ഖത്തര്‍ വിസ ഓണ്‍ അറൈവല്‍ പുനഃസ്ഥാപിച്ചു; ഇന്ത്യക്കാര്‍ക്ക് ഇളവുകള്‍, നിബന്ധന ഇങ്ങനെ
ദോഹ: ഹയ്യ കാര്‍ഡ് പദ്ധതി ഖത്തര്‍ ഭരണകൂടം നിര്‍ത്തി. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സര സീസണില്‍ മാത്രമായി അവതരിപ്പിച്ചതായിരുന്നു ഹയ്യ കാര്‍ഡ്. മല്‍സരങ്ങള്‍ അവസാനിച്ച സാഹചര്യത്തിലാണ് കാര്‍ഡ് പദ്ധതി നിര്‍ത്തിയതും വിസ ഓണ്‍ അറൈവല്‍ വീണ്ടും നടപ്പാക്കിയതും.
അതേസമയം, ഹയ്യ കാര്‍ഡ് വഴി ഖത്തറിലെത്തിയവര്‍ക്ക് ജനുവരി 23 വരെ ഖത്തറില്‍ തങ്ങാന്‍ തടസങ്ങളുണ്ടാകില്ല. ഇവര്‍ക്ക് ഖത്തറിന്റെ ടൂറിസം മേഖലകള്‍ സന്ദര്‍ശിക്കാം. ഇന്ത്യയുള്‍പ്പെടെ 95 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ ഓണ്‍ അറൈവല്‍ പദ്ധതി പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇതിന് ചില നിബന്ധനകളുണ്ട്. അറിയാം വിശദാംശങ്ങള്‍...

95 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ ഓണ്‍ അറൈവല്‍ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുക. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേണ്ടി ഖത്തര്‍ വലിയ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതെല്ലാം ഇപ്പോഴും ഖത്തറിലുണ്ട്. അവ കാണുന്നതിനും ആസ്വദിക്കുന്നതിനും അവസരം ഒരുക്കിയിരിക്കുകയാണ് ഖത്തര്‍.

ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ ഓണ്‍ അറൈവല്‍ ലഭിക്കും. ഇതിന് ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്നവര്‍ക്ക് 30 ദിവസം ഖത്തറില്‍ താമസിക്കാന്‍ അവസരമുണ്ടാകും. ഹോട്ടല്‍ റിസര്‍വേഷന്‍ നിര്‍ബന്ധമാണ്. ഡിസ്‌കവര്‍ ഖത്തര്‍ എന്ന വെബ് സൈറ്റ് വഴിയാണ് ഹോട്ടല്‍ റിസര്‍വ് ചെയ്യേണ്ടത്. മറ്റു വെബ് സൈറ്റുകള്‍ വഴിയുള്ള റിസര്‍വേഷനുകള്‍ അംഗീകരിക്കില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

വിസ ഓണ്‍ അറൈവല്‍ ലഭിച്ചാല്‍ 30 ദിവസം ഖത്തറില്‍ താമസിക്കാം. ഇവര്‍ക്ക് നിയമ പിന്‍ബലമുള്ളതും ആറ് മാസം കാലാവധിയുള്ളതുമായ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. മാത്രമല്ല, കണ്‍ഫേം ആയ മടക്ക ടിക്കറ്റ് കൈവശം വേണം. കൂടാതെയാണ് ഹോട്ടല്‍ റിസര്‍വേഷനും. ലോകകപ്പ് മല്‍സര വേളയില്‍ ആളുകള്‍ കൂട്ടത്തോടെ സന്ദര്‍ശനത്തിന് എത്തിയിരുന്ന കേന്ദ്രങ്ങള്‍ ഇപ്പോഴും വിദേശികളെ കാത്തിരിക്കുന്നുണ്ട്.

സൂഖ് വാഖിഫിലെയും കതാര സാംസ്‌കാരിക ഗ്രാമത്തിലെയും കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. ദോഹ തുറമുഖം, കോര്‍ണിക് തുടങ്ങിയ ആകര്‍ഷകമായ സ്ഥലങ്ങളിലും പോകാം. ലോകകപ്പ് ഭംഗിയായി നടത്തിയതിന്റെ ആവേശത്തിലാണ് ഖത്തര്‍. വിനോദ സഞ്ചാരികള്‍ക്ക് നവ്യാനുഭവം നല്‍കാന്‍ തങ്ങള്‍ക്കാകുമെന്ന പ്രത്യാശ ടൂറിസം വിഭാഗം മേധാവി ഹയ അല്‍ നുഐമി പങ്കുവച്ചു.

അതേസമയം, ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഖത്തര്‍ വലിയ ഇളവുകള്‍ നല്‍കുന്നുണ്ട്. അവര്‍ക്ക് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ ഖത്തറിലേക്ക് എത്തുന്നതിന് വിസ ആവശ്യമില്ല. ഖത്തറിലെ ഏത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ജിസിസി പൗരന്മാര്‍ക്ക് സാധിക്കും. ജിസിസി രാജ്യങ്ങളുമായി കൂടുതല്‍ സഹകരിച്ച് മുന്നോട്ട് പോകാനാണ് ഖത്തറിന്റെ തീരുമാനം.

നേരത്തെ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു ജിസിസിയിലെ മൂന്ന് രാജ്യങ്ങള്‍. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ഉപരോധം പിന്‍വലിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം കാണുന്നതിന് ജിസിസിയിലെ പ്രധാന നേതാക്കളെല്ലാം ഖത്തറിലെത്തിയിരുന്നു. ഖത്തറിന്റെ സംഘാടനത്തെ വാനോളം പുകഴ്ത്തിയാണ് യുഎഇയുടെയും സൗദിയുടെയും നേതാക്കള്‍ മടങ്ങിയത്.












Click it and Unblock the Notifications