ജിദ്ദയിലും ജിസാനിലും ശക്തമായ പരിശോധന, ആയിരങ്ങള്‍ പിടിയില്‍
ജിദ്ദ : ജിദ്ദയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ഗുലൈല്‍ ഡിസ്ട്രിക്കില്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ മുന്നൂറിലധികം പേര്‍ പിടിയിലായി.ജിദ്ദ പോലീസ് മേധാവി മേജര്‍ ജനറല്‍ മസ് ഊദ് ബിന്‍ ഫൈസലിന്റെ നേതൃത്വത്തില്‍ റോഡുകളെല്ലാം അടച്ച ശേഷമായിരുന്നു പരിശോധന. നിയമ ലംഘകര്‍ കഴിയുന്നതായി സംശയിക്കുന്ന കെട്ടിടങ്ങളെല്ലാം പോലീസ് പരിശോധിച്ചു. തിരിച്ചറിയല്‍ രേഖകളില്ലാത്തവരും നുഴഞ്ഞ് കയറ്റക്കാരും ക്രിമിനല്‍ കേസ് പ്രതികളുമാണു പിടിയിലായവര്‍ അധികവും.
നിയമ ലംഘകരെ പിടി കൂടിയ നാല്‍പതോളം കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നതിനു പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കുകയും കെട്ടിട ഉടമകള്‍ക്കെതിരെയുള്ള കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈ മാറുകയും ചെയ്തു. നിയമ ലംഘകര്‍ക്ക് വാസ സ്ഥലം ഒരുക്കുകയോ മറ്റു സഹായങ്ങളോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മേജര്‍ മസ് ഊദ് മുന്നറിയിപ്പ് നല്‍കി.

ജിസാന്‍ പ്രവിശ്യയിലെ വാണിജ്യ കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ എണ്ണൂറോളം നിയമ ലംഘകര്‍ പിടിയിലായി. റെയ്ഡ് മണത്തറിഞ്ഞ് സ്ഥാപനങ്ങള്‍ പോലും അടക്കാതെ പലരും രക്ഷപ്പെട്ടു. ജിസാനില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മാത്രം നടന്ന റെയ്ഡുകളില്‍ മാത്രം ഏഴായിരത്തോളം നിയമ ലംഘകരാണു പിടിയിലായിട്ടുള്ളത്.സ്‌പോണ്‍സര്‍ മാറി ജോലി ചെയ്തവരും ഇഖാമ കാലാവധി അവസാനിച്ചവരും നിയമ ലംഘകര്‍ക്ക് യാത്രാ താമസ സൗകര്യങ്ങള്‍ നല്‍കിയവരുമെല്ലാം പിടിയിലായവരില്‍ പെടും.
പ്രവാചകനു വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിക്കപ്പെട്ട ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന മക്കയിലെ ജബലുന്നൂര്‍ മലയുടെ മുകളിലും റെയ്ഡ് നടന്നു.എതാനും നിയമ ലംഘകരെ പിടി കൂടുകയും അനധികൃതമായി വെച്ച് കെട്ടിയുണ്ടാക്കിയിരുന്ന വാണിഭ കേന്ദ്രങ്ങള്‍ പിടി കൂടുകയും ചെയ്തു.
ഏകദേശം 700 മീറ്ററോളം ഉയരവും ചെങ്കുത്തായ പാതകളുമുള്ള ജബലുന്നൂര്‍ പര്‍വ്വതത്തിനു മുകളില്‍ വരെ എത്തിയ പരിശോധന സൂചിപ്പിക്കുന്നത്; നിയമ ലംഘകരോട് യാതൊരു ദാക്ഷിണ്യവും അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകില്ല എന്നാണു.












Click it and Unblock the Notifications