പുരസ്‌കാര തുക കാരുണ്യ പ്രവര്‍ത്തനത്തിന് കൈമാറി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍
അജ്മാന്‍: നന്നായി ജൈവ കൃഷി പഠിപ്പിക്കുന്ന സ്ഥാപനത്തിനുള്ള 'ഗ്രോ യുവര്‍ ഓണ്‍ ഫുഡ് ' പുരസ്‌കാര തുകയും കഴിഞ്ഞ വര്‍ഷത്തെ പച്ചക്കറികളും പഴങ്ങളും വിറ്റ് കിട്ടിയ തുകയും ദുബായ് കെയര്‍ ചാരിറ്റി പദ്ധതിക്ക് സംഭാവന ചെയ്തുകൊണ്ടു യു.എ.ഇ ലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാത്രകയായി. അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കാരുണ്യത്തിന്റെ കൈത്താങ്ങായി മുന്നോട്ട് വന്നത്. അമല്‍ ഷിബു, ഫാത്തിമ ഖുറൈശി എന്നീ വിദ്യാര്‍ത്ഥികളും വൈസ് പ്രിന്‍സിപ്പല്‍ അശോക് തിവാരിയും, അദ്ധ്യാപിക സഫിയ ബീഗവും അടങ്ങുന്ന സംഘം 6000 ദിര്‍ഹത്തിന്റെ ചെക്ക് ദുബായ് കെയര്‍ ഓഫീസിലെത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.
ദുബായ് കെയറിന് വേണ്ടി നാദിയ ചെക്ക് സ്വീകരിച്ചു. വളമിടാത്ത പപ്പായ, തക്കാളി, പച്ചമുളക്, സ്‌ട്രോബറി, മുരിങ്ങ, വഴുതനങ്ങ, ഉരുളക്കിഴങ്ങ്, വെള്ളരി എന്നിവയടക്കം 750 കിലോ പച്ചക്കറിയാണ് സ്‌കൂളില്‍ കുട്ടികള്‍ നട്ടുവളര്‍ത്തിയത്. ദുബായ് നഗരസഭ നടത്തിയ കാമ്പയിനില്‍ യു.എ.ഇ യിലെ പ്രൈവറ്റ് സ്‌കൂളുകളില്‍ ഹാബിറ്റാറ്റ് സ്‌കൂളാണ് മികച്ച പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനത്തിനര്‍ഹത നേടിയത്. ജൈവകൃഷി ഒരു പ്രധാന വിഷയമാക്കുന്നതിലൂടെ ആരോഗ്യപരമായ ഭക്ഷണശീലങ്ങളെയോ അദ്ധ്വാനത്തിന്റെ സംസ്‌കാരമോ, പരിചപ്പെടുത്തുക മാത്രമായിരുന്നില്ല ഹാബിറ്റാറ്റിന്റെ ലക്ഷ്യമെന്നും.

കൃഷിയിലൂടെ മനുഷ്യരുടെ വാങ്ങലും വില്‍ക്കലും സംബന്ധിച്ച പ്രായോഗിക പരിശീലനം നല്‍കുകയും അത് വഴി സാമൂഹ്യബോധം വളര്‍ത്തുകയുമായിരുന്നു സ്‌കൂളിന്റെ ലക്ഷ്യമെന്നും അത് കൊണ്ടാണ് ദുബായ് കെയര്‍ പോലുള്ള ഒരു ചാരിറ്റി സംരംഭത്തില്‍ പങ്കാളിയാവാന്‍ ഞങ്ങള്‍ കൃഷിയിലൂടെയുള്ള വരുമാനം ഉപയോഗിച്ചതെന്നും സ്‌കൂളിന്റെ അക്കാദമിക്ക് ഡയറക്ടറായ സി.ടി. ആദില്‍ പറഞ്ഞു.












Click it and Unblock the Notifications