1.34 കോടി യുഎഇ ദിര്‍ഹം തൊഴിലാളികള്‍ക്ക് നല്‍കി പ്രവാസി വ്യവസായി; ഇതാണ് സന്തോഷം, ആഘോഷം
ദുബായ്: ഇന്ത്യന്‍ പ്രവാസി കമ്പനിയുടെ 25ാം വാര്‍ഷിക ആഘോഷം യുഎഇ മാധ്യമങ്ങളില്‍ നിറയുന്നു. 1.34 കോടി യുഎഇ ദിര്‍ഹമാണ് ആഘോഷത്തിന്റെ ഭാഗമായി കമ്പനി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാരിതോഷികം നല്‍കിയത്. ഏകദേശം 30 കോടി രൂപ. ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് സന്തോഷം ജീവനക്കാര്‍ക്ക് നേട്ടമാകുന്ന രീതിയില്‍ പങ്കുവച്ചത്.
സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കമ്പനിയുടെ 25 ജീവനക്കാരുടെ രക്ഷിതാക്കളെ യുഎഇയിലേക്ക് വിളിപ്പിച്ചിരുന്നു. ജീവനക്കാര്‍, രക്ഷിതാക്കള്‍, പങ്കാളികള്‍, മക്കള്‍ എന്നിവര്‍ക്കുള്ള സമ്മാനം കമ്പനി സ്ഥാപകനും ചെയര്‍മാനുമായ സോഹന്‍ റോയ് ആണ് പ്രഖ്യാപിച്ചത്. കമ്പനിക്ക് തുണയായ ജോലിക്കാരെയും അവരുടെ രക്ഷിതാക്കളെയും അനുമോദിക്കുന്നുവെന്നും സോഹന്‍ റോയ് പറഞ്ഞു.

വ്യവസായിയും സിനിമാ നിര്‍മാതാവായി തിളങ്ങിയ വ്യക്തിയാണ് ഡോ. സോഹന്‍ റോയ്. ഏതൊരു കമ്പനിയുടെയും വിജയം ജീവനക്കാരുടെ സന്തോഷവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് സോഹന്‍ റോയ് പറഞ്ഞു. 1998 മുതല്‍ ലാഭത്തിന്റെ 50 ശതമാനം ജീവനക്കാരുമായി പങ്കുവയ്ക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചുവരുന്നത്.
25 രാജ്യങ്ങളിലായി 2200ലധികം പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്ന കമ്പനിയാണ് ഏരീസ് ഗ്രൂപ്പ്. മറൈന്‍ എഞ്ചിനിയറിങ്, ഓയില്‍, ഗ്യാസ്, വിനോദം തുടങ്ങി രംഗത്തെല്ലാം കമ്പനി കൈവച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്. രക്ഷിതാക്കള്‍ക്ക് പെന്‍ഷന്‍, തൊഴില്‍ രഹിതരായ പങ്കാളിക്ക് ശമ്പളം, മുതിര്‍ന്ന ജീവനക്കാര്‍ക്ക് വീട്, മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇങ്ങനെ പോകുന്നു പദ്ധതികള്‍.
കൊവിഡ് പ്രതിസന്ധി നേരിട്ടിരുന്ന സമയം ശമ്പളം വെട്ടിക്കുറയ്ക്കാതെ ഏതാനും ചില കമ്പനികളിലൊന്നാണ് ഏരീസ് ഗ്രൂപ്പ്. മാത്രമല്ല, കമ്പനി ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടുകയാണ് അന്ന് ചെയ്തത്. ചെറിയ മക്കളുള്ള വനിതാ ജീവനക്കാര്‍ക്ക് അനിയോജ്യമായ രീതിയില്‍ ജോലി സമയം ക്രമീകരിക്കാനുള്ള അനുമതിയും കമ്പനി നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് അവധിയും, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരവും നല്‍കുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
ഇറ്റലിയിലെ നൈറ്റ് ഓഫ് പാര്‍ട്ടെ ഗുല്‍ഫ എന്ന ബഹുമതി നേടിയ വ്യക്തി കൂടിയാണ് കമ്പനി ചെയര്‍മാന്‍ സോഹന്‍ റോയ്. സിനിമാ ലോകത്തിനും മാനവികതയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ പുരസ്‌കാരം ലഭിച്ചത്. ഇതിന് പുറമെ ബെറ്റര്‍ വേള്‍ഡ് ഫണ്ടിന്റെ അഞ്ചാം യൂണിറ്റി പുരസ്‌കാരവും സോഹന്‍ റോയിക്ക് ലഭിച്ചിരുന്നു.












Click it and Unblock the Notifications