നടത്തുന്ന മലയാളികളടക്കം നിരവധി വിദേശികള്‍ ഇതിനകം പിടിയിലായിട്ടുണ്ട്.












Click it and Unblock the Notifications