10000 ദിര്‍ഹം വരുമാനം വേണം; അല്ലെങ്കില്‍ കുരുക്ക്, ബന്ധുക്കളെ യുഎഇയിലേക്ക് കൊണ്ടുവരുമ്പോള്‍...
യുഎഇയില്‍ വിസയുമായി ബന്ധപ്പെട്ട് പുതിയ ഒട്ടേറെ മാറ്റങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്. മലയാളി പ്രവാസികള്‍ കൂടുതലുള്ള വിദേശ രാജ്യത്തെ മാറ്റം അറിഞ്ഞിരിക്കണം

ദുബായ്: യുഎഇ അടുത്തിടെ ഒട്ടേറെ വിസാ ചട്ടങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തിയത്. പലര്‍ക്കും ഇത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഐഡി എന്നിവ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം, ബന്ധുക്കളെ യുഎഇയില്‍ താമസത്തിന് കൊണ്ടുവരുമ്പോഴുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ... തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ ചട്ടങ്ങള്‍.
ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് വിഭാഗം. എന്തൊക്കെയാണ് വളരെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ എ്ന്ന് വിശദീകരിക്കാം...

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് പുതിയ ഭേദഗതികള്‍ നിലവില്‍ വന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഐഡി കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം എന്നത്. ഇവ നഷ്ടപ്പെട്ടാലും പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കുന്നതിന് തടസമുണ്ടാകില്ല. എന്നാല്‍ മൂന്ന് പ്രവൃത്തി ദിവസത്തിനകം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പില്‍ വിവരം അറിയിക്കണം.

വിസകള്‍ക്ക് കാലാവധി
പാസ്‌പോര്‍ട്ട്-കാര്‍ഡ് നഷ്ടപ്പെട്ടവര്‍ സ്മാര്‍ട് സര്‍വീസ് പ്ലാറ്റ്‌ഫോം വഴി യുഎഇയില്‍ പ്രവേശിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കാര്‍ഡ് നഷ്ടപ്പെട്ട കാര്യം അറിയിക്കുകയും വേണം. എന്‍ട്രി വിസകള്‍ക്ക് 60 ദിവസമാണ് കാലാവധിയുണ്ടാകുക. എന്നാല്‍ വിസിറ്റ് വിസ ലഭിക്കുന്നവര്‍ 180 ദിവസത്തില്‍ കൂടുതല്‍ യുഎഇയില്‍ തങ്ങാന്‍ പാടില്ല.

വിസിറ്റ് വിസയില്‍ എത്തുന്നവര്‍
വിസിറ്റ് വിസയില്‍ യുഎഇയില്‍ എത്തുന്നവര്‍ യുഎഇ പൗരന്റെ ബന്ധുവോ സുഹൃത്തോ ആയിരിക്കണം. അല്ലെങ്കില്‍ യുഎയില്‍ താമസിക്കുന്ന പ്രവാസിയുടെ അടുത്ത ബന്ധുവായിരിക്കണം. ഈ പ്രവാസി ഒന്ന്-രണ്ട് തലത്തില്‍പ്പെട്ട ജോലിയുള്ള വ്യക്തിയുമാകണം. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന വ്യക്തിയല്ല എന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണിത്.

സ്‌പോണ്‍സര്‍ ചെയ്യുമ്പോള്‍
സ്വന്തം ബന്ധുക്കളെയോ ഇണയുടെ ബന്ധുക്കളെയോ യുഎഇയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുമായി ബന്ധപ്പെട്ടും പുതിയ നിര്‍ദേശങ്ങളുണ്ട്. ഇത്തരത്തില്‍ വരുന്നവര്‍ക്ക് താമസ അനുമതി ലഭിക്കാന്‍ ചില നിബന്ധനകള്‍ പാലിക്കണം. സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിയും ബന്ധുവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രേഖ കാണിക്കണം. പ്രവാസിയുടെ മാതാപിതാക്കള്‍, പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങള്‍, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിവരെയാണ് സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുക.

10000 ദിര്‍ഹം വരുമാനം
ബന്ധുക്കളെ യുഎഇയിലേക്ക് കൊണ്ടുവരുന്ന പ്രവാസിക്ക് സാമ്പത്തിക ശേഷി കൂടി ആവശ്യമാണ്. താമസ സൗകര്യമുള്ള വ്യക്തിയുമാകണം. 5 ബന്ധുക്കളെയാണ് യുഎഇയിലേക്ക് കൊണ്ടുവരുന്നതെങ്കില്‍ പ്രവാസിക്ക് പ്രതിമാസം 10000 ദിര്‍ഹം വരുമാനമുണ്ടാകണം. ആറ് ബന്ധുക്കളെ കൊണ്ടുവരുന്നവര്‍ക്ക് 15000 ദിര്‍ഹം വരുമാനം വേണമെന്നും പുതിയ നിര്‍ദേശങ്ങളിലുണ്ട്.












Click it and Unblock the Notifications