599 ദിര്‍ഹം മതി... ഇന്ത്യക്കാര്‍ക്ക് പ്രത്യേക പാക്കേജ്; യുഎഇ വിസിറ്റ് വിസ പുതുക്കാന്‍ പാക്കേജുകള്‍
ദുബായ്: വിസിറ്റ് വിസയുടെ കാലാവധി തീര്‍ന്നാല്‍ വിസ പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരണം എന്നാണ് യുഎഇയിലെ പുതിയ നിബന്ധന. കൊവിഡിന് മുമ്പുള്ള നിബന്ധന വീണ്ടും നടപ്പാക്കുകയാണ് യുഎഇ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കൊവിഡ് കാലത്ത് യാത്രാ പ്രതിസന്ധിയുണ്ടായ സാഹചര്യത്തില്‍ രാജ്യത്തിന് പുറത്തുപോകാതെ തന്നെ വിസ പുതുക്കാന്‍ അവസരം നല്‍കിയിരുന്നു.
കൊവിഡ് ഭീതി അകന്ന സാഹചര്യത്തില്‍ പഴയ രീതി പുനഃസ്ഥാപിച്ചു. ഇതോടെ ഇത്തരത്തില്‍ വിസ പുതുക്കേണ്ടവര്‍ക്ക് പുതിയ പാക്കേജുകളുമായി ട്രാവല്‍ ഏജന്‍സികള്‍ രംഗത്തെത്തി. വലിയ തോതില്‍ ബുക്കിങ് നടക്കുകയാണ്. വിശദാംശങ്ങള്‍ അറിയാം...

ബസ് മാര്‍ഗം യുഎഇക്ക് പുറത്തുപോയി തിരിച്ചുവരുന്ന പാക്കേജിനാണ് കൂടുതല്‍ ബുക്കിങ്. 799 ദിര്‍ഹം നല്‍കിയാല്‍ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ മുസാഫിര്‍ ഡോട്ട് കോം നല്‍കുന്ന വിസ പുതുക്കുന്ന പാക്കേജ് ലഭിക്കും. അജ്‌വ ടൂര്‍സും വിസിറ്റ് വിസ പുതുക്കുന്നവര്‍ക്കുള്ള ബസ് യാത്രാ പാക്കേജുമായി രംഗത്തുവന്നിട്ടുണ്ട്. വിസ പുതുക്കാന്‍ ഒമാനിലേക്കുള്ള യാത്രയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.

30 ദിവസത്തെ വിസിറ്റ് വിസയ്ക്ക് അജ്‌വ ടൂര്‍സ് ഓഫര്‍ ചെയ്യുന്നത് 599 ദിര്‍ഹത്തിന്റെ പാക്കേജാണ്. 60 ദിവസത്തെ വിസയ്ക്ക് 799 ദിര്‍ഹത്തിന്റെ പാക്കേജും. എന്നാല്‍ ഇപ്പോള്‍ ഫുള്‍ ബുക്കിങ് നടന്നുകഴിഞ്ഞു എന്നതാണ് എടുത്തു പറയേണ്ടത്. വിസിറ്റ് വിസ പുതുക്കുന്നതിനുള്ള പാക്കേജ് പ്രഖ്യാപിച്ച പിന്നാലെ വരുംദിവസങ്ങളിലേക്കുള്ള ബുക്കിങ് പൂര്‍ത്തിയായി എന്ന് ജിഎം മാലിക് ബദെക്കര്‍ പറഞ്ഞു.

വിസിറ്റ് വിസ പുതുക്കാന്‍ യുഎഇ വിട്ട് പുറത്തുപോയി തിരിച്ചുവരേണ്ടതുണ്ട്. ഇത്തരത്തിലുള്ള യാത്രയ്ക്ക് മിക്കവരും ഒമാനെയാണ് തിരഞ്ഞെടുക്കുന്നത്. ബസ് മാര്‍ഗമുള്ള ഒമാന്‍ യാത്രയ്ക്കാണ് ചെലവ് കുറവ്. അതുകൊണ്ടുതന്നെ വന്‍തോതില്‍ ബുക്കിങ് ലഭിക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ഈ മാസം അവസാനം വരെയുള്ള ദിവസങ്ങളില്‍ ബുക്കിങ് പൂര്‍ത്തിയായി എന്ന് മാലിക് പറഞ്ഞു.

എല്ലാ രാജ്യക്കാര്‍ക്കും ഈ അവസരം അജ്‌വ ടൂര്‍സ് ഒരുക്കുന്നില്ല. ഇന്ത്യ, ഫിലിപ്പീന്‍സ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അവസരം. പാകിസ്താനികള്‍ക്കും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ബസ് വഴി രാജ്യത്തിന് പുറത്തുകടക്കാനുള്ള അനുമതി നല്‍കുന്നില്ലെന്നും മാലിക് പറഞ്ഞു. അനീഷ ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന കമ്പനി ഒമാനിലേക്കുള്ള ബസ് യാത്രയ്ക്ക് 850 ദിര്‍ഹമാണ് വാങ്ങുന്നത്.

വിമാനത്താവളത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്ത് വിസ പുതുക്കുന്നതിന് മുസാഫിര്‍ ഡോട്ട് കോം വാങ്ങുന്നത് 1100 ദിര്‍ഹമാണ്. അജ്‌വ ടൂര്‍സ് വാങ്ങുന്നത് 999 ദിര്‍ഹം മുതലുള്ള സംഖ്യയാണ്. 30 ദിവസത്തെ വിസയ്ക്കാണ് ഈ തുക വാങ്ങുന്നത്. അതേസമയം, 60 ദിവസത്തെ വിസയ്ക്ക് 1999 ദിര്‍ഹമാണ് ചെലവ് വരുന്നത്. ദുബായിലെ സ്മാര്‍ട്ട് ട്രാവല്‍സ് ഫ്‌ളൈ ദുബൈ വിമാനത്തിലുള്ള യാത്രയ്ക്ക് 1050 ദിര്‍ഹം വാങ്ങുന്നു.

വിസിറ്റ് വിസയിലെത്തി യുഎഇയില്‍ തന്നെ തങ്ങുന്നവര്‍ നിരവധിയുണ്ട് എന്നാണ് അധികൃതര്‍ കരുതുന്നത്. ഇവര്‍ക്കെതിരായ നടപടിയുടെ ഭാഗമായിട്ടാണ് പഴയ രീതി പുനഃസ്ഥാപിച്ചത്. വിസ പുതുക്കണമെങ്കില്‍ രാജ്യത്തിന് പുറത്തുകടന്ന് തിരിച്ചുവരണം എന്ന നിബന്ധന നടപ്പായതോടെ വിസാ കാലാവധി കഴിഞ്ഞവര്‍ കൂട്ടത്തോടെ ഒമാനിലേക്ക് പോകുന്നുവെന്നാണ് മനസിലാകുന്നത്.

ഒമാനിലേക്ക് പോകുന്നതിന് വിസ ആവശ്യമാണ്. അവിടെ എത്തിയാല്‍ യുഎഇ വിസ ഒരു ദിവസം കൊണ്ടുതന്നെ സംഘടിപ്പിക്കുകയും തിരിച്ചുവരികയും ചെയ്യാം. വിസിറ്റ് വിസ പുതുക്കാതെ യുഎഇയില്‍ തുടരുന്നവരെ ഇതോടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, വിസ കഴിഞ്ഞ ചിലര്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ട്. എന്നാല്‍ യുഎഇയില്‍ നിന്നുകൊണ്ടുതന്നെ വിസ പുതുക്കാനുള്ള അവസരം ഇല്ലാതായത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയുമാണ്.












Click it and Unblock the Notifications