സൗദിയ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് രണ്ടുദിവസം മുമ്പേ ബോര്‍ഡിംഗ് പാസ്
ജിദ്ദ: സൗദി അറേബ്യയുടെ സൗദിയ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മണിക്കൂറുകള്‍ക്ക് മുമ്പേ വിമാനത്താവളത്തിലെത്തി ചെക്ക്-ഇന്‍ ചെയ്യാന്‍ കാത്തുകെട്ടിക്കിടക്കേണ്ടി വരില്ല. യാത്രയുടെ രണ്ടുദിവസം മുമ്പ് തന്നെ ഓണ്‍ലൈനായി ചെക്ക്-ഇന്‍ ചെയ്യാനും ബോര്‍ഡിംഗ് പാസ് ലഭിക്കാനുമുള്ള സൗകര്യം എയര്‍ലൈന്‍സ് അധികൃതര്‍ ഏര്‍പ്പെടുത്തിയതോടെയാണിത്. www.saudia.com എന്ന എയര്‍ലൈന്‍സ് വെബ്‌സൈറ്റ് വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
ഇതിനുപുറമെ, വിമാനത്തിലെ സീറ്റ് തെരഞ്ഞെടുക്കാനും കൂടുതല്‍ ലഗ്ഗേജ് സൗകര്യം ലഭ്യമാക്കുന്നതിനും വൈഫൈ പാക്കേജ് ബുക്ക് ചെയ്യുന്നതിനും എയര്‍പോര്‍ട്ടിലേക്കും വിമാനം ഇറങ്ങിയ ശേഷമുള്ള ലക്ഷ്യസ്ഥാനത്തേക്കും വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിനും യാത്രാ ഇന്‍ഷൂറന്‍സ് എടുക്കുന്നതിനും ഓണ്‍ലൈന്‍ വഴി സൗകര്യമുണ്ട്. 'മാനേജ് ബുക്കിംഗ്‌സ്' എന്ന ലിങ്കിലാണ് ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.

അമേരിക്ക ഒഴികെ സൗദിയ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന മുഴുവന്‍ കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഈ സേവനങ്ങള്‍ ലഭിക്കും. എന്നാല്‍ അമേരിക്കന്‍ യാത്രക്കാര്‍ക്ക് 24 മണിക്കൂര്‍ മുമ്പ് മാത്രമേ ബോര്‍ഡിംഗ് പാസ് ലഭ്യമാവുകയുള്ളൂ.
ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗും ബോര്‍ഡിംഗ് പാസ് എടുക്കുന്നതും വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് 48 മണിക്കൂര്‍ മുമ്പ് ഇതിനുള്ള സൗകര്യം ലഭ്യമാക്കാന്‍ തീരുമാനിച്ചതെന്ന് സൗദിയ എയര്‍ലൈന്‍സ് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ തയ്യിബ് പറഞ്ഞു. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിലൂടെ സൗദിയ യാത്ര കൂടുതല്‍ മികച്ച അനുഭവമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നും അദ്ദേഹം അറിയിച്ചു.
സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ സൗദിയ എയര്‍ലൈന്‍സ് നാല് വന്‍കരകളിലായി 89 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം ആഭ്യന്തര വിമാനക്കമ്പനിയായ ഫ്ലൈഅദീല്‍ ഈ വര്‍ഷാവസാനത്തോടെ അന്ത്രാരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് മാനെജ്മെന്റ് അറിയിച്ചു.












Click it and Unblock the Notifications