സൗദി: വിസാ ഫീസ് വര്‍ദ്ധന ബിസിനസുകാര്‍ക്ക് തിരിച്ചടി
സൗദിയില്‍ വിസാ ഫീസ് വര്‍ദ്ധിപ്പിച്ചത് ബിസിനസ് ബന്ധങ്ങള്‍ക്ക് തിരിച്ചടി
റിയാദ്: സൗദിയില്‍ എണ്ണ വിലത്തകര്‍ച്ചയെ തുടര്‍ന്ന് വരുമാന വര്‍ദ്ധനയ്ക്കായി വിസാ ഫീസ് വര്‍ദ്ധിപ്പിച്ചത് വ്യാപാരബന്ധങ്ങളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. വിസാ ഫീസില്‍ ഏഴ് മടങ്ങ് വര്‍ദ്ധനവുണ്ടായതോടെ സൗദിയില്‍ ബിസിനസ് ചെയ്യുന്നതും ദുഷ്‌കരമായി തീര്‍ന്നിട്ടുണ്ട്. എന്നാല്‍ രാജ്യത്തുള്ള ബിസിനസുകളെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയ സൗദിയിലെ മുതിര്‍ന്ന ബിസിനസ് നേതാവ് ബിസിനസ് പങ്കാളികള്‍ക്ക് താങ്ങാവുന്ന വര്‍ദ്ധനവ് മാത്രമേ സൗദിയില്‍ ഉണ്ടായിട്ടുള്ളൂവെന്ന വിശദീകരണവും നല്‍കി.
എണ്ണവിപണിയില്‍ നേരിട്ട നഷ്ടം നികത്തുന്നതിനായി സൗദി ഏര്‍പ്പെടുത്തിയ പദ്ധതികളില്‍ ഒന്നുമാത്രമാണ് വിസാ ഫീസ് വര്‍ദ്ധന. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എണ്ണയില്‍ നിന്നുള്ള വരുമാനത്തില്‍ 68 ശതമാനം കുറവാണ് സൗദിയ്ക്ക് സംഭവിച്ചിട്ടുള്ളത്. ബ്ലൂംബെര്‍ഗ്ഗ് ന്യൂസ് പുറത്തുവിട്ട ഔദ്യോഗിക കണക്കാണ് ഇത് വ്യക്തമാക്കുന്നത്. സൗദി നിയമസഭ പാസാക്കിയ പുതിയ വിസാ ഫീസ് വര്‍ധന ഒക്ടോബര്‍ രണ്ടുമുതലാണ് പ്രാബല്യത്തില്‍ വന്നത്.

ഫീസ് വര്‍ധനവ്
സന്ദര്‍ശക വിസയ്ക്ക് 2000 റിയാലാണ് ഫീസിനത്തില്‍ നല്‍കേണ്ടത്. ആറുമാസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയ്ക്ക് 3000 രൂപയും ഒരു വര്‍ഷത്തേക്ക് 5000 രൂപയും, രണ്ട് വര്‍ഷത്തേയ്ക്ക് ലഭിക്കുന്നതിന് 8000 രൂപയുമാണ് ഫീസിനത്തില്‍ നല്‍കേണ്ടത്. സന്ദര്‍ശന വിസയിലെത്തി വിസ കാലാവധി നീട്ടുന്നതിനും പുതിയ ഫീസുകള്‍ ബാധകമായിരിക്കും.

ട്രാന്‍സിറ്റ് വിസ
ട്രാന്‍സിറ്റ് വിസയ്ക്ക് 300 റിയാലും തുറമുഖം വഴിയുള്ള യാത്രയ്ക്ക് 50 റിയാലും പ്രവാസികളില്‍ നിന്ന് ഈടാക്കും. രണ്ട് മാസം കാലാവധിയുള്ള എക്‌സിറ്റ് റീ എന്‍ട്രി വിസയ്ക്ക് 200 റിയാല്‍ മാത്രം നല്‍കിയാല്‍ മതി. തുടര്‍ന്ന് വരുന്ന മാസങ്ങളില്‍ 100 റിയാല്‍ വീതം നല്‍കണമെന്നും സൗദി വ്യക്തമാക്കുന്നു.

തിരിച്ചടിയായത് എണ്ണവില
ആഗോള വിപണിയില്‍ എണ്ണയ്ക്ക് വിലത്തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി വിസ ഫീസ് വര്‍ധിപ്പിക്കാന്‍ സൗദി തീരുമാനിച്ചത്.

തീരുമാനം മന്ത്രി സഭായോഗത്തില്‍
ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ വച്ച് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് അധ്യക്ഷത വഹിച്ച മന്ത്രിസഭായോഗത്തിലാണ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായിട്ടുള്ളത്.

പ്രവാസികള്‍ക്ക് തിരിച്ചിടി
മലയാളികളുള്‍പ്പെടെ സൗദിയെ ആശ്രയിക്കുന്ന പ്രവാസികള്‍ക്കാണ് സൗദിയുടെ വിസാ ഫീസ് വര്‍ധന തിരിച്ചടിയാവുക. സന്ദര്‍ശക വിസയില്‍ ബന്ധുക്കളെ വിദേശത്തേക്ക് കൊണ്ടുവരാനുള്ള പ്രവാസികളുടെ നീക്കങ്ങളെയും ഇത് ബാധിക്കും.












Click it and Unblock the Notifications