കോളടിച്ച് പ്രവാസികള്‍, പ്രതിമാസം വേണ്ടത് 100 ദിര്‍ഹം മാത്രം..; ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി, അറിയേണ്ടതെല്ലാം
ദുബായ്: പ്രവാസികള്‍ക്കായി ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് യു എ ഇ. പ്രവാസികളുടെ ഗ്രാറ്റുവിറ്റിക്ക് പുറമെയാണ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബായിയുടെ ഉടമസ്ഥതയിലുള്ള നാഷണല്‍ ബോണ്ട്സിന്റെ ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിശ്രമകാലയളവില്‍ പ്രവാസികള്‍ക്ക് കൈത്താങ്ങാകുന്നതാണ് പദ്ധതി.
യു എ ഇയിലെ ജനസംഖ്യയുടെ 89 ശതമാനം വരുന്ന പ്രവാസികള്‍ റിട്ടയര്‍മെന്റ് പ്ലാനെന്ന നിലയില്‍ പ്രധാനമായും ആശ്രയിക്കുന്നത് അവരുടെ ഗ്രാറ്റുവിറ്റിയെയാണ്. ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുന്നത് വഴി റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തികമായി സുരക്ഷ തേടാന്‍ പ്രവാസികള്‍ക്കാകും. ജീവനക്കാര്‍ക്ക് പ്രതിമാസം 100 ദിര്‍ഹം വരെ പെന്‍ഷന്‍ പദ്ധതിയിലേക്ക് നീക്കിവയ്ക്കാനും ലാഭം നേടാനും സാധിക്കും.

പെന്‍ഷനായി അതത് കമ്പനികള്‍ ആദ്യം സൈന്‍ അപ്പ് ചെയ്യണം. താല്‍പര്യമുള്ള പ്രവാസികള്‍ക്ക് മാത്രം പെന്‍ഷന്‍ പദ്ധതിയില്‍ ഭാഗമായാല്‍ മതി എന്നും ഇത് ഒരു നിര്‍ബന്ധിത പദ്ധതി അല്ല എന്നും നാഷണല്‍ ബോണ്ട്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഖാസിം അല്‍ അലി ഖലീജ് ടൈംസിനോട് പറഞ്ഞു.

ഓരോ മാസവും ലാഭിക്കേണ്ട തുക എത്രയെന്ന് കമ്പനിക്ക് ജീവനക്കാരോട് നിര്‍ബന്ധം പിടിക്കാനാവില്ല. എന്നാല്‍ പദ്ധതിയുടെ ഭാഗമാകാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 100 ദിര്‍ഹമാണ് എന്നും മുഹമ്മദ് ഖാസിം അല്‍ അലി പറഞ്ഞു. പദ്ധതിയുടെ ഭാഗമാകാന്‍ എല്ലാവരേയും തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനിയില്‍ ജീവനക്കാര്‍ അവരുടെ അവസാനത്തെ സേവന ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്ന സമയത്ത് മൊത്തം തുകയും അതില്‍ സമ്പാദിച്ച ലാഭവും വീണ്ടെടുക്കാന്‍ കഴിയുന്നതാണ് പെന്‍ഷന്‍ പദ്ധതി. കൂടാതെ തൊഴിലുടമയുടെ മുന്‍കൂര്‍ സമ്മതത്തോടെ, ഒരു ജീവനക്കാരന് ജോലിയില്‍ സജീവമായിരിക്കുമ്പോള്‍ തന്നെ സമാഹരിച്ച ഫണ്ടിന്റെ ഭാഗിക തുക പ്രയോജനപ്പെടുത്താനും സാധിക്കും.

ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷവും അവരുടെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നത് തുടരാം. ജീവനക്കാര്‍ക്ക് അവരുടെ ഗ്രാറ്റുവിറ്റി, സമ്പാദ്യം, ലാഭം, വിജയങ്ങള്‍ എന്നിവ നാഷണല്‍ ബോണ്ടിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തത്സമയം ട്രാക്ക് ചെയ്യാം. യു എ ഇയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പെന്‍ഷന്‍ പദ്ധതിയാണിത്.

തൊഴിലുടമകളില്‍നിന്നും ജീവനക്കാരില്‍നിന്നുമുള്ള ആവശ്യം പരിഗണിച്ചാണ് പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിച്ചതെന്നു ശരിഅ മാനദണ്ഡങ്ങള്‍ അനുസൃതമായുള്ള സമ്പാദ്യ, നിക്ഷേപ കമ്പനിയായ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ് അറിയിച്ചു. എട്ട് ലക്ഷത്തോളം പ്രവാസികളാണ് യു എ ഇയിലുള്ളത് എന്നാണ് കണക്ക്.












Click it and Unblock the Notifications