യുഎഇ പ്രവാസികളെ കരയിപ്പിച്ച് ഉള്ളി വില: വർധനവ് മൂന്നിരട്ടിയിലേറെ, എല്ലാം ഇന്ത്യ കാരണം
ദുബായ്: ഉള്ളി വിലയില്‍ കണ്ണീരൊഴുക്കി യു എ ഇ പ്രവാസികള്‍. ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയതോടെയാണ് യു എ ഇ ഉള്‍പ്പെടേയടുള്ള രാജ്യങ്ങളില്‍ ഉള്ളി വിലയുടെ വർധനവിന് ഇടയാക്കിയിരിക്കുന്നത്. ഉയർന്ന വില കൊടുത്താല്‍ ചില സ്ഥലങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഉള്ളികള്‍ കിട്ടാനില്ല.
മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന ഉള്ളികള്‍ പലയിടത്തും ലഭ്യമാണെങ്കിലും ഡിമാന്‍ഡ് വർധിച്ചതോടെ ഇതിന്റെ വിലയും വർധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉള്ളിയെ അപേക്ഷിച്ച് രുചിയില്‍ വ്യത്യാസം ഉള്ളതിനാല്‍ ഇത്തരം ഉള്ളികളില്‍ ഇന്ത്യന്‍ വംശജർ തൃപ്തരുമല്ല. ആഭ്യന്തര വിപണയിലെ വില നിയന്ത്രണം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.

നേരത്തേയുള്ള സ്റ്റോക്ക് ഉള്‍പ്പെടേ ഉള്ളതിനാലും മറ്റും വന്‍കിട സൂപ്പർ മാർക്കറ്റുകളില്‍ വില അത്ര വലിയ തോതില്‍ ഉയർന്നിട്ടില്ല. എന്നാല്‍ ഗ്രോസറി, ചെറുകിട സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളില്‍ സമീപ കാലത്ത് വിലയില്‍ വന്‍ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഷാർജയിലെ ചില സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യന്‍ ഉള്ളിയുടെ വില ഇന്നലെ കിലോയ്ക്ക് 8 ദിർഹത്തിലേറെയായി. അതായത് 180 ലേറെ ഇന്ത്യന്‍ രൂപ.
മറ്റു രാജ്യങ്ങളിലെ ഉള്ളിയേക്കാളും ഗുണനിലവാരമുള്ളതിനാല്‍ ഗള്‍ഫില്‍ ഇന്ത്യന്‍ ഉള്ളിക്ക് ആവശ്യക്കാർ ഏറെയാണ്. സ്വദേശികള്‍ക്ക് അടക്കം ഇന്ത്യന്‍ ഉള്ളിയോടാണ് പ്രിയം. ഇന്ത്യയിയില്‍ വിളവ് കുറഞ്ഞതോടെ ഉള്ളിക്ക് ക്ഷാമം നേരിട്ട് തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് മുന്‍ കരുതല്‍ എന്ന നിലയില്‍ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
കയറ്റുമതി നിരോധനം ഏർപ്പെടുത്തുന്നതിന് മുമ്പ് ഇന്ത്യയില്‍ നിന്നും എട്ട് കണ്ടെയ്നർ വരെ ഉള്ളി ആഴ്ചയില്‍ ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോള്‍ നേരത്തേയുള്ള സ്റ്റോക്കില്‍ നിന്നുമാണ് ഗള്‍ഫിലേക്ക് ഉള്ളി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. കയറ്റുമതി നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഉള്ളിയുടെ അടുത്ത ദിവസങ്ങളില്‍ വീണ്ടും കുതിച്ചേക്കും.
അതേസമയം, ലുലുവില്‍ വലിയ തോതില്‍ വില വർധിപ്പിച്ചിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ സുൾഫിക്കറിനെ ഉദ്ധരിച്ച് മനോരമ റിപ്പോർട്ട് ചെയ്യുന്നു. പതിവ് ഉപഭോക്താക്കളെ ബാധിക്കാത്ത രീതിയിലുള്ള വിലയേ വാങ്ങിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ലുലുവിൽ ഇന്ത്യൻ ഉള്ളിക്ക് കിലോയ്ക്ക് 5.95 ദിർഹമാണ് വില. നേരത്തെ ഇത് കിലോയ്ക്ക് 3.45 ദിർഹമായിരുന്നു.
ഇന്ത്യന്‍ ഉള്ളിക്ക് ക്ഷാമം നേരിട്ടതോടെ തുർക്കിയില്‍ നിന്നും വരുന്ന ഉള്ളിയുടെ വിലയും വർധിച്ചു. ഇന്ത്യ, തുർക്കി കൂടാതെ, പാക്കിസ്ഥാൻ, ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും യുഎഇ വിപണിയിലേയ്ക്ക് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ക്ഷാമം നേരിട്ട് തുടങ്ങിയതോടെ യുകെ, പാക്കിസ്ഥാൻ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഉള്ളി ഇറക്കുമതി ചെയ്ത് ക്ഷാമം പരിഹരിക്കാനാണ് ശ്രമിക്കുന്നത്.












Click it and Unblock the Notifications