പ്രവാസികള്‍ക്ക് ആശ്വാസം; തൊഴിലാളികള്‍ക്ക് ഉച്ചസമയത്ത് വിശ്രമിക്കാം, പുതിയ നിയമം പ്രാബല്യത്തില്‍
ദുബായ്: തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികല്‍ക്ക് കനത്ത ചൂടില്‍ നിന്നും രക്ഷനേടാനായി യു എ ഇ മാനവവിഭവശേഷി മാത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നിയമം പാലിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
'മാനുഷികവും ക്രിയാത്മകവുമായ തൊഴില്‍ അന്തരീക്ഷം ഏകീകരിക്കുന്നതിനും ആരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള ഉയര്‍ന്ന മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനുമാണ് യു എ ഇ ഉച്ചവിശ്രമം നടപ്പിലാക്കുന്നത്'- ഉത്തരവില്‍ പറയുന്നു. ഈ കാലയളവില്‍ പ്രതിദിന തൊഴില്‍ എട്ട് മണിക്കൂറില്‍ കവിയരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

എന്തെങ്കിലും കാരണവശാല്‍ തൊഴിലാളികള്‍ക്ക് എട്ട് മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യേണ്ട സാഹചര്യം വന്നാല്‍ അധിക വേതനം നല്‍കണം. അതേസമയം, വൈദ്യുതി, ജലവിതരണം, ഗതാഗതം തുടങ്ങിയ അടിയന്തര സേവനങ്ങളില്‍ ജോലി ചെയ്യുന്നവരെ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് ജോലി കുടിവെള്ളം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇതുകൂടാതെ പ്രാഥമിക ആരോഗ്യ ശുശ്രൂഷ നല്‍കാനും സൂര്യപ്രകാശം നേരിട്ട് എല്‍ക്കാതിരിക്കാന്‍ ആവശ്യമായ തണലൊരിക്കാന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് തുടര്‍ച്ചയായ 19ാം തവണയാണ് മാനവവിഭശേഷി മന്ത്രാലയം നിയമം നടപ്പാക്കുന്നത്. തുറസായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരെ ഈ സമയത്ത് നിര്‍ബന്ധിപ്പിച്ച് തൊഴിലെടുപ്പിക്കാന്‍ ശ്രമിച്ചാല്‍ 50000 ദിര്‍ഹം പിഴ നല്‍കേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങിയ രോഗങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉച്ചവിശ്രമം പദ്ധതി നടപ്പിലാക്കുന്നത്. യു എ ഇയുടെ നിയമം തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസമാണ്.












Click it and Unblock the Notifications