'ദുബായ് വിസക്കാര്‍ക്ക് മറ്റു എമിറേറ്റുകളില്‍ പ്രവേശിക്കാനാകില്ല, നാടുകടത്തും'; ഈ പ്രചാരണം തെറ്റ്
ദുബായ്: യുഎഇ പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് വഴിവച്ച സോഷ്യല്‍ മീഡിയയിലെ പ്രചാരണം അവാസ്തവം. ഒരു സര്‍ക്കുലര്‍ എന്ന പേരില്‍ വാട്‌സ് ആപ്പില്‍ ഉള്‍പ്പെടെ പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കുന്നു. യുഎഇ വിസാ അപ്‌ഡേറ്റ്‌സ് എന്ന തലക്കെട്ടോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നത്.
പ്രചാരണം ശക്തമായതോടെ ട്രാവല്‍ ഏജന്‍സി ഓഫീസുകളില്‍ നിരവധി പേരാണ് വിളിച്ച് അന്വേഷിക്കുന്നത്. ചില ട്രാവല്‍ ഏജന്റുമാര്‍ക്ക് പ്രചാരണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. എന്നാല്‍ ഔദ്യോഗികമായി ഇത്തരമൊരു പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ലെന്ന് പ്ലൂട്ടോ ട്രാവല്‍സ് മാനേജിങ് പാര്‍ട്ട്ണര്‍ ഭാരത് ഐദസാനി ഖലീജ് ടൈംസിനോട് പറഞ്ഞു.

ദുബായില്‍ നിന്ന് ഇഷ്യു ചെയ്ത വിസയിലെത്തിയവര്‍ക്ക് അബുദാബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള എമിറേറ്റ്‌സുകളില്‍ പ്രവേശിക്കാന്‍ സാധിക്കില്ല എന്നായിരുന്നു പ്രചാരണം. ഇത്തരത്തില്‍ പ്രവേശിക്കുന്നവരെ നാടുകടത്തുമെന്നും സന്ദേശത്തില്‍ പറയുന്നു. ഇത് കണ്ട നിരവധി പേരാണ് ട്രാവല്‍ ഏജന്റുമാരെ ബന്ധപ്പെട്ടത്. ഇത്തരമൊരു നിര്‍ദേശത്തിന് യാതൊരു സാധ്യതയുമില്ലെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.
''ദുബായ് വിസ എടുത്തവര്‍ ദുബായില്‍ മാത്രം യാത്ര ചെയ്യണം. ഷാര്‍ജയിലേക്കോ അബുദാബിയിലേക്കോ യാത്ര ചെയ്യുകയാണെങ്കില്‍ ഐസിപി സിസ്റ്റത്തില്‍ വിസ പ്രവര്‍ത്തിക്കില്ല. യാത്രക്കാരനെ നാടുകടത്തുന്ന സാഹചര്യമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ അബുദാബിയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ചിലരെ നാടുകടത്തി. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കുക''- ഇതായിരുന്നു പ്രചരിച്ച സന്ദേശം.
കുറച്ചു ദിവസങ്ങളായി ഈ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് നിരവധി പേരാണ് വിളിക്കുന്നത്. പ്രചാരണം സത്യമല്ലെന്ന് താഹിറ ട്രാവല്‍സ് സിഇഒ ഫിറോസ് മാളിയേക്കലും അറിയിച്ചു. ഇതുവരെ ആരെയും നാടുകടത്തിയ വിവരം ലഭിച്ചിട്ടില്ല. ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നിന്ന് ഷാര്‍ജ വഴി ദുബായിലെത്തിയവരും ഖലീജ് ടൈംസിനോട് പ്രതികരിച്ചു. ദുബായ് വിസയുള്ളവരാണിവര്‍. യാത്രയില്‍ യാതൊരു തടസവും നേരിട്ടില്ലെന്നും ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് തന്റെ ട്രാവല്‍ ഏജന്റ് ഉറപ്പ് നല്‍കിയിരുന്നുവെന്നും കൊച്ചിയില്‍ നിന്നെത്തിയ അക്രം അഹമ്മദ് പ്രതികരിച്ചു.
യാത്രക്കാരുടെ അന്വേഷണം അധികരിച്ചതോടെ ട്രാവല്‍ ഏജന്റുമാര്‍ അധികൃരില്‍ നിന്ന് വിശദീകരണം ചോദിച്ചിരുന്നു. ആരെയും നാട് കടത്തി എന്നതിന് തെളിവില്ലെന്ന് റൂഹ് ട്രാവല്‍സ് ആന്റ് ടൂറിസത്തിന്റെ ലിബിന്‍ വര്‍ഗീസ് പ്രതികരിച്ചു.












Click it and Unblock the Notifications