പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; എല്ലാ നിയന്ത്രണങ്ങളും നീക്കി സൗദി, ഇനി ക്വാറന്റൈന്‍ ഇല്ല
റിയാദ്: പ്രവാസികള്‍ക്ക് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണ് സൗദിയില്‍ നിന്ന് വന്നിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന ഏകദേശം എല്ലാ നിയന്ത്രണങ്ങളും സൗദി റദ്ദാക്കി. ഹജ്ജ്, ഉംറ എന്നിവയ്ക്ക് സൗദിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജോലി ആവശ്യാര്‍ഥം പോകുന്ന പ്രവാസികള്‍ക്കും ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം.
സൗദിയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഉണ്ടാകില്ല. മാസ്‌ക് ആവശ്യമില്ല. പള്ളികളില്‍ അകലം പാലിക്കണമെന്ന നിര്‍ദേശവും റദ്ദാക്കി. കഴിഞ്ഞ വര്‍ഷം പൂര്‍ണമായി അടച്ച മട്ടിലായിരുന്നു സൗദി. ഇനി കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട എന്നാണ് അധികൃതരുടെ തീരുമാനം...

കടുത്ത നിയന്ത്രണങ്ങള്‍ സാമ്പത്തികമായി തകര്‍ക്കുമെന്ന് പല രാജ്യങ്ങളിലെയും വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ സമ്പൂര്‍ണ അടച്ചിടലാണ് മിക്ക രാജ്യങ്ങളും പ്രഖ്യാപിച്ചത്. എന്നാല്‍ രണ്ടാംഘട്ടത്തില്‍ രോഗ വ്യാപനമുള്ള പ്രദേശങ്ങള്‍ മാത്രം അടച്ചിട്ടാല്‍ മതി എന്ന നിലയിലേക്ക് മാറി. രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും നീക്കുന്നത്.

സൗദി അറേബ്യ വിദേശികള്‍ക്ക് മുന്നില്‍ വാതില്‍ അടയ്ക്കുകയാണ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആദ്യം ചെയ്തത്. വിദേശികള്‍ കൂടുതലായി സൗദിയിലെത്തുന്നത് തീര്‍ഥാടനത്തിനാണ്. ഉംറ തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഹജ്ജിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തു.

കൊവിഡ് അകലാന്‍ തുടങ്ങിയതോടെ നിയന്ത്രണം ഘട്ടങ്ങളായി നീക്കാന്‍ സൗദി ഭരണകൂടം ആരംഭിച്ചു. തീര്‍ഥാടനത്തിന് മക്കയിലെ ഹറമില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തി. വിപണികള്‍ തുറക്കാന്‍ അനുവദിച്ചു. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് വാക്‌സിനേഷനും ക്വാറന്റൈനും നിര്‍ദേശിച്ചു. ചില നിയന്ത്രണങ്ങള്‍ ഇതുവരെ തുടര്‍ന്നിരുന്നു എങ്കിലും ഇപ്പോള്‍ നിയന്ത്രണങ്ങളെല്ലാം പൂര്‍ണമായി നീക്കിയിരിക്കുകയാണ്.

കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കിയെന്ന് ശനിയാഴ്ച വൈകീട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. പൊതു സ്ഥലങ്ങളില്‍ ഇനി മുതല്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. വാക്‌സിന്‍ സ്വീകരിച്ചവര്‍ സൗദിയിലെത്തിയാല്‍ ക്വാറന്റൈനുമുണ്ടാകില്ല. പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനങ്ങളാണ് ഇവ രണ്ടും.

പള്ളികളില്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല എന്നാണ് നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് വേണം. ശനിയാഴ്ച മുതല്‍ പുതിയ തീരുമാനങ്ങള്‍ സൗദി നടപ്പാക്കി കഴിഞ്ഞു. മക്കയിലും മദീനയിലുമെത്തുന്ന തീര്‍ഥാടകരുടെ സൗകര്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനങ്ങള്‍.

വാക്‌സിന്‍ എടുത്തവര്‍ക്ക് കൊവിഡില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നേരത്തെ സൗദിയിലെത്തുന്നതിന് തൊട്ടുമുമ്പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും ഫലമടങ്ങിയ രേഖ കൈയ്യില്‍ കരുതുകയും വേണമായിരുന്നു. ഇപ്പോള്‍ അതാവശ്യമില്ല. കടുത്ത നിയന്ത്രണങ്ങള്‍ കാരണം സൗദിയിലേക്കുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിരുന്നു.
'ചിപ്പി വില്‍ക്കുന്നവള്‍'... ഹോട്ട് ചിത്രങ്ങളുമായി ജാന്‍വി കപൂര്‍; നടിയുടെ സൂപ്പര്‍ ലുക്ക്

സൗദിയുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം തീര്‍ഥാടകരില്‍ നിന്നുള്ളതാണ്. പ്രതിവര്‍ഷം 1200 കോടി ഡോളറാണ് ഹജ്ജ്, ഉംറ തീര്‍ഥാടകരില്‍ നിന്നായി സൗദിക്ക് ലഭിച്ചിരുന്നത്. കൊവിഡ് കാരണം ഈ വരുമാനം നിലച്ചത് സൗദിക്ക് വലിയ ക്ഷീണമായിരുന്നു. നിയന്ത്രണം നീക്കുന്നതോടെ കൂടുതല്‍ തീര്‍ഥാടകര്‍ സൗദിയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസിനുള്ള വിലക്ക് നീക്കിയാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉംറ തീര്‍ഥാടനം എളുപ്പമായി മാറും.












Click it and Unblock the Notifications