സൗദി അറേബ്യയില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നു; ജോലി സമയവും, യുഎഇയിലും പുതിയ പരിഷ്‌കാരം
റിയാദ്/ദുബായ്: കൊറോണ വൈറസ് മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ സൗദി അറേബ്യയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നു. സ്വകാര്യ മേഖലയില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ശമ്പളം മാത്രമല്ല ജോലി സമയവും വെട്ടിക്കുറയ്ക്കും.
കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ശമ്പളവും ജോലി സമയവും വെട്ടിക്കുറയ്ക്കാന്‍ സൗദി അറേബ്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം, യുഎഇയില്‍ അവധി നേരത്തെയാക്കി നാട്ടില്‍ പോകുന്നതിനുള്ള സൗകര്യവും ഭരണകൂടം ഒരുക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

നഷ്ടത്തിലായ കമ്പനികള്‍ക്ക്
ബിസിനസ് നഷ്ടത്തിലായ കമ്പനികള്‍ക്കാണ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സൗദി ഭരണകൂടം അനുമതി നല്‍കിയത്. എന്നാല്‍ ഈ മാറ്റം വരുത്തുമ്പോള്‍ ജോലിക്കാരുടെ അനുമതി തേടണമെന്നും നിര്‍ദേശമുണ്ട്. ശമ്പളം കുറയ്ക്കുമ്പോള്‍ ജോലി സമയവും കുറയ്്ക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

ചൂഷണം ചെയ്താല്‍
അതേസമയം, കൊറോണ ഭീതിയുടെ മറവില്‍ ജോലിക്കാരെ ചൂഷണം ചെയ്താല്‍ ശക്തമായ നടപടി കമ്പനികള്‍ നേരിടേണ്ടിവരും. ഏതെങ്കിലും ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ചാനലുകള്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി റിപ്പോര്‍ട്ട് ചെയ്യാമെന്ന് മന്ത്രാലയ ഡയറക്ടര്‍ സഅദ് അല്‍ ഹമ്മദ് പറഞ്ഞു.

പ്രത്യേക ഫണ്ട് തയ്യാറാക്കി
കൊറോണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിന് സൗദി ഭരണകൂടം പ്രത്യേക ഫണ്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ ഫണ്ടില്‍ നിന്ന് കമ്പനികള്‍ക്ക് സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. ഇങ്ങനെ സഹായം നേടിയ കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടാനോ ശമ്പളം വെട്ടിക്കുറയ്ക്കാനോ പാടില്ല.

കര്‍ഫ്യൂ നീട്ടിയ നഗരങ്ങള്‍
അതേസമയം, സൗദി നഗരങ്ങളില്‍ കര്‍ഫ്യൂ 24 മണിക്കൂറായി നീട്ടി. റിയാദ്, തബൂക്ക്, ദഹ്‌റാന്‍, ദമ്മാം, ജിദ്ദി, തായിഫ്, ഖത്തീഫ്, ഹൊഫൂഫ്, അല്‍ഖോബാര്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. സുപ്രധാന മേഖലകളിലെ തൊഴിലാളികള്‍ ഒഴികെ ഈ പ്രദേശങ്ങളിലേക്ക് കടക്കുന്നതും പുറത്ത് പോകുന്നതും അനുവദിക്കില്ല.

ആറിനും മൂന്ന് മണിക്കുമിടയില്‍
കര്‍ഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളില്‍ രാവിലെ ആറിനും മൂന്ന് മണിക്കുമിടയില്‍ മരുന്നിനും ഭക്ഷണത്തിനും മാത്രം വീട് വിട്ടിറങ്ങാം. വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ മാത്രമേ പാടുള്ളൂ. അടിയന്തര സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. കുട്ടികളെ പുറത്തിറക്കരുത്. ഓണ്‍ലൈന്‍ ഡെലിവറി ഉപയോഗപ്പെടുത്താനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

യുഎഇയിലെ ഇളവ്
അതേസമയം, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വാര്‍ഷിക അവധി നേരത്തെയാക്കാന്‍ യുഎഇ പദ്ധതി തയ്യാറാക്കി. ഏര്‍ലി ലീവ് പദ്ധതിയാണ് നടപ്പാക്കുന്നത്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോകണമെങ്കില്‍ അതിന് അനുവദിക്കും. തൊഴിലുടമയും തൊഴിലാളിയും പരസ്പര ധാരണയില്‍ വേതനമില്ലാതെ അവധി എടുക്കുകയും ചെയ്യാം.












Click it and Unblock the Notifications