ഷാര്‍ജ ബേക്കറി ജീവനക്കാരിലെ മുഴുവന്‍ തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി
ഷാര്‍ജ: ശമ്പളവും ജോലിയുമില്ലാതെ കഴിഞ്ഞ പത്ത് മാസമായി ദുരിതമനുഭവിച്ച് വന്ന ഷാര്‍ജയിലെ 25 ഓളം ബേക്കറി ജീവനക്കാരിലെ മൂന്നാം സംഘം ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റസിന്റെ സൗജന്യ നിയമസഹായത്താല്‍ നാട്ടിലേക്ക് മടങ്ങി. മൂന്നാം ഘട്ടത്തില്‍ പത്ത് തോഴിലാളികളെയാണ് വീസ റദ്ദാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചത്. രണ്ട് ഘട്ടങ്ങളിലായി പതിമൂന്ന് പേര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഇതോടെ ദുരിതത്തിലായിരുന്ന മുഴുവന്‍ തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ സ്വദേശി സനീഷ് കുഞ്ഞിക്കണ്ണന്‍, കാസര്‍കോഡ് സ്വദേശികളായ ചോയ്യപ്പരാമന്‍, റനീഷ് കുമാര്‍, സുനില്‍കുമാര്‍, പാലക്കാട് സ്വദേശി സുരേഷ് കല്ലംപറമ്പില്‍ തിരുവനന്തപുരം സ്വദേശി ബാബു പാച്ചന്‍, തമിഴ്‌നാട് സ്വദേശികളായ പൗന്‍ദുരൈ, മുരുകന്‍ ആണ്ടി, ഉത്തര്‍പ്രദേശ് സ്വദേശികളായ സുരേഷ് കുമാര്‍, പരസോത്തം യാദവ് എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതില്‍ പാസ് പോര്‍ട്ട് കാലാവധി കഴിഞ്ഞ മുന്ന് പേര്‍ ഔട്ട്പാസ് എടുത്താണ് നാട്ടിലേക്ക് മടങ്ങിയത്.

മലയാളി ഉടമസ്ഥയിലുള്ള കമ്പനി ഉടമകള്‍ തമ്മിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിലച്ചത്. പിന്നീട് മലയാളികള്‍ അടക്കുമുള്ള തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചവര്‍ക്ക് പാസ്പാര്‍ട്ട് പോലും തിരിച്ചു നല്‍കാന്‍ ഉടമകള്‍ തയ്യാറായില്ല. പരാതി ബന്ധപ്പെട്ട വകുപ്പുകളില്‍ ലഭിച്ചെങ്കിലും ഉടമകള്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെയും ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റസിന്റെ സൗജന്യ നിയമ സഹായവുമാണ് പിന്നീട് ഇവര്‍ക്ക് തുണയായത്.
ഭക്ഷണത്തിനു പോലും വകയില്ലാതെ അലഞ്ഞ് തിരിഞ്ഞിരുന്ന തൊഴിലാളികള്‍ക്ക് ഏകത എന്ന സംഘടനയാണ് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കിയത്. അഡ്വ: കെ എസ് അരുണ്‍, അഡ്വ: രശ്മി ആര്‍ മുരളി, നിയമ പ്രതിനിധികളായ വിനോദ് കുമാര്‍, ഷുഹൈബ് മദലന്‍ എന്നിവര്‍ ചേര്‍ന്നാണ് നിയമ സഹായങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പ്രതീക്ഷകളുടെ ലോകത്ത് നിന്നും സ്വപ്‌നങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് പറന്നു.












Click it and Unblock the Notifications