പ്രവാസികളെ നാട്ടിലെത്തിക്കുക രണ്ട് ഘട്ടങ്ങളായി; ഇനി ദിവസങ്ങള്‍ മാത്രം, രജിസ്‌ട്രേഷന്‍ തുടങ്ങി
ദില്ലി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. രണ്ടു ഘട്ടങ്ങളായിട്ടാണ് പ്രവാസികളെ നാട്ടിലെത്തിക്കുക. 24 രാജ്യങ്ങളിലുള്ളവര്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ നീക്കം ഗുണം ചെയ്യുക. ഇതില്‍ ആദ്യപരിഗണന നല്‍കുക ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കായിരിക്കും.
Recommended Video
സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കിയത്. ദിവസങ്ങള്‍ക്കകം പ്രവാസികള്‍ ഇന്ത്യയിലേക്ക് വന്നുതുടങ്ങുമെന്നാണ് വിവരം. എംബസികള്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഈ മേഖലയിലുള്ളവരെ നാട്ടിലെത്തിക്കും
ഗള്‍ഫ്, സൗത്ത് ഈസ്റ്റ് ഏഷ്യ, യൂറോപ്പ് എന്നീ മേഖലകളില്‍ നിന്നുള്ള 24 രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെയാണ് കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിക്കുക. ജോലി നഷ്ടമായി കുടുങ്ങിയവരും ടൂറിസ്റ്റ് വിസയിലെത്തി പെട്ടുപോയവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നാട്ടിലെത്താന്‍ അവസരമുണ്ടാകുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഇന്ത്യന്‍ എംബസികളില്‍ പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. നാട്ടിലേക്ക് തിരിക്കണമെന്ന് ആവശ്യമുള്ളവര്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്യണം. അടുത്താഴ്ചയോടെ യാത്ര സൗകര്യം ആരംഭിച്ചേക്കുമെന്നാണ് വിവരം. സൗദി അറേബ്യന്‍ വിമാന കമ്പനികള്‍ അവരുടെ രാജ്യത്തുള്ള വിദേശകളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ട്.

ആദ്യ പരിഗണന
24 രാജ്യങ്ങളിലുള്ള പ്രവാസികളെയാണ് നാട്ടിലെത്തിക്കുന്നത്. ഇതില്‍ ടൂറിസ്റ്റ് വിസയിലെത്തിയവര്‍ക്കും അവസരമുണ്ടാകും. ചില ടൂറിസ്റ്റുകള്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്തു തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലാളികളായ പ്രവാസികള്‍ ആദ്യ പരിഗണന നല്‍കുന്നവരിലുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

പ്രതാപം തിരിച്ചുപിടിക്കില്ല
ഗള്‍ഫ് രാജ്യങ്ങളില്‍ ഒട്ടേറെ പ്രവാസികള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇതില്‍ മലയാളികളും ഏറെയാണ്. എണ്ണവില കുറഞ്ഞതും കൊറോണ വ്യാപിച്ചതുമാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയത്. സമീപ ഭാവിയില്‍ ഗള്‍ഫ് പഴയ പ്രതാപം തിരിച്ചുപിടിക്കില്ലെന്നാണ് നിരീക്ഷണം.

രണ്ടാമത്തെ ഘട്ടത്തില്‍
തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, രോഗികള്‍, ടൂറിസ്റ്റുകള്‍ എന്നിങ്ങനെയാണ് മുന്‍ഗണന എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാകും അമേരിക്ക, ബ്രിട്ടന്‍, ഇറാന്‍ എന്നിവ ഉള്‍പ്പെടുകയെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ്-ജൂണ്‍ മാസങ്ങളിലായി
മെയ്-ജൂണ്‍ മാസങ്ങളിലായി പ്രവാസികളെ തിരിച്ചെത്തിക്കുന്നത് പൂര്‍ത്തിയാക്കും. നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കൊറോണ രോഗമില്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കണം. നാട്ടിലെത്തിയാല്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും വേണം. പ്രവാസികള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതിസന്ധിയാകില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്.

വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും
വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവും പ്രവാസികളെ നാട്ടിലെത്തിക്കുമെന്നാണ് വിവരങ്ങള്‍. ഗള്‍ഫ് മേഖലയിലുള്ളവര്‍ക്കാണ് നാവിക സേനയുടെ കപ്പല്‍ ഉപയോഗിക്കുക. കൂടാതെ പ്രത്യേക വിമാനങ്ങള്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഉപയോഗിക്കും. ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കി വരികയാണ്.












Click it and Unblock the Notifications