തൊഴില്‍ നിയമലംഘനങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം, പരാതി അറിയിക്കാന്‍ ആപ്പും
തൊഴില്‍ മേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മഅന്‍ എന്ന് പേരിട്ടിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്
റിയാദ്: രാജ്യത്തെ തൊഴില്‍ നിയമ ലംഘനങ്ങള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി സൗദി അറേബ്യ. തൊഴില്‍ മേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മഅന്‍ എന്ന് പേരിട്ടിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കഷേന്‍ ഇതോടെ തന്നെ ഉപയോഗിച്ച് തുടങ്ങാം.
സൗദി തൊഴില്‍- സാമൂഹിക വികസന മന്ത്രാലയമാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത് പുറത്തിറക്കിയിട്ടുള്ളത്. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ക്ക് ഉടന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നുവെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

പരാതികള്‍ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം
സൗദിയിലെ തൊഴില്‍ നിയമലംഘങ്ങളെക്കുറിച്ച് പരാതി നല്‍കുന്നവര്‍ക്ക് സമ്മാനവും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയുടെ പത്തുശതമാനമാണ് പാരിതോഷികമായി നല്‍കുന്നത്.

നിയമലംഘനങ്ങള്‍.. പാരയാവും
വിസ മറിച്ചുവില്‍ക്കല്‍, തൊഴിലാളികളല്ലാത്തവരെ ജോലി ചെയ്യിക്കല്‍, ഉച്ചയ്ക്ക് ജോലി ചെയ്യിക്കല്‍, സ്ത്രീകള്‍ക്കുള്ള ജോലി പുരുഷന്മാരെക്കൊണ്ട് ചെയ്യിക്കല്‍, ലൈന്‍സില്ലാതെ ജോലിക്കാരെ റിക്രൂട്ട് ചെയ്യല്‍, സൗദികള്‍ക്കുള്ള ജോലി മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കല്‍ എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുക.

പീഡനങ്ങള്‍ക്ക് അന്ത്യം
തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ നേരിടുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കുകയാണ് ആപ്പ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. മന്ത്രാലയത്തിന് തൊഴില്‍ പീഡനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമെന്നോണമാണ് ഈ നീക്കം.

കാലയളവ് 30 ദിവസം
നിയമലംഘനം നടന്ന് 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പരാതികളിലായിരിക്കും നടപടി സ്വീകരിക്കുക. എന്നാല്‍ നല്‍കിയ വിവരങ്ങളോ പരാതിയോ തെറ്റാണെന്ന് തെളിഞ്ഞാല്‍ ആറ് മാസത്തേക്ക് ആപ്പ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും.












Click it and Unblock the Notifications