ഷിഹാബ് ചോറ്റൂര്‍ ഇറാനില്‍; അഹമ്മദാബാദില്‍ നിന്ന് വീഡിയോ... ഇറാഖിലേക്ക് നടക്കുന്നു
ഇറാനില്‍ നിന്ന് ഇറാഖിലേക്കു നടക്കുകയാണ് ഷിഹാബ്. ശേഷം കുവൈത്ത് കടന്നുവേണം സൗദിയിലെത്താന്‍

മലപ്പുറത്ത് നിന്ന് നടന്ന് ഹജ്ജിന് പുറപ്പെട്ട ഷിഹാബ് ചോറ്റൂര്‍ ഇറാനിലെത്തി. ഇനി ഇറാഖിലേക്കാണ് അദ്ദേഹം നടക്കുന്നത്. ഇറാനിലെത്തിയ ശേഷം 300 ലധികം കിലോമീറ്റര്‍ നടന്നു. അഹമ്മദാബാദ് എന്ന സ്ഥലത്ത് വച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചയായതിനാല്‍ ഇന്ന് ഇനി യാത്രയില്ല. ശനിയാഴ്ച രാവിലെ ഇവിടെ നിന്ന് പുറപ്പെടും.
500 കിലോമീറ്ററോളം നടന്നാല്‍ ഇറാഖിലെത്തും. ശേഷം കുവൈത്ത് അതിര്‍ത്തിയിലേക്ക് നടക്കും. കുവൈത്ത് കടന്നാല്‍ സൗദിയിലെത്തും. ശേഷം മക്കയിലെത്തി ഹജ്ജും ഉംറയും നിര്‍വഹിക്കാനും മദീനയിലേക്ക് യാത്ര ചെയ്യാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ജൂണിലാണ് ഹജ്ജ്. സാധ്യമായാല്‍ ജറുസലേമിലേക്കും പോകുമെന്ന് ഷിഹാബ് നേരത്തെ പറഞ്ഞിരുന്നു.
ഇറാനിലെത്തിയപ്പോള്‍ കടുത്ത തണുപ്പാണ് അനുഭവിക്കുന്നത്. മലയോര മേഖലകളാണ് ചുറ്റും. വ്യാഴാഴ്ച രാത്രിയാണ് ഇപ്പോഴുള്ള സ്ഥലത്തെത്തിയത്. ഇവിടെയുള്ള ഒരു വീട്ടില്‍ അഭയം ചോദിച്ചു. ഇന്ന് നാട്ടില്‍ നിന്ന് നെറ്റ് റീചാര്‍ജ് ചെയ്ത ശേഷമാണ് വീഡിയോ ലൈവ് ചെയ്യുന്നതെന്നും ഷിഹാബ് വിശദീകരിച്ചു.
പാകിസ്താന്‍ കടന്ന ശേഷമാണ് ഇറാനിലെത്തിയത്. പിന്നിട്ട വഴികളിലെ ഉപകാര പ്രദമായ വീഡിയോകള്‍ എടുത്തിട്ടുണ്ടെന്ന് ഷിഹാബ് വ്യക്തമാക്കി. നെറ്റ് കണക്ഷന്‍ ലഭിക്കുന്ന വേളയില്‍ ഇതെല്ലാം അപ്ലോഡ് ചെയ്യും. മൂന്ന് കാര്യങ്ങളാണ് ഇറാനിലെത്തിയ ശേഷം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഷിഹാബ് പറയുന്നു. ഒന്ന് മലയോര മേഖലയാണ് ഇവിടെ കൂടുതലും. മറ്റൊന്ന് ഷിയാക്കളാണ് ഭൂരിപക്ഷം, ഇമാം മഹദിയെ കാത്തിരിക്കുന്നു എന്ന ബോര്‍ഡുകള്‍ കാണാന്‍ കഴിഞ്ഞു എന്നും ഷിഹാബ് വീഡിയോയില്‍ പറയുന്നു.
ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളുമില്ല. വ്യാഴാഴ്ച 55 കിലോമീറ്ററോളം നടന്നു. പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇന്ന് വീഡിയോ ലൈവ് ചെയ്തത്. ഈ വേളയിലും ഇവിടെ തണുപ്പാണ് എന്ന് ഷിഹാബ് പറഞ്ഞു.
മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലാണ് ശിഹാബിന്റെ വീട്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മക്കയിലേക്ക് അദ്ദേഹം കാല്‍നടയായി പുറപ്പെട്ടത്. 8000 കിലോമീറ്റര്‍ നടന്നു പോയി ഹജ്ജ് നിര്‍വഹിക്കണമെന്നാണ് ആഗ്രഹം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പിന്നിടുമ്പോള്‍ വലിയ സ്വീകരണമാണ് ശിഹാബിന് ലഭിച്ചത്. അതിനിടെയാണ് പാകിസ്താന്‍ വിസ അനുവദിക്കാത്തത് കാരണം പഞ്ചാബില്‍ കുടുങ്ങിയത്. നാല് മാസത്തോളമായി പഞ്ചാബിലെ അമൃതസറിലുള്ള ആഫിയ കിഡ്‌സ് സ്‌കൂളിലായിരുന്നു ശിഹാബ്. പിന്നീട് ട്രാന്‍സിറ്റ് വിസ അനുവദിച്ചു. ഈ മാസം ആദ്യവാരത്തിലാണ് ഷിഹാബ് പാകിസ്താനിലെത്തി.












Click it and Unblock the Notifications