UAE Visa: യുഎഇ പ്രവാസികള്‍ക്ക് ആഹ്ലാദം; ത്രൈമാസ വിസിറ്റ് വിസ വീണ്ടും... പുതിയ തീരുമാനങ്ങള്‍
ദുബായ്: യുഎഇയിലേക്ക് പോകുന്നവര്‍ക്ക് സന്തോഷം നല്‍കി പുതിയ റിപ്പോര്‍ട്ട്. മൂന്ന് മാസത്തേക്കുള്ള വിസിറ്റ് വിസ വീണ്ടും നിലവില്‍ വന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നിര്‍ത്തിവച്ച വിസയാണ് ഇപ്പോള്‍ വീണ്ടും നല്‍കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിസ ആവശ്യപ്പെടുന്നവര്‍ ട്രാവല്‍ ഏജന്റുമാരോട് ഇക്കാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ടെന്ന് യുഎഇ ഫെഡറല്‍ സിറ്റിസണ്‍ഷിപ്പ് അതോറിറ്റി എക്‌സിക്യൂട്ടീവ് അറിയിച്ചു.
കഴിഞ്ഞ മാസമാണ് 90 ദിവസത്തേക്കുള്ള വിസിറ്റ് വിസ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. വിസ നീട്ടണമെന്നുണ്ടെങ്കില്‍ പ്രത്യേകം ഫീസ് നല്‍കി കാലാവധി പുതുക്കാനും സാധിക്കും. ടൂറിസ്റ്റ് വിസയിലും വിസിറ്റ് വിസയിലുമാണ് കുറഞ്ഞ കാലത്തേക്ക് യുഎഇയിലെത്താന്‍ സാധിക്കുക. 30, 60 ദിവസങ്ങളിലേക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. വിസിറ്റ് വിസ 90 ദിവസത്തേക്കും.

കുറഞ്ഞ കാലത്തേക്ക് യുഎഇയില്‍ എത്താന്‍ കൊതിക്കുന്നവര്‍ക്ക് നല്ലത് 60 ദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസയാണ്. അതേസമയം, ദുബായ്, അബുദാബി എന്നിവിടങ്ങളിലാണ് 90 ദിവസത്തെ വിസിറ്റ് വിസയ്ക്ക് അനുമതിയുള്ളത് എന്ന സൂചനയുമുണ്ട്. യാത്രക്കൊരുങ്ങുന്നവര്‍ ഇക്കാര്യത്തില്‍ ട്രാവല്‍ ഏജന്റുമാരില്‍ നിന്ന് വ്യക്തത വരുത്തേണ്ടതുണ്ട്.
90 ദിവസത്തേക്കുള്ള വിസിറ്റ് വിസ പുനഃസ്ഥാപിച്ചത് ജനങ്ങള്‍ അറിഞ്ഞുവരുന്നേയുള്ളു എന്ന് റൂഹ് ടൂറിസം എല്‍എല്‍സി സെയില്‍സ് ഡയറക്ടര്‍ ലിബിന്‍ വര്‍ഗീസ് പറയുന്നു. ഈ വിസ ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ എത്താന്‍ തുടങ്ങിയിട്ടില്ല. മക്കളുടെ സ്‌കൂള്‍ അവധി കാലം ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നവരും ജോലി തേടി വരുന്നവരുമാണ് ഈ വിസ കൂടുതല്‍ ഉപയോഗിക്കാന്‍ സാധ്യത.
വിസിറ്റ് വിസ പുതുക്കാന്‍ യുഎഇക്ക് പുറത്ത് പോകേണ്ടതില്ല. ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ട് പകര്‍പ്പ് എന്നിവയാണ് വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ സമര്‍പ്പിക്കേണ്ട രേഖകള്‍. അഞ്ച് പ്രവൃത്തി ദിവസത്തിനകം വിസ അനുവദിക്കും. ഒരു പക്ഷേ, മൂന്ന് ദിവസത്തിനകം വിസ ലഭിക്കാനും സാധ്യതയുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
1500 ദിര്‍ഹമിനും 2000 ദിര്‍ഹിമിനും ഇടയിലാണ് 90 ദിവസത്തെ വിസിറ്റ് വിസയുടെ ഫീസ് എന്ന് കരുതുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ മാത്രമാണ് യുഎഇയിലേക്ക് എത്തുന്നതിന് വഴിയൊരുക്കിയിരുന്നത്. എന്നാല്‍ സമീപ കാലത്ത് വിസാ സമ്പ്രദായത്തില്‍ വലിയ മാറ്റം വന്നു. ഗോള്‍ഡന്‍ വിസ പോലുള്ള ദീര്‍ഘകാല വിസകള്‍ അനുവദിക്കപ്പെട്ടു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ യുഎഇയിലേക്ക് ആകര്‍ഷിക്കാന്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. ഇവര്‍ക്ക് പ്രതിമാസം 50000 ദിര്‍ഹം ശമ്പളം വേണമെന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. പിന്നീട് 30000 ദിര്‍ഹമാക്കി ചുരുക്കി. മെഡിസിന്‍, സയന്‍സ്, എഞ്ചിനിയറിങ്, ഐടി, ബിസിനസ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍, നിയമം തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കും.












Click it and Unblock the Notifications