മരുഭൂമിയിലെ ദുരിതങ്ങള്‍ക്ക് വിട... സൗദിയില്‍ നിന്നും കവിത നാട്ടിലേയ്ക്ക് മടങ്ങി...
ദമ്മാം: ജോലിസ്ഥലത്തെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് രണ്ടു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന കവിത നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്‌നാട് ഡിണ്ടിഗല്‍ ജില്ലയിലെ മര്യാനന്തപുരം സ്വദേശിനിയാണ് കവിത പ്രശാന്ത്. ആറു മാസങ്ങള്‍ക്കു മുന്‍പാണ് ദമ്മാമിലെ സൗദി പൗരന്റെ വീട്ടില്‍ ജോലിക്കാരിയായി എത്തിയത്.
നല്ല ശമ്പളവും, മികച്ച ജോലിസാഹചര്യങ്ങളും വാഗ്ദാനം ചെയ്ത ഒരു ഏജന്റിന്റെ വാക്കുകളില്‍ വിശ്വസിച്ചാണ് കവിത വീട്ടുജോലിക്കാരിയായി എത്തിയത്. എന്നാല്‍ സ്പോണ്‍സറുടെ വീട്ടിലെ സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു. രാവും പകലും വിശ്രമമില്ലാതെ പണിയെടുപ്പിച്ചതിന് പുറമെ മാനസികപീഡനവും കവിതയ്ക്ക് നേരിടേണ്ടി വന്നു. വീടിന് പുറത്തിറങ്ങാനോ, ഫോണ്‍ ഉപയോഗിയ്ക്കാനോ വീട്ടുകാര്‍ കവിതയെ അനുവദിച്ചില്ല.

അവിടെ നിന്ന് രക്ഷപ്പെടാനായി, കവിത ടെറസ്സില്‍ കയറി മതില്‍ വഴി പുറത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാല്‍ വഴുതി ടെറസ്സില്‍ നിന്നും താഴെ വീണ കവിതയ്ക്ക് ഗുരുതരമായി പരിക്ക് പറ്റി. വീഴ്ചയില്‍ ഒരു കാല് ഒടിയുകയും, നടുവിന് പൊട്ടല്‍ ഉണ്ടാകുകയും ചെയ്തതോടെ സ്‌പോണ്‍സര്‍ അവരെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ കൊണ്ട് പോയി അഡ്മിറ്റ് ചെയ്ത് ഉപേക്ഷിക്കുകയായിരുന്നു.
സെന്‍ട്രല്‍ ആശുപത്രിയിലെ മലയാളി ജീവനക്കാര്‍, നവയുഗം സാംസ്‌കാരികവേദി നിയമസഹായവേദി കണ്‍വീനറായ ഷാന്‍ പേഴുംമൂടിനെ ഫോണില്‍ ബന്ധപ്പെട്ട്, കവിതയുടെ അവസ്ഥ അറിയിച്ചു. തുടര്‍ന്ന് ഷാനിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയും, ഇന്ത്യന്‍ എംബസ്സി വോളന്റീറുമായ മഞ്ജു മണിക്കുട്ടന്‍ ആശുപത്രിയില്‍ എത്തി കവിതയോട് സംസാരിച്ച് വിശദവിവരങ്ങള്‍ മനസ്സിലാക്കി. ഇന്ത്യന്‍ എംബസ്സി, കവിതയുടെ കേസില്‍ ഇടപെടാന്‍ മഞ്ജുവിന് അനുമതിപത്രം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കവിതയ്ക്ക് മോചനം സാധ്യമായത്.












Click it and Unblock the Notifications