പ്രവാസികള്‍ക്ക് നേട്ടം കൊയ്യാന്‍ എക്‌സ്പ്രസ് ലൈറ്റ്; ആവശ്യമെങ്കില്‍ 1300 രൂപ, വിമാന യാത്ര സുന്ദരം
ദുബായ്: ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നതാണ് കുറഞ്ഞ ചെലവില്‍ വിമാന യാത്ര. പ്രത്യേകിച്ച് പ്രവാസികള്‍. വര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് ഒരു തവണയെങ്കിലും വിമാന യാത്ര നടത്താത്ത പ്രവാസികള്‍ കുറവാണ്. ഇവരില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നതാകട്ടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും. ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കുറഞ്ഞ ചെലവില്‍ വിമാന യാത്ര ചെയ്യാന്‍ അവസരം ഒരുക്കിയിരിക്കുന്നു. ഒരാഴ്ചയില്‍ 195 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിലേക്ക് നടത്തുന്നത്. ഗള്‍ഫ് മേഖലയിലേക്ക് മൊത്തമായി 308 സര്‍വീസുകളും. ഈ സാഹചര്യത്തില്‍ പുതിയ ഓഫര്‍ പ്രവാസികള്‍ക്ക് വലിയ നേട്ടമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിബന്ധനയോടെയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എക്‌സ്പ്രസ് ലൈറ്റ് എന്ന സംവിധാനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആവിഷ്‌കരിച്ചിരിക്കുന്നത്. ചെക്ക് ഇന്‍ ബാഗേജ് ഇല്ലാത്തവര്‍ക്കാണ് ഇതില്‍ നേട്ടം കൊയ്യാന്‍ സാധിക്കുക. ചെക്ക് ഇന്‍ ബാഗേജ് ഇല്ലാത്തവര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം. ഇവര്‍ക്ക് കൗണ്ടറുകളിലോ ലഗേജ് ബെല്‍റ്റുകളിലോ ക്യൂ നില്‍ക്കേണ്ടി വരില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.
മാത്രമല്ല, കാബിന്‍ ബാഗേജ് ആയി ഏഴ് കിലോ അനുവദിക്കുന്നതിന് പുറമെ മൂന്ന് കിലോ കൂടി സൗജന്യമായി കൊണ്ടുപോകാം. മൂന്ന് കിലോ കാബിന്‍ ബാഗേജ് ആവശ്യമാണെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം എന്നു മാത്രം. മാത്രമല്ല, കുറഞ്ഞ നിരക്കില്‍ ചെക്ക് ഇന്‍ ബാഗേജ് വേണമെന്ന് പിന്നീട് തോന്നിയാല്‍ ഫീസ് അടച്ച് കൊണ്ടുപോകുകയും ചെയ്യാം. മൊബൈല്‍ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ബുക്ക് ചെയ്യാന്‍ സൗകര്യവുമുണ്ട്.
ആഭ്യന്തര വിമാന യാത്രയില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജ് ആവശ്യമാണെങ്കില്‍ 1000 രൂപയാണ് അടയ്‌ക്കേണ്ടി വരിക. അന്താരാഷ്ട്ര യാത്രയില്‍ 20 കിലോ ചെക്ക് ഇന്‍ ബാഗേജ് ആവശ്യമാണെന്ന് തോന്നിയാല്‍ 1300 രൂപ അടയ്‌ക്കേണ്ടി വരും. ചെക്ക് ഇന്‍ ബാഗേജ് ആവശ്യമില്ലാത്തവര്‍ക്ക് പണവും സമയവും ലാഭം എന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരിക്കുന്നത്.
31 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും പ്രതിദിനം സര്‍വീസ് നടത്തുന്ന കമ്പനിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ദുബായിലേക്ക് ആഴ്ചയില്‍ 80 സര്‍വീസുകളാണുള്ളത്. ഷാര്‍ജയിലേക്ക് 77, അബുദാബിയിലേക്ക് 31, റാസല്‍ഖൈമയിലേക്ക് 5, അല്‍ഐനിലേക്ക് രണ്ട് സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ നടത്തുന്നു.
അതേസമയം, സാധാരണ പ്രവാസികള്‍ നാട്ടിലേക്ക് വരുമ്പോഴും തിരിച്ചുപോകുമ്പോഴും ബാഗേജ് കൊണ്ടുപോകുന്നവരാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ തന്നെ പുതിയ ഓഫര്‍ സംബന്ധിച്ച് ചോദിച്ചറിയുന്നതാണ് നല്ലത്. വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ കേന്ദ്രത്തിലും വിവരങ്ങള്‍ ലഭ്യമാകും.












Click it and Unblock the Notifications