സൗദി: സ്ത്രീകളുടെ ഡ്രൈവിംഗിനുള്ള വിലക്ക് നീക്കാനുള്ള നിര്‍ദ്ദേശം ശൂറ കൗണ്‍സില്‍ തള്ളി
ശൂറ കൗണ്‍സില്‍ അംഗം സുല്‍ത്താന്‍ അല്‍ സുല്‍ത്താനാണ് ശൂറ കൗണ്‍സിലില്‍ വിഷയം അവതരിപ്പിച്ചത്
റിയാദ്: സ്ത്രീകള്‍ക്ക് സൗദിയില്‍ വാഹനമോടിക്കാനുള്ള സാഹചര്യമൊരുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ശൂറ കൗണ്‍സില്‍ തള്ളി. തിങ്കളാഴ്ച കൗണ്‍സില്‍ മേധാവി ഡോ. അബ്ദുല്ല ആലു ശൈഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 58ാം കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം.
സ്ത്രീകള്‍ക്ക് വാനഹനമോടിക്കാനുള്ള അവസരം സൃഷ്ടിക്കാനുള്ള സാമൂഹിക അന്തരീക്ഷത്തെക്കുറിച്ച് പഠനം നടത്താന്‍ തൊഴില്‍ സാമൂഹിക മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്ന നിര്‍ദ്ദേശമാണ് കൗണ്‍സില്‍ തള്ളിക്കളഞ്ഞത്. കൗണ്‍സില്‍ യോഗത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നുവെങ്കിലും 62 പേര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയതോടെയാണ് കൗണ്‍സില്‍ ആവശ്യം തള്ളിക്കളഞ്ഞത്. ആവശ്യത്തിന് അംഗീകാരം ലഭിക്കണമെങ്കില്‍ 72 പേര്‍ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. 66 പേര്‍ ആശയത്തെ പിന്തുണച്ചെങ്കിലും 62 അംഗങ്ങള്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.

ശൂറ കൗണ്‍സില്‍ അംഗം സുല്‍ത്താന്‍ അല്‍ സുല്‍ത്താനാണ് സ്ത്രീകളുടെ വാഹനമോടിക്കാനുള്ള അവകാശത്തിന് വേണ്ടി സാഹചര്യമൊരുക്കുന്നതിനായി ശൂറ കൗണ്‍സിലില്‍ വിഷയം അവതരിപ്പിച്ചത്. വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്നാണ് കൗണ്‍സിലിന് മുമ്പില്‍ വച്ച ആവശ്യം. സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിനെ കര്‍ശനമായി വിലക്കുന്ന സൗദി സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സും അനുവദിക്കാറില്ല.












Click it and Unblock the Notifications