യന്ത്രതകരാറുമൂലം കാര്‍ 220കി.മി വേഗതയില്‍ ഓടി, പോലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി
സൗദി: പുതുതായി വാങ്ങിയ കാറില്‍ റിയാദില്‍ നിന്നും തായിഫിലേക്ക് പുറപ്പെട്ട അറബ് പൗരനാണ് വന്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. വാഹനം ക്രൂസ് കണ്‍ട്രോളില്‍ (വേഗത സെറ്റ് ചെയ്തു വെക്കുന്ന സംവിധാനം) വേഗ പരിധി നിശ്ചയിച്ച് ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കാര്‍ തനിയെ 220 കി.മി വേഗതയിലേക്ക് ഗതി മാറിയത്.
വാഹനത്തിന്റെ വേഗത കുറയ്ക്കുവാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് പോലീസിന്റെ സഹായം തേടുകയായിരുന്നു. വന്‍ ദുരന്തം മുന്നില്‍ കണ്ട പോലീസിന്റെ അവസരോചിത ഇടപെടല്‍ പൗരനും കാറിനും യാതൊരു പരുക്കും കൂടാതെ രക്ഷപ്പെടാനുള്ള വഴി ഒരുക്കി. അപകട സന്ദേശം ലഭിച്ച ഉടന്‍ പോലീസ് വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഹൈവെയുടെ നിയന്ത്രണം ഏറ്റെടുക്കുകയും പോലീസ് നിര്‍ദേശ പ്രകാരം വാഹനം ഓടിക്കുവാന്‍ പൗരനോട് ആവശ്യപ്പെടുകയുമായിരുന്നു.

ഇതെസമയം തന്നെ പ്രസ്തുത കാര്‍ നിര്‍മ്മാതാക്കളുടെ സാങ്കേതിക വിഭാഗവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ വേഗത കുറയ്ക്കുവാനുള്ള മാര്‍ഗങ്ങള്‍ ആരായുകയും ചെയ്തു. അവര്‍ നല്‍കിയ മാര്‍ഗ നിര്‍ദേശത്തെ തുടര്‍ന്നാണ് വാഹനത്തിന്റെ ഗതി സ്വന്തം പരിധിയില്‍ നിര്‍ത്താന്‍ പൗരന് സാധിച്ചത്.
മരണത്തെ മുന്നില്‍ കണ്ട ഒരു മണിക്കൂര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവുന്നതല്ലെന്ന് രക്ഷപ്പെട്ട പൗരന്‍ പറഞ്ഞു. പോലീസിന്റെ പ്രവര്‍ത്തനത്തെയും അദ്ദേഹം പ്രശംസിച്ചു. കാര്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് യുവാവ്. വാഹന നിര്‍മ്മാണത്തില്‍ ഇത്തരം സംവിധാനങ്ങളുടെ കാര്യക്ഷമത വിശദമായി പരിശോധിച്ചതിനു ശേഷം മാത്രം ഉപഭോക്താക്കള്‍ക്ക് നല്‍കാവൂ എന്ന് പോലീസ് നിര്‍ദേശിച്ചു. ഇതിനു മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications