ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കുടിയേറുന്ന രാജ്യമായി യുഎഇ; എത്തിയത് 3.47 ദശലക്ഷം പേർ
ഇന്ത്യക്കാരുടെ ഏറ്റവും പ്രീയപ്പെട്ട കുടിയേറ്റ ലക്ഷ്യസ്ഥാനമായി യു എ ഇ. യു എൻ ഏജൻസിയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 2020-ൽ യു എ ഇയിൽ 3.47 ദശലക്ഷം ഇന്ത്യക്കാർ കുടയേറിയെന്നാണ് ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ (ഐ ഒ എം) 'വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2024'ൽ പറയുന്നത്. യുഎസിൽ 2.7 ദശലക്ഷവും സൗദി അറേബ്യയിൽ 2.5 ദശലക്ഷവും ഇന്ത്യക്കാർ കുടിയേറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് വർഷത്തിലൊരിക്കലാണ് വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് പുറത്തിറക്കാറുള്ളത്.
ജിസിസി രാജ്യങ്ങളിൽ സ്വജനത്തേക്കാൾ കൂടുതലും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യു എ ഇ ജനസംഖ്യയിൽ 88 ശതമാനം, കുവൈത്ത് 73 ശതമാനം, ഖത്തർ 77 ശതമാനം എന്നിങ്ങനെയാണ് പ്രവാസി കണക്കുകൾ . നിർമ്മാണം, ആരോഗ്യരംഗം, ഗാർഹികം എന്നിങ്ങനെയുള്ള മേഖലകളിലാണ് കൂടൂതൽ പേർ ജോലിക്കെത്തുന്നത്.

കഴിഞ്ഞ 50 വർഷത്തിനിടയിൽ ലോകജനസംഖ്യയിൽ അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. 1970 ൽ 2.3 ശതമാനം ഉണ്ടായിരുന്നത് 2020 ആയപ്പോഴേക്കും 3.6 ശതമാനമായി ഉയർന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അതായത് 84 മില്യണിൽ നിന്നും 280 മില്യണായി ഉയർന്നു.
2022 ൽ വിദേശ ഇന്ത്യക്കാർ സ്വന്തം നാട്ടിലേക്ക് 11,100 കോടി ഡോളർ അയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷം പ്രവാസികൾ 10,000 കോടി ഡോളർ അയക്കുന്ന ആദ്യ രാജ്യമെന്ന റെക്കോഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. മെക്‌സിക്കോ, ചൈന, ഫിലിപ്പീൻസ്, ഫ്രാൻസ് എന്നിവയാണ് ഈ പട്ടികയിൽ മറ്റ് സ്ഥാനത്ത് ഉള്ളത്. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പട്ടികയിൽ ആദ്യ പത്തിൽ ഇംടപിടിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ തൊഴിൽ തേടിയുള്ള കുടിയേറ്റം ഏറ്റവും ഉയർന്ന നിരക്കിലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നിരുന്നാലും കുടിയേറ്റ തൊഴിലാളികൾ സാമ്പത്തിക ചൂഷണം, കുടിയേറ്റ ചെലവ്, കടം, വംശീയ വിദ്വേഷം, ജോലി സ്ഥലത്തെ ദുരുപയോഗം എന്നിവയ്ക്ക് വിധേയാമാകാറുണ്ടെന്നും യു എൻ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ആതിഥേയത്വം നൽകുന്ന കാര്യത്തിൽ ഇന്ത്യ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ്. 4.48 ദശലക്ഷം ആളുകളെ രാജ്യം സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications