അംബാനി പോയെങ്കില്‍ പോട്ടെ, ഇന്ത്യയില്‍ നിന്നും പിന്‍മാറാതെ സൗദി ആരാംകോ, ഇനിയും സാധ്യത തേടും
ദില്ലി: ഓഹരിവില്‍പ്പനയില്‍ നിന്നും റിലയൻസ് ഇൻഡസ്ട്രീസ് പിൻമാറിയെങ്കിലും ഇന്ത്യയില്‍ നിന്നുള്ള സാധ്യതകള്‍ തേടുന്നത് തുടരുമെന്ന് പ്രഖ്യാപിച്ച് സൗദി അറേമ്പ്യയുടെ ദേശീയ എണ്ണ കമ്പനിയായ ആരാംകോ. ആരാംകോയുമായി നടത്താനിരുന്ന ഓഹരി വിൽപ്പനയിൽ നിന്നും പിന്‍മാറുകയാണ് മുകേഷ് അമ്പാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതിന് തൊട്ട് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ആരാംകോ രംഗത്ത് എത്തിയത്. ഇന്ത്യയിൽ നിക്ഷേപ അവസരങ്ങൾക്കായി സാധ്യതകള്‍ തിരയുന്നത് തുടരുമെന്ന് സൗദി അരാംകോ വ്യക്തമാക്കുന്നു.

"ദീർഘ കാലാടിസ്ഥാനത്തിൽ ഇന്ത്യ വമ്പിച്ച വളർച്ചാ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾ സാധ്യതകളുള്ള പങ്കാളികളുമായി പുതിയതും നിലവിലുള്ളതുമായ ബിസിനസ് അവസരങ്ങൾ വിലയിരുത്തുന്നത് തുടരും' എന്നാണ് സൗദി ആരാംകോ ഞായറാഴ്ച പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
തോളിലൊരു റോസാപ്പൂവ്, അതുപോലെ സുന്ദരം: സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി അര്‍ച്ചന കവി

റിലയൻസിന്റെ ഓയിൽ-ടു-കെമിക്കൽസ് യൂണിറ്റിൽ ഏകദേശം 15 ബില്യൺ ഡോളർ മൂല്യമുള്ള 20% ഓഹരികൾക്കായി അരാംകോ 2019 ഓഗസ്റ്റിൽ ഒരു അനൗദ്യോഗിക കരാറില്‍ ഒപ്പു വെച്ചിരുന്നു. ഇതോടെ ഇന്ത്യയിലും വലിയ നിക്ഷേപ പദ്ധതികളായിരുന്നു ആരാംകോ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സൗദി അറേബ്യന്‍ കമ്പനിയുമായുള്ള കരാറില്‍ നിന്നും പിന്മാറുകയാണെന്ന് വെള്ളിയാഴ്ച റിലയൻസ് അറിയിക്കുകയായിരുന്നു.

റിലയൻസുമായി ദീർഘകാല ബന്ധമാണുള്ളതെന്നും അത് തുടരുമെന്നും ആരാംകോ വ്യക്തമാക്കി. 1500 കോടി ഡോളറിന്റെ മൂല്യമുള്ള കരാറായിരുന്നു ആരാംകോയും റിലയന്‍സും തമ്മില്‍ വെച്ചത്. ഒരു വിദേശ കമ്പനി ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയായിരുന്നു ഇത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പരസ്യപ്പെടുത്താതെ റിലയന്‍സ് കരാറില്‍ നിന്നും പിന്മാറുകയായിരുന്നു. ഇന്ത്യയിൽ അരാംകോയുടെ ഇഷ്ടപ്പെട്ട പങ്കാളിയായി തുടരുമെന്ന് മാത്രമാണ് റിലയന്‍സ് അറിയിച്ചത്.

അതേസമയം, തന്നെ ഇന്ധന വിപണിയുമായി ബന്ധപ്പെട്ട് സമീപകാലത്ത് റിലയന്‍സ് സ്വീകരിച്ച പുതിയ നയമാണ് ആരാംകോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നതിന് പകരം പ്രകൃതിക്ക് കാര്യമായ ക്ഷതമേല്‍ക്കാത്ത ഗ്രീന്‍ എനര്‍ജിയെ കൂടുതലായി ആശ്രയിക്കാനാണ് തീരുമാനം.

കരാറിൽ ഉടനെ തന്നെ അന്തിമ ധാരണയാവുമെന്നായിരുന്നു ഈ വർഷം ജൂൺ മാസത്തിൽ റിലയൻസ് വ്യക്തമാക്കിയത്. കരാറിനില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ റിലയൻസിന്റെ ഓഹരി മൂല്യം നാല് ശതമാനം ഇടിയുകയും ചെയ്തിരുന്നു. 10 മാസങ്ങൾക്ക് ശേഷം ആദ്യമായാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂല്യം ഇത്രയധികം ഇടിഞ്ഞത്.

ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി അരാംകോ കഴിഞ്ഞ മാസം അവസാനത്തോടെ മാറിയിരുന്നു. ടെക്നോളജി രംഗത്തെ ഭീമന്‍മാരായ ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍, എക്‌സോണ്‍ മൊബില്‍, ഷെല്‍ തുടങ്ങിയ കമ്പനികളെ പിന്തള്ളിയായിരുന്നു സൗദി അരാംകോ ഏറ്റവും ലാഭമുള്ള കമ്പനിയായി മാറിയത്. സമീപകാലത്ത് ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാക്കിയ വര്‍ധനവാണ് ആരാംകോയെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. കമ്പനിയുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ അറ്റാദായം ഒരു വര്‍ഷം മുമ്പുള്ള 11.8 ശതകോടി ഡോളറിനെക്കാള്‍ 158 ശതമാനം വര്‍ധിച്ച് 30.4 ശതകോടി ഡോളറായി വര്‍ധിച്ചു.












Click it and Unblock the Notifications