അടിച്ചു മോനേ ലോട്ടറി, യുഎഇയില്‍ ഇത്തവണയും ഇന്ത്യക്കാരന്‍ ഭാഗ്യശാലി, അടിച്ച തുക ഇങ്ങനെ
അബുദാബി: ഇന്ത്യക്കാരും യുഎഇയിലെ ലോട്ടറിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തോന്നുന്നു. വീണ്ടുമൊരിക്കല്‍ കൂടി മെഹഫൂസ് ലോട്ടറിയില്‍ ഇന്ത്യക്കാരന് സമ്മാനമടിച്ചിരിക്കുകയാണ്. 47കാരനായ മുംബൈ നിവാസി സച്ചിനാണ് സമ്മാനമടിച്ചിരിക്കുന്നത്. ഇരുപത് മില്യണ്‍ ദിര്‍ഹമാണ് സമ്മാനം. ഏകദേശം 45 കോടി രൂപയോളമാണ് സച്ചിന് സമ്മാനമടിച്ചിരിക്കുന്നത്.
യുഎഇയില്‍ സിഎഡി ടെക്‌നീഷ്യനാണ് അദ്ദേഹം. മെഹഫൂസ് ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലൂടെ പുതിയൊരു നേട്ടവും ഇന്ത്യക്കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇതുവരെ ഇരുപത് പേരാണ് നറുക്കെടുപ്പിലൂടെ കോടിപതികളായിരിക്കുന്നത്.മഹഫൂസ് ലോട്ടറിയുടെ 139ാമത് നറുക്കെടുപ്പാണ് നടന്നത്. ഇരുപത് മില്യണ്‍ ദിര്‍ഹത്തിന്റെ റാഫിള്‍ നറുക്കെടുപ്പാണിത്.

അതേസമയം മുംബൈ സ്വദേശിയായ സച്ചിന്‍ കഴിഞ്ഞ 25 വര്‍ഷമായി ദുബായിലാണ് താമസം. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് സച്ചിന്റെ കുടുംബം. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹഫൂസ് ലോട്ടറി നറുക്കെടുപ്പിന്റെ ഭാഗമാവാറുണ്ട് സച്ചിന്‍. ഇതുവരെ 25000 ദിര്‍ഹത്തിലധികം ലോട്ടറിക്കായി ചെലവിട്ടിട്ടുണ്ട്. അതായത് അഞ്ചര ലക്ഷത്തില്‍ അധികം സച്ചിന്‍ ലോട്ടറിക്കായി ചെലവിട്ടിട്ടുണ്ട്.
ശരിക്കും പറഞ്ഞാല്‍ ഈ നേട്ടം തന്നെ ഞെട്ടിച്ചുവെന്ന് സച്ചിന്‍ പറഞ്ഞു. തന്റെ നിത്യേനയുള്ള ശീലങ്ങളെ പോലും ഈ വാര്‍ത്ത താളം തെറ്റിച്ചുവെന്ന് തമാശയോടെ അദ്ദേഹം പറയുന്നു. മഹഫൂസ് ലോട്ടറി അധികൃതരില്‍ നിന്ന് തനിക്ക് ഫോണ്‍ കോള്‍ വന്നിരുന്നു. സമ്മാനം അടിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. അതിന് ശേഷം തനിക്ക് ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് സച്ചിന്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.
അതേസമയം ഇത്രയും വലിയ തുക എന്ത് ചെയ്യുമെന്ന കാര്യത്തിലും സച്ചിന് കൃത്യമായ ഉത്തരമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഈ പണം കൊണ്ട് അതെല്ലാം സാധ്യമാകും. മികച്ച നിക്ഷേപങ്ങള്‍ക്കും തനിക്ക് താല്‍പര്യമുണ്ട്. അതും പരിഗണിക്കുമെന്ന് സച്ചിന്‍ പറഞ്ഞു. എല്ലാ ആഴ്ച്ചയും മഹഫൂസ് ലോട്ടറി എടുക്കാറുണ്ട്. വലിയൊരു സമ്മാനം അടിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. സമ്മാനം തന്റെയും കുടുംബത്തിന്റെയും ജീവിതം തന്നെ മാറ്റിമറിക്കുമെന്നും സച്ചിന്‍ പറഞ്ഞു.
നേരത്തെ മറ്റൊരു ഇന്ത്യന്‍ പ്രവാസിയായ ഗൗതം എന്നയാള്‍ക്കും മഹഫൂസ് ലോട്ടറിയില്‍ വമ്പന്‍ സമ്മാനം അടിച്ചിരുന്നു. 2.25 കോടി രൂപയാണ് അടിച്ചത്. യുഎഇയില്‍ പ്രൊജക്ട് എഞ്ചിനീയറാണ് ഗൗതം. ഒരു ഇമെയില്‍ വഴിയാണ് തനിക്ക് സമ്മാനം അടിച്ച കാര്യം അദ്ദേഹം അറിഞ്ഞത്. നാല് വര്‍ഷത്തോളമായി യുഎഇയിലാണ് അദ്ദേഹത്തിന്റെ താമസം. ഒരു വര്‍ഷത്തോളമായി മെഹഫൂസ് ലോട്ടറി താന്‍ എടുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാട്ടില്‍ വീടുണ്ടാക്കാന്‍ ഈ പണം ഉപയോഗിക്കുമെന്ന് ഗൗതം പറഞ്ഞു. ഇതുവരെയായി 164 മില്യണ്‍ ദിര്‍ഹമാണ് ഇന്ത്യക്കാര്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്.












Click it and Unblock the Notifications