ഷാര്‍ജ ജുബൈല്‍ മാര്‍ക്കറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
ഷാര്‍ജ: വിശാലമായ സൗകര്യത്തില്‍ ഷാര്‍ജയില്‍ പുതുതായി നിര്‍മ്മിച്ച പഴം,പച്ചക്കറി,മത്സ്യ,മാംസ മാര്‍ക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍വ്വഹിച്ചു. രണ്ടു നിലകളിലായി 37,000 ചതുരശ്ര മീറ്റര്‍ വലുപ്പത്തില്‍ നിര്‍മ്മിച്ച മാര്‍ക്കറ്റ് യുഎഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു.
തീരെ സൗകര്യം കുറഞ്ഞ പഴയ മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് പുതിയത് നിര്‍മ്മിച്ചിട്ടുള്ളത്. പുതിയ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതും കാത്ത് നില്‍ക്കുന്നവരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. വിശാലമായ കാര്‍ പാര്‍ക്കിംങ് സൗകര്യവും ആധുനിക രീതിയിലുള്ള സംവിധാനവും കൂടുതല്‍ ഉപഭോക്താക്കളെ മാര്‍ക്കറ്റിലേക്ക് എത്തിക്കുമെന്നാണ് അധിക്രതരുടെ പ്രതീക്ഷ. മലയാളികളടക്കം നിരവധി പേരുടെ സ്ഥാപനങ്ങള്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

162 ഓളം മത്സ്യ വില്‍പന സ്റ്റാളുകള്‍, 123 മാംസ വില്‍പന സ്റ്റാളുകള്‍, 118 പഴം പച്ചക്കറി സ്റ്റാളുകളടക്കം 403 സ്ഥാപനങ്ങളാണ് പുതിയ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നത്. 20 കോടി ദിര്‍ഹം മുതല്‍ മുടക്കിലാണ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ 10 വരെയും മറ്റ് ദിവസങ്ങളില്‍ കാലത്ത് എട്ട് മണി മുതല്‍ രാത്രി 10 മണി വരെയുമാണ് പ്രവര്‍ത്തന സമയം.ഷാര്‍ജ ഉപ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമിയും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications