യുഎഇയില്‍ വെച്ച് മോദി ഇന്ത്യയെ അപമാനിച്ചോ? വാസ്തവം ഇങ്ങനെ!
ദില്ലി: ഇന്ത്യയ്ക്കും യു എ ഇയ്ക്കും ഇടയില്‍ 700 ലധികം വിമാന സര്‍വീസുകളുണ്ട്. എന്നിട്ടും 34 വര്‍ഷമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശിച്ചിട്ട്. ഇതൊരു വലിയ തെറ്റാണ്. ഇനി ഈ തെറ്റ് ആവര്‍ത്തിക്കപ്പെടില്ല - യു എ ഇ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞാല്‍ കോണ്‍ഗ്രസിന് പൊള്ളാതിരിക്കുമോ. ഈ പറഞ്ഞ 34 ല്‍ ഭൂരിഭാഗം കാലം അവരായിരുന്നല്ലോ ഭരണത്തില്‍.
കഴിഞ്ഞില്ല, കഴിഞ്ഞ 10 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന് നല്ല കുത്ത് കൊടുത്തുകൊണ്ടാണ് മോദി യു എ ഇയില്‍ സംസാരിച്ചത്. നിലതെറ്റിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത് നരേന്ദ്ര മോദി ഇന്ത്യയെ അപമാനിച്ചു എന്നാണ്. അതെങ്ങനെയാണ് സര്‍, കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞാല്‍ ഇന്ത്യയെ കളിയാക്കലാകുന്നത് എന്ന് ചോദിക്കുന്നതിലൊന്നും കാര്യമില്ല. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ഇതൊക്കെയാണ്. കാണൂ...

മോദിയുടെ സമനില തെറ്റി
വിദേശത്ത് പോകുമ്പോള്‍ നരേന്ദ്ര മോദിയുടെ സമനില തെറ്റിയത് പോലെയാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. അതിന് കാരണമായി പറയുന്നതോ മോദി മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്നു എന്നതും.

മോദി പറഞ്ഞത് ഇതാണ്
കാര്യങ്ങള്‍ വലിച്ചുനീട്ടുന്നത് രീതിയാക്കിയ മുന്‍സര്‍ക്കാറില്‍നിന്നാണ് തനിക്ക് ഭരണം കിട്ടിയത്. ആ സ്ഥിതി മാറ്റിയെടുക്കാനാണ് താന്‍ പ്രവര്‍ത്തിക്കുന്നത് - ഇതാണ് മോദി യു എ ഇയില്‍ പറഞ്ഞത്. മോദി പറഞ്ഞ കാര്യം ശരിയാണെന്നും അല്ലെന്നും പറയുന്നവരുണ്ട്.

അന്തസ് കാട്ടണം
അഭിമാനത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന രാജ്യത്തിന്റെ പ്രതിനിധിയാണ് പ്രധാനമന്ത്രി എന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറയുന്നു. ഓഫിസിന്റെ അന്തസ്സിനെക്കുറിച്ച് നരേന്ദ്ര മോദിക്ക് ജാഗ്രത വേണം. വിദേശയാത്രകളില്‍ സ്വദേശത്തെ രാഷ്ട്രീയ എതിരാളികളെ കരിതേച്ചുകാണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

വിദേശമണ്ണില്‍ ഇന്ത്യയെ അപമാനിക്കുന്നു
മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ച നരേന്ദ്ര മോദി വിദേശമണ്ണില്‍ ഇന്ത്യയെ അപമാനിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് വക്താവ് ആര്‍ പി എന്‍ സിംഗ് പറയുന്നത്. സ്വന്തം രാജ്യത്തുള്ളവരെ പുറത്തുപോയി വിമര്‍ശിക്കുന്നത് പക്വതയില്ലാത്ത പരിപാടിയാണ് എന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു.

പ്രധാനമന്ത്രിക്ക് വേര്‍തിരിവില്ലേ
മുന്‍ഗാമികളെ വിദേശ മണ്ണില്‍ വിമര്‍ശിക്കുന്ന പ്രധാനമന്ത്രിക്ക് വേര്‍തിരിവില്ലേ എന്ന് വരെ ഇദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു. ഇന്ത്യയുടെ നേട്ടങ്ങളെ മറ്റ് രാജ്യങ്ങളില്‍ പോയി കുറച്ചുകാട്ടുകയാണ് ഇന്നത്തെ പ്രധാനമന്ത്രി ചെയ്യുന്നത്.

ബി ജെ പി ഇതൊന്നും സമ്മതിക്കില്ല
എന്നാല്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്നതാണ് മോദിയുടെ വിദേശയാത്രകളെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. പതിനായിക്കണക്കിന് ആളുകളാണ് ഓരോ സ്ഥലത്തും മോദിയെ കാണാനായി എത്തുന്നത്.

വിയോജിപ്പ് നേരത്തെയുണ്ട്
ജര്‍മനിയിലും കാനഡയിലും ചൈനയിലും മോദി നടത്തിയ അഭിപ്രായപ്രകടനങ്ങളിലും കോണ്‍ഗ്രസിന് വിയോജിപ്പുണ്ട്. വിദേശ യാത്രകള്‍ക്കിടയില്‍ സ്വയം പെരുമ സമ്പാദിക്കാന്‍ ശ്രമിക്കുയാണ് മോദി എന്നാണ് കുറ്റപ്പെടുത്തല്‍.

ഈവന്റ് മാനേജ്‌മെന്റല്ല
പ്രധാനമന്ത്രി വിദേശയാത്ര നടത്തുന്നത് ഇവന്റ് മാനേജ്‌മെന്റ് പരിപാടിയായി മാറ്റുകയാണ് എന്നൊരു പരാതിയും കോണ്‍ഗ്രസിന് ഉണ്ട്. പലവട്ടം സ്വന്തം പരാമര്‍ശങ്ങളിലൂടെ ഇന്ത്യയെ മോദി അസ്വസ്ഥമാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications