പഠിക്കുന്ന യൂണിവേഴ്‌സിറ്റി ഈജിപ്തില്‍, യാത്ര സൈക്കിളില്‍..; കിലോമീറ്ററുകള്‍ താണ്ടി സാബിത്ത്
യാത്രക്കിടെ ഉംറ നിര്‍വഹിക്കാനും മദീനയിലെ ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും സാബിത്തിന് പദ്ധതിയുണ്ട്. സ്വയം പണം മുടക്കിയാണ് സാബിത്തിന്റെ സൈക്കിളിലെ സോളോ ട്രിപ്പ്

അബുദാബി: സ്വന്തം പഠനസ്ഥലത്തേക്ക് വീട്ടില്‍ നിന്ന് സൈക്കിളില്‍ പോകുന്നത് പുതുമയല്ല. എന്നാല്‍ വീടും പഠിക്കുന്ന സ്ഥലവും രണ്ട് രാജ്യത്താണെങ്കിലോ. എങ്കിലും സൈക്കിളില്‍ ഒന്ന് പോയി നോക്കാനാണ് മലയാളിയും മംഗലാപുരം സ്വദേശിയും 21 കാരനുമായ അഹമ്മദ് സാബിത്ത് തീരുമാനിച്ചത്. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ച സാബിത്ത് സൈക്കിള്‍ ചവിട്ടിയാണ് അങ്ങോട്ടേക്ക് പോകുന്നത്.
കേവലം ഒരു സൈക്കിള്‍ ട്രിപ്പ് എന്നതിലുപരി പ്രവാചകന്റെ മനുഷ്യത്വം, ലോകസമാധാനം എന്നീ സന്ദേശങ്ങളും പകരുക എന്ന ലക്ഷ്യത്തോടെയാണ് സാബിത്ത് തന്റെ സൈക്കിള്‍ ട്രിപ്പ് ആരംഭിച്ചത്. 15,000 കിലോമീറ്ററുകളാണ് സൈക്കിളില്‍ സാബിത്ത് പിന്നിടുക. ഇന്ത്യ, ഒമാന്‍, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, പാലസ്തീന്‍, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെ രണ്ട് ഭൂഖണ്ഡങ്ങളിലെ ഏകദേശം 11 രാജ്യങ്ങള്‍ യാത്രയില്‍ പിന്നിടും.

തിരുവനന്തപുരത്ത് നിന്ന് തുടക്കം
യാത്രയിലൂടെ വിവിധ രാജ്യങ്ങളിലെ പ്രാദേശിക പാരമ്പര്യം മനസിലാക്കാനാണ് സാബിത്ത് ലക്ഷ്യമിടുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതില്‍ താന്‍ ആവേശഭരിതനാണ് എന്ന് സാബിത്ത് പറയുന്നു. മംഗലാപുരത്തിന് അടുത്ത് ബന്തവാളില്‍ താമസിക്കുന്ന സാബിത്ത് 2022 ഒക്ടോബര്‍ 20 ന് തിരുവനന്തപുരത്ത് നിന്നാണ് തന്റെ യാത്ര ആരംഭിക്കുന്നത്. പശ്ചിമഘട്ടം പിന്നിട്ട് രണ്ട് മാസത്തിനുള്ളില്‍ സാബിത്ത് മുംബൈയിലെത്തി.

ഒരു ദിവസം 100 കിലോമീറ്റര്‍
മുംബൈയില്‍ നിന്ന് സലാലയിലേക്ക് യാത്ര ചെയ്ത സാബിത്ത് ജനുവരി 27 ആയപ്പോള്‍ 4000 കിലോമീറ്റര്‍ പിന്നിട്ട് യു എ ഇയിലെത്തി. യു എ ഇ അതിര്‍ത്തിയില്‍ തന്നെ സ്വീകരിക്കാന്‍ നിരവധി പേരുണ്ടായിരുന്നു എന്ന് സാബിത്ത് പറയുന്നു. അവിടെ എത്തിയപ്പോള്‍ തന്നെ മഴ പെയ്തത് ഹൃദ്യമായിരുന്നു എന്നും സാബിത്ത് വ്യക്തമാക്കി. ഒരു ദിവസം ശരാശരി 6 മുതല്‍ 8 മണിക്കൂര്‍ വരെയാണ് സാബിത്ത് സൈക്കിളില്‍ സഞ്ചരിക്കുന്നത്. ദിവസവും 70 മുതല്‍ 100 കിലോമീറ്റര്‍ വരെ പിന്നിടും.

ഇപ്പോള്‍ കരാമയില്‍
ഒരു ടെന്റും ഗ്യാസ് സ്റ്റൗവും വസ്ത്രങ്ങളും സാബിത്ത് യാത്രയില്‍ കരുതിയിട്ടുണ്ട്. നിലവില്‍ കരാമയില്‍ ബന്ധുക്കള്‍ക്കൊപ്പം താമസിക്കുകയാണ് സാബിത്ത്. ഇനി അബുദാബിയില്‍ നിന്ന് ഏഴ് ദിവസത്തിനകം സൗദി അറേബ്യയില്‍ എത്തണം. ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ പിന്നിട്ട ശേഷം ഉംറയ്ക്കായി മക്കയിലേക്ക് തിരിക്കും. പിന്നീട് മദീനയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം, ജോര്‍ദാന്‍, പലസ്തീന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ പിന്നിടും.

യാത്ര സ്‌പെഷ്യലായിരിക്കണം
ശേഷം ഈജിപ്തിലെ തന്റെ സര്‍വകലാശാലയിലേക്ക് എത്താനാണ് സാബിത്ത് പദ്ധതിയിടുന്നത്. ഖുര്‍ആന്‍ മനഃപാഠമാക്കിയ സാബിത്ത് ഇതിന്റെ വിവര്‍ത്തനത്തില്‍ ഒരു കോഴ്സ് ചെയ്യുന്നുണ്ട്. പ്രശസ്തമായ സര്‍വകലാശാലയില്‍ ഒരു വര്‍ഷത്തെ കോഴ്സിന് പ്രവേശനം ലഭിച്ചപ്പോള്‍ അവിടേക്കുള്ള യാത്ര സ്‌പെഷ്യലായിരിക്കണം എന്ന് തനിക്ക് തോന്നി എന്ന് സാബിത്ത് പറയുന്നു.

കുട്ടിക്കാലം മുതല്‍ കണ്ട സ്വപ്നം
കുട്ടിക്കാലം മുതല്‍ ഇതിനായി സാബിത്ത് പണം ശേഖരിച്ച് വെക്കുന്നുണ്ട്. സ്വയം സ്‌പോണ്‍സര്‍ ചെയ്താണ് യാത്ര. 10 ലക്ഷം രൂപയാണ് യാത്രയുടെ ചെലവ്. ഇതുവരെ നാലിലൊന്ന് പണവും ചെലവഴിച്ചു. സൈക്കിളിന്റെ വില 150,000 രൂപയാണ്. ഇത് വരെ താന്‍ ഭക്ഷണത്തിനോ താമസത്തിനോ വേണ്ടി പണം നല്‍കിയിട്ടില്ല എന്ന് സാബിത്ത് പറയുന്നു. 20 കിലോ ഗ്രാം ഭാരം ആകെ തന്റെ യാത്രയില്‍ സാബിത്ത് വഹിക്കുന്നുണ്ട്.

സാബി ഇന്‍സ്പയേഴ്‌സ്
യൂട്യൂബില്‍ 140,000 സബ്സ്‌ക്രൈബര്‍മാരും ഇന്‍സ്റ്റാഗ്രാമില്‍ 108,000 ഫോളോവേഴ്സും ഉള്ള പേജിന് ഉടമ കൂടിയാണ് സാബിത്ത്. സാബി ഇന്‍സപയേഴ്‌സ് എന്നാണ് സാബിത്തിന്റെ ചാനലിന്റെ പേര്.












Click it and Unblock the Notifications