ന്യൂനപക്ഷ സംസ്‌കാരം മിക്ക രാജ്യങ്ങളിലും പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു; കവി ചേരന്‍ രുദ്രമൂര്‍ത്തി
ദുബായ്: മിക്ക രാജ്യങ്ങളിലും ന്യുനപക്ഷ സംസ്‌കാരം നാശോന്മുഖമാണെന്നു ശ്രീലങ്കന്‍ തമിഴ് കവി ചേരന്‍ രുദ്രമൂര്‍ത്തി പറഞ്ഞു. ദുബായില്‍ ഒ എന്‍ വി രാജ്യാന്തര പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ കവി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. മ്യാന്‍മാറില്‍ മുസ്ലിംകളും ശ്രീലങ്കയില്‍ തമിഴരും അടിച്ചമര്‍ത്തലിന് വിധേയമായി നശിച്ചു കൊണ്ടിരിക്കുന്നു.
ബുദ്ധന്‍മാര്‍ പണ്ട് സംസ്‌കാര സമ്പന്നരും സമാധാനവര്‍ത്തികളും ആയിരുന്നെങ്കില്‍ രാഷ്ട്രീയബുദ്ധിസം അക്രമാസക്തമാണ്. ശ്രീലങ്കയില്‍ വളരെ അനുക്രമമായി ഓരോ ന്യുനപക്ഷ വിഭാഗങ്ങളെയും അടിച്ചമര്‍ത്തി. 1981 ല്‍ ജാഫ്‌നയില്‍ തമിഴ് ലൈബ്രറി തീ വെച്ച് നശിപ്പിച്ചത് അതിന്റെ ഭാഗമായിരുന്നു. അതിന് മുമ്പ്, മലയാളികളെയും മുസ്ലിംകളെയും ആക്രമിച്ചു. അവരൊക്കെ അവിടെ ദുര്‍ബലപ്പെട്ടു.

പിന്നീടാണ് തമിഴര്‍ക്ക് നേരെ തിരിഞ്ഞത്. ഭരണകൂടം തന്നെ ഉന്മൂലനത്തിന് നേതൃത്വം നല്‍കി. ന്യുനപക്ഷമായോ പ്രവാസിയായോ എവിടെ നില്‍കുകയാണെങ്കിലും അവരുടെ ഭാഷയും സംസ്‌കാരവും ഇല്ലാതാകും. ഇതിനെതിരെയുള്ള പ്രതിരോധമാണ് കവിതയും സാഹിത്യവും. കവിതയുടെ പേരില്‍ തനിക്കെതിരെ പലപ്പോഴും വധശ്രമം നടന്നു. ഒരേ സമയം സൈന്യത്തില്‍ നിന്നും സുനാമിയില്‍ നിന്നും ജീവന് ഭീഷണി ഉണ്ടായി. കവിതയെ സ്വീകരിക്കുന്ന സമൂഹം ചിലയിടത്തെങ്കിലും ഉണ്ട്.
ദുബായില്‍ അത് നേരില്‍ കണ്ടു. ഒരു സമൂഹം കവിതയെ എങ്ങിനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ആ സമൂഹത്തിന്റെ മഹത്വം ചേരന്‍ പറഞ്ഞു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കവി മധുസൂദനന്‍ നായര്‍, ആര്യാ ഗോപി, കെ കെ മൊയ്തീന്‍ കോയ, ഷാബു കിളിത്തട്ടില്‍, കെ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications